.

.

Monday, February 27, 2012

ശാപമോക്ഷം കാത്ത് ശാസ്താംകുളം

പൂവാര്‍: ജനങ്ങള്‍ക്ക് ഉപയോഗമില്ലാതെ ശാസ്താംകുളം നശിക്കുന്നു. പായലും പാഴ്പുല്ലും നിറഞ്ഞ കുളം ക്ഷുദ്രജീവികളുടെ ആവാസകേന്ദ്രമാണ്. കൂടാതെ ചെളിയും മാലിന്യവും നിറഞ്ഞ് പ്രദേശത്താകെ ദുര്‍ഗന്ധവും പരത്തുന്നു.

പൂവാര്‍ പഞ്ചായത്തിലെ ഏറ്റവും വലിയ കുളമാണ് ശാസ്താംകുളം. പഞ്ചായത്തിലെ കോയിക്കവിളാകത്താണ് ഇത് സ്ഥിതിചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കാഞ്ഞിരംകുളം മുതലുള്ള ജനങ്ങള്‍ ഈ കുളത്തെ ആശ്രയിച്ചിരുന്നു. വേനല്‍ക്കാലങ്ങളില്‍ വിവിധ പ്രദേശങ്ങളിലെ ജനങ്ങള്‍ കുളിക്കാനും വസ്ത്രം കഴുകാനും ഇവിടെ എത്തിയിരുന്നു. എന്നാല്‍ കുളം മാലിന്യം നിറഞ്ഞതോടെ പ്രദേശവാസികള്‍ പോലും കുളത്തിലിറങ്ങാന്‍ മടിക്കുകയാണ്.

നേരത്തെ വളര്‍ത്തുമൃഗങ്ങളെ കഴുകാന്‍ നാട്ടുകാര്‍ ഈ കുളം ഉപയോഗിച്ചിരുന്നു. എന്നാല്‍ വെള്ളത്തിലിറങ്ങുന്നവര്‍ക്ക് പകര്‍ച്ചവ്യാധികളുള്‍പ്പെടെ പിടിപെടുന്നതിനാല്‍ ജനങ്ങള്‍ കുളത്തെ ഉപേക്ഷിച്ച നിലയിലാണ്.

കുളം നവീകരിക്കാന്‍ പഞ്ചായത്ത് ലക്ഷക്കണക്കിന് രൂപയാണ് ഉപയോഗിക്കുന്നത്. ഒരു വര്‍ഷത്തിനു മുമ്പ് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കുളം വൃത്തിയാക്കിയിരുന്നു. ഇതിന് അഞ്ചുലക്ഷത്തിലധികം രൂപയും ചെലവഴിച്ചു. എന്നാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. അതിനാല്‍ ഒരു മാസം കഴിഞ്ഞപ്പോള്‍ത്തന്നെ കുളം ഉപയോഗശൂന്യമായ നിലയിലായി.

വര്‍ഷങ്ങള്‍ക്കു മുമ്പ് കോയിക്കവിളാകം ഭദ്രകാളീക്ഷേത്രത്തിലെ ആറാട്ടിനും ഈ കുളത്തെ ആശ്രയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മാലിന്യം നിറഞ്ഞ കുളം പ്രദേശവാസികള്‍ക്കാകെ ശാപമായി മാറിയിട്ടുണ്ട്. മാലിന്യം നിറഞ്ഞ കുളം ജനങ്ങള്‍ ഉപേക്ഷിച്ചതോടെ ഇവിടത്തെ അനുബന്ധ തോടുകളും മണ്ണിട്ടുമൂടി പലരും സ്വന്തമാക്കുകയാണ്.
27 Feb 2012 Mathrubhumi Thiruvananthapuram News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക