.

.

Tuesday, February 14, 2012

നിറഭേദങ്ങളുടെ പൂരക്കാഴ്ചയൊരുക്കി പുഷേ്‌പാത്സവം

കല്പറ്റ: നിറഭേദങ്ങളുടെ പൂരക്കാഴ്ചയൊരുക്കിയ വയനാട് പുഷേ്പാത്സവനഗരിയില്‍ ജനത്തിരക്കേറി. റോസ്, ഡാലിയ, ജമന്തി, ബോണ്‍സായ്, ബോഗന്‍വില്ല, ചെണ്ടുമല്ലി, മെലസ്റ്റോമ തുടങ്ങിയ പൂക്കള്‍ മുതല്‍ ഫലവൃക്ഷങ്ങള്‍, പച്ചക്കറിത്തൈകള്‍, വിത്തുകള്‍, കാര്‍ഷികോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, എക്‌സിബിഷനുകള്‍ തുടങ്ങിയവ കാഴ്ചക്കാരെ വിരുന്നൂട്ടുന്നു.

വയനാട് പുഷേ്പാത്സവത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് അഞ്ചേക്കറില്‍ മേള സംഘടിപ്പിക്കുന്നത്. 64 കിലോ തൂക്കമുള്ള ആറുമുഖന്‍ ചേന, 60 കിലോ തൂക്കമുള്ളതും ആനയുടെ കാല്പാദത്തിന്റെ ആകൃതിയിലുള്ളതുമായ ഭീമന്‍ ചേന, കാച്ചില്‍, വിവിധനിറങ്ങളിലും രൂപങ്ങളിലുമുള്ള പഴങ്ങള്‍, പൂക്കള്‍, ഫലം കൊണ്ടുണ്ടാക്കിയ വിവിധ ഉത്പന്നങ്ങള്‍, കുലച്ചുനില്ക്കുന്ന ഫലവൃക്ഷങ്ങള്‍, പൂച്ചെടികളുടെയും ഫലവൃക്ഷങ്ങളുടെയും പച്ചക്കറിച്ചെടികളുടെയും ഇവയുടെ വിത്തുകളുടെയും സമ്പന്നശേഖരം, പൂച്ചെടികള്‍ കൊണ്ട് തീര്‍ത്ത ഇന്ത്യയുടെ ഭൂപടം എന്നിവ പുഷ്പമേളയെ ആകര്‍ഷകമാക്കുന്നു.

പച്ചപ്പ് മാഞ്ഞുപോകുന്ന പ്രകൃതിയുടെ വേറിട്ട കാഴ്ചയൊരുക്കി, പുഷ്പനഗരിയില്‍ പുനഃസൃഷ്ടിച്ച ലക്കിടിയിലെ ചങ്ങലമരം വയനാടന്‍ സംസ്‌കൃതിയിലേക്ക് വഴി വെട്ടിത്തെളിച്ച കരിന്തണ്ടനെ ഓര്‍മപ്പെടുത്തുന്നു. വയനാടിന്റെ നേര്‍ക്കാഴ്ചയായ ജലം കെട്ടി നില്ക്കുന്ന കൃഷ്ണശില, കായല്‍പ്പരപ്പില്‍ ഓളമിടുന്ന പായക്കപ്പല്‍, കടവില്‍ തൂക്കിയിരിക്കുന്ന റാന്തല്‍ എന്നിവ ഗൃഹാതുരത്വമുണര്‍ത്തുന്ന കാഴ്ചകളാണ്.

വസ്ത്രങ്ങള്‍, സ്വദേശീയവും വിദേശീയവുമായ കാര്‍ഷികോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന ഫാന്റസി പാര്‍ക്ക്, കേരളത്തിന്റെയും തമിഴ്‌നാടിന്റെയും രുചിഭേദങ്ങള്‍ വിളമ്പുന്ന ഭക്ഷ്യസ്റ്റാളുകള്‍ എന്നിവയൊക്കെ കഴിഞ്ഞ മേളകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. എത്ര ജനത്തിരക്കുണ്ടെങ്കിലും സുഗമമമായി മേള വീക്ഷിക്കാന്‍ കഴിയുന്ന വിശാലമായ വഴിത്താരകള്‍ ഈ വര്‍ഷത്തെ പ്രത്യേകതയാണ്.

പുഷ്പനഗരിയില്‍ വ്യാഴാഴ്ച വൈകിട്ട് വയനാടന്‍ നാടന്‍ പാട്ടുസംഘത്തിന്റെ 'നന്തുണി' നാടന്‍ പാട്ടുത്സവവും തെയ്യവും അരങ്ങേറും.
14 Feb 2012 Mathrubhumi Wayanad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക