.

.

Sunday, February 5, 2012

ഇതാണെന്റെ കണ്ടല്‍ രാജ്യം രാജന്‍

ഈ പുഴയാണ് രാജന്റെ ലോകം. അഞ്ചാംക്ളാസില്‍ പഠനം നിര്‍ത്തുന്നത് തന്നെ എന്നും പുഴയില്‍ ജീവിക്കാന്‍ വേണ്ടിയായിരുന്നു. പക്ഷേ പുഴയിലെ മല്‍സ്യസമ്പത്ത് കൊള്ളയടിച്ച് ജീവിക്കുകയായിരുന്നില്ല രാജന്‍. പുഴയോരങ്ങളില്‍ കണ്ടല്‍ചെടികള്‍ വളര്‍ത്തുകയെന്നത് ഇദ്ദേഹത്തിന്റെ ജീവിതചര്യകളിലൊന്നാണ്. താന്‍ വേരൂന്നിയ ചെടികള്‍ ഇന്ന് വലിയൊരു മല്‍സ്യസമ്പത്തിന്റെ കേന്ദ്രമാണെന്ന് രാജന്‍ തിരിച്ചറിയുന്നു.

പഴയങ്ങാടി താവം പാറയില്‍ രാജന്‍ ചെറുപ്പം മുതലേ കളിച്ചുവളര്‍ന്നത് പുഴയിലായിരുന്നു. മല്‍സ്യത്തൊഴിലാളിയായ അച്ഛന്‍ കൂവപ്പറവന്‍ അമ്പുവിനൊപ്പം രാജനും ചെറുപ്രായത്തില്‍ തന്നെ തോണിയില്‍ കയറിപ്പോകും. പുഴയെ അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടപ്പോള്‍ പഠിത്തം ഉഴപ്പി. അഞ്ചാംക്ളാസില്‍ പഠനം നിര്‍ത്തി. പിന്നീട് പഴയങ്ങാടി പുഴയായി രാജന്റെ വിദ്യാലയം. പുസ്തകത്തില്‍ നിന്നു പഠിച്ചെടുക്കാന്‍ സാധിക്കാത്ത അനവധി പാഠങ്ങളാണ് ഇവിടെ നിന്ന് സ്വയം മനസ്സിലാക്കിയെടുത്തത്. അതിലൊന്ന് കണ്ടല്‍പാഠമായിരുന്നു. പുഴയില്‍ കണ്ടല്‍ക്കാടുകള്‍ ധാരാളമുണ്ടായാല്‍ മല്‍സ്യസമ്പത്ത് വര്‍ധിക്കുമെന്ന് നിത്യേനയുള്ള യാത്രയില്‍ നിന്നാണ് അറിഞ്ഞത്. കാരണം കണ്ടല്‍ചെടികള്‍ക്കരികില്‍ ചൂണ്ടയിടുകയോ വലയെറിയുകയോ ചെയ്താല്‍ വലിയ മീനുകള്‍ കിട്ടും. എങ്കില്‍ പിന്നെ എല്ലായിടത്തും കണ്ടല്‍നട്ടാല്‍ നല്ലതല്ലേ എന്നായി ചിന്ത.

എന്നും തോണിയുമായി പോകുമ്പോള്‍ വഴിയില്‍ വച്ച് കുറേ കണ്ടല്‍തൈകള്‍ പറിച്ചെടുക്കും. അങ്ങനെ നട്ട ആയിരക്കണക്കിനു മരങ്ങളാണ് ഈ പുഴയ്ക്കരികിലുള്ളത്. ഏഴോം, താവം, മാട്ടൂല്‍, പള്ളിക്കര എന്നിവിടങ്ങളിലാണ് രാജന്‍ നട്ട കണ്ടലുകള്‍ കൂടുതലുള്ളത്. സ്വന്തമായുള്ള രണ്ട് ഏക്കര്‍ സ്ഥലത്തും കണ്ടല്‍ തന്നെയാണ് വളര്‍ത്തിയത്. വേണമെങ്കില്‍ അവിടെ തെങ്ങോ വിളവുതരുന്ന മറ്റു മരങ്ങളോ നടാമായിരുന്നു. പക്ഷേ രാജന്റെ മനസ്സില്‍ ചെടിയുടെ രൂപത്തില്‍ എന്നും കണ്ടല്‍ മാത്രമേയുള്ളൂ.

ഉപ്പുവെള്ളവും ചെളിയും നിറഞ്ഞ സ്ഥലത്ത് കണ്ടല്‍ നന്നായി വളരും. വിത്ത് വീണാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പറിച്ചുനടാന്‍ പ്രായമാകും. അവ പറിച്ചെടുത്താണ് രാജന്‍ മറ്റിടങ്ങളില്‍ നടുന്നത്. ഇരുപതോളം ഇനം കണ്ടലുകള്‍ ഈ പ്രദേശങ്ങളിലുണ്ട്. ചക്കരക്കണ്ടല്‍, നക്ഷത്രകണ്ടല്‍, ഉപ്പൂറ്റി എന്നിവയാണ് കൂടുതലുള്ളത്.

ജോലി കഴിഞ്ഞെത്തിയാലും കണ്ടല്‍ നടല്‍ തന്നെയാണ് ജോലി. ഇപ്പോള്‍ പുഴയില്‍ തന്നെ കണ്ടലിന്റെ നഴ്സറിയുണ്ടാക്കിയിരിക്കുകയാണ് രാജന്‍. അതില്‍ നിന്നാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുക. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, ക്ളബ്് പ്രവര്‍ത്തകര്‍ എന്നിവര്‍ കണ്ടല്‍തേടി മിക്ക ദിവസവും എത്തും. അവര്‍ക്കെല്ലാം നല്‍കാന്‍ ഇപ്പോഴും നഴ്സറിയില്‍ ആയിരത്തിലധികം തൈകളുണ്ട്.

കടലില്‍ നിന്ന് മുട്ടയിടാന്‍ എത്തുന്ന വലിയ മീനുകളുടെയും ഞണ്ടിന്റെയും ഇഷ്ടകേന്ദ്രമാണ് കണ്ടല്‍ക്കാടുകള്‍. ഒരുതവണ അവയെത്തിയാല്‍ പിന്നെ പോകില്ല. കാരണം അത്രയ്ക്കു സുരക്ഷിതത്വമാണ് ഈ ചെടികള്‍ മീനുകള്‍ക്കു നല്‍കുന്നത്. മാലാന്‍, ഇരുമീന്‍, ചെമ്പല്ലി, കട്ല എന്നിവയാണ് കൂടുതല്‍ ഉണ്ടാകുക. ചെറിയൊരു അനക്കമുണ്ടായാല്‍ ഓടിയൊളിക്കുന്ന മീനാണ് മാലാന്‍.

കണ്ടല്‍ക്കാടിനുള്ളിലൊളിച്ചാല്‍ അത്രപെട്ടന്നൊന്നും ആര്‍ക്കും ഇവയെ പിടിക്കാനും സാധിക്കില്ല. കണ്ടലിന്റെ വേരിലുള്ള പൂപ്പലാണ് മീനുകളുടെ ഇഷ്ടഭക്ഷണം. വേലിയേറ്റത്തിലാണ് ഈ മീനുകള്‍ കൂട്ടത്തോടെ പൂപ്പല്‍ തിന്നാന്‍ വരിക. അതിനാല്‍ ഈ സമയത്ത് മല്‍സ്യത്തൊഴിലാളികള്‍ക്ക് കുറഞ്ഞത് ആയിരം രൂപയ്ക്കെങ്കിലും മല്‍സ്യം കിട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

കരിമീന്‍ മുട്ടയിട്ടാലും പരിസരം വിട്ടുപോകില്ല. കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുമ്പോള്‍ അമ്മ അവയെയും കൊണ്ട് കടലിലേക്കു മടങ്ങും. അല്ലെങ്കില്‍ കണ്ടലുകള്‍ക്കിടയില്‍ തന്നെ കഴിയും.

കടലില്‍ നിന്നെത്തുന്ന മുട്ടയിടാന്‍ പാകമായ ഞണ്ടുകള്‍ കണ്ടലിനു ചുവട്ടിലെ ചെളിയില്‍ പതിയും. ഇങ്ങനെയുള്ള ഞണ്ടിനെ വാട്ടര്‍ എന്നാണു വിളിക്കുക. ഒരാഴ്ചയാകുമ്പോള്‍ അവ നന്നായി ഭക്ഷണം കഴിച്ച് തടിച്ചു കൊഴുക്കും.

അഞ്ഞൂറു രൂപ വരെ ഇത്തരം ഞണ്ടിനു വില വരും. മഡ് എന്നാണ് ഈ ഞണ്ടിനെ മല്‍സ്യത്തൊഴിലാളികള്‍ വിളിക്കുക. മുട്ടയിടാന്‍ എത്തിയാല്‍ ഈ ഞണ്ടുകള്‍ പിന്നീട് കടലിലേക്കു പോകില്ല. ഇവയാണ് പുഴ ഞണ്ടുകളായി മാറുന്നത്. ഞണ്ടുകളുടെ ഫാമുകള്‍ തന്നെ ഇവിടെ പലയിടത്തുമുണ്ട്.

ധാരാളം പക്ഷികള്‍ ചേക്കേറുന്ന സ്ഥലം കൂടിയാണ് കണ്ടല്‍ക്കാട്. വവ്വാല്‍, രാക്കൊച്ച് എന്നീ പക്ഷികള്‍ ധാരാളം ഇവിടെയുണ്ടാകും. മുന്‍പ് ദേശാടന പക്ഷികള്‍ ധാരാളമെത്താറുണ്ടെങ്കിലും സമീപപ്രദേശങ്ങളില്‍ ചെമ്മീന്‍ വളര്‍ത്തല്‍ വര്‍ധിച്ചതോടെ പക്ഷികള്‍ വരാതെയായി. ലക്ഷക്കണക്കിനു രൂപ ചെലവിട്ടു നടത്തുന്ന ചെമ്മീന്‍കെട്ടില്‍ നിന്ന് പക്ഷികള്‍ ചെമ്മീന്‍ കൊത്തിത്തിന്നും. വെടിപൊടിച്ചാല്‍ മാത്രമേ ഇവ ഓടുകയുള്ളൂ. ഒരു തവണ വെടിപൊട്ടിയാല്‍ പക്ഷികള്‍ പിന്നെ രണ്ടുവര്‍ഷത്തേക്ക് ആ പ്രദേശത്തേക്ക് വരില്ല. ഈ വര്‍ഷം പക്ഷികളുടെ വരവ് കുറവാണെന്നാണ് രാജന്‍ പറയുന്നത്. ചക്കരക്കണ്ടലിന്റെ കായയാണ് വവ്വാലുകളുടെ ഇഷ്ടഭക്ഷണം. അതിനാലാണ് വവ്വാലുകള്‍ കൂട്ടത്തോടെ ഇവിടെ കൂടുകൂട്ടുന്നത്. പകല്‍ ആരുടെയും ശല്യവും ഉണ്ടാകില്ല.

ഇറച്ചിക്കടകളിലെ മാലിന്യം ചാക്കില്‍കെട്ടി പുഴയില്‍ തള്ളുന്നതാണ് കണ്ടലുകളുടെ അന്തകനാകുന്നത്.

ചാക്കില്‍ പുഴു നിറയും ഇവ പതുക്കെ ചെടിയിലേക്കു കയറും. ഒരാഴ്ചയ്ക്കകം ആ ചെടി ഉണങ്ങിപോകും. അടുത്തിടെ ഇങ്ങനെ നിരവധി ചെടികള്‍ നശിച്ചതായി രാജന്‍ പറയുന്നു.

മല്‍സ്യം പിടിക്കാനെത്തുന്ന ചിലര്‍ കണ്ടല്‍ ചെടികള്‍ ചവിട്ടിയൊടിക്കുകയും ചെയ്യും. കണ്ടല്‍ ചെടി നടുന്നതുപോലെ തന്നെ അവ സംരക്ഷിക്കാനും കൂടുതല്‍ സമയം മാറ്റിവയ്ക്കേണ്ട അവസ്ഥയിലാണെന്ന് രാജന്‍ പറഞ്ഞു. അടുത്തിടെ വീടിനടുത്ത് കുറേ സ്ഥലത്ത് സ്വകാര്യ വ്യക്തി കണ്ടല്‍ വെട്ടിനശിപ്പിച്ചു. ഉടന്‍ തന്നെ വനംവകുപ്പില്‍ വിവരമറിയിച്ചു. അവര്‍ വന്ന് ചെടികള്‍ വെട്ടുന്നത് തടയുകയും ചെയ്തു. ചെമ്മീന്‍വളര്‍ത്താന്‍ വേണ്ടി പലയിടത്തും കണ്ടല്‍ചെടികള്‍ വ്യാപകമായി നശിപ്പിക്കുകയാണെന്ന് രാജന്‍ ചൂണ്ടിക്കാണിക്കുന്നു.

പുഴയിലൂടെ ഒലിച്ചെത്തുന്ന പ്ളാസ്റ്റിക് ആണ് മറ്റൊരു ദുരന്തം. ഇവ ചെടികളില്‍ തട്ടി നിന്ന് ചളിയില്‍ പതിയും. അതോടെ കണ്ടലുകളുടെ വേര് വളരാതെയാകും. ശുദ്ധവായു കിട്ടാന്‍ ചില കണ്ടലുകളുടെ വേര് മണ്ണില്‍ നിന്ന് ഉയര്‍ന്നുവരും. എന്നാല്‍ മണ്ണില്‍ പതിയുന്ന പ്ളാസ്റ്റിക് കുപ്പികള്‍ ഈ വേരിനെ നശിപ്പിക്കുകയാണ്.

വനംവകുപ്പില്‍ ഇതേക്കുറിച്ച് വിവരം നല്‍കിയിരുന്നെങ്കിലും കുപ്പി വാരിയെടുക്കാന്‍ പണമില്ല എന്ന മറുപടിയാണ് ലഭിച്ചത്.

ഇപ്പോള്‍ എളമ്പക്ക (കക്ക)യുടെ സീസണാണ്.

ഇനി ഏപ്രില്‍ വരെ എളമ്പക്ക വാരലാണ് രാജന്റെ ജോലി. അഞ്ഞൂറ് രൂപയുടെ എളമ്പക്ക എന്നും വാരിയെടുക്കും. ഈ സമയത്ത് മീന്‍പിടിക്കാന്‍ പോകില്ല. വിഷുവിനോടടുത്താണ് എളമ്പക്ക കൂടുതല്‍ ഉണ്ടാകുക.

കണ്ടലിന്റെ ഔഷധഗുണത്തെക്കുറിച്ചാണ് രാജന്‍ ഇപ്പോള്‍ പഠിക്കുന്നത്. പല കായ്കളും നിരവധി അസുഖങ്ങള്‍ക്ക് ഉപയോഗിക്കാമെന്നു കണ്ടെത്തിയിട്ടുണ്ട്. ഏതെങ്കിലും ഡോക്ടര്‍മാരോ കമ്പനികളോ ഇക്കാര്യത്തില്‍ സഹായിക്കാന്‍ എത്തിയാല്‍ ഈ മരുന്ന് എല്ലാവര്‍ക്കും ലഭ്യമാക്കാമെന്നാണ് രാജന്‍ പറയുന്നത്.
Manoramaonline >> Environment >> Green Heroes(ടി. അജീഷ്)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക