.

.

Tuesday, February 7, 2012

പുത്തനറിവുകളുടെ ഗുഹാമുഖം തുറന്ന് എടക്കല്‍

കോട്ടയ്ക്കല്‍: പാറച്ചിത്രങ്ങള്‍ക്ക് പ്രസിദ്ധമായ വയനാട്ടിലെ എടക്കല്‍ ഗുഹയില്‍ അറിയപ്പെടാതെ കിടന്ന ലിഖിതം കണ്ടെത്തി. എടക്കല്‍ ചിത്രങ്ങളുടെയും ലിഖിതങ്ങളുടെയും കൃത്യമായ കാലം കണ്ടെത്താന്‍ ഇത് സഹായകമാവുമെന്ന് കരുതുന്നു. ബ്രാഹ്മിലിപിയിലുള്ള ലിഖിതം കണ്ടെത്തി വായിച്ചത്. ചരിത്ര പണ്ഡിതന്‍ ഡോ. എം.ആര്‍. രാഘവവാരിയരാണ്.

ദ്രാവിഡ ബ്രാഹ്മി ലിപിയിലുള്ള ഈ എഴുത്ത് 'ശ്രീ വഴുമി' എന്ന് വായിക്കാം. 'വഴുമി' എന്നത് ബ്രഹ്മാവിന്റെ തമിഴ് രൂപമാണെന്ന് കരുതുന്നു. 'ഴ' കാരം എഴുതാന്‍ തമിഴ് ബ്രാഹ്മി ലിപിയും മറ്റുള്ളവയ്ക്ക് വടക്കന്‍ ബ്രാഹ്മിലിപിയുമാണ് ഉപയോഗിച്ചിട്ടുള്ളത്.

വലിയ ലിംഗമുള്ള ആള്‍ രൂപത്തോട് ചേര്‍ന്നാണ് ഈ ലിഖിതം എന്നത് ശ്രദ്ധേയമാണ്. ഇതുവരെ എടക്കലില്‍ കണ്ടെത്തിയ ചിത്രങ്ങള്‍ക്കൊന്നും ഇത്തരത്തില്‍ പേര് നല്‍കുന്ന രീതി കണ്ടെത്തിയിട്ടില്ല. ചിത്രം സ്വഭാവം കൊണ്ട് ഒരു സൃഷ്ടി ദൈവമാണെന്ന് കരുതുന്നു. അതുകൊണ്ടാണ് 'ശ്രീ വഴുമി' എന്നത് ബ്രഹ്മാവിന്റെ പേരാകാമെന്ന് ചരിത്രകാരന്‍മാര്‍ നിഗമനത്തിലെത്തുന്നത്. ഒരു ഉര്‍വ്വര ബിംബമായാണ് അവര്‍ ഇതിനെ കാണുന്നത്.

എടക്കല്‍ ചിത്രങ്ങളെ ബ്രാഹ്മിലിപിയുമായി ചേര്‍ക്കാനുള്ള മികച്ച തെളിവാണ് ഈ ലിഖിതം വഴി കൈവന്നിട്ടുള്ളത്. ഇത് ശരിയെങ്കില്‍ തമിഴ് സംഘകാലവുമായി ഈ ചിത്രങ്ങള്‍ക്കും ലിഖിതങ്ങള്‍ക്കും എന്തോ ബന്ധമുണ്ടെന്ന് സങ്കല്‍പിക്കാനാവും.

മാത്രമല്ല, പ്രാചീനകാലത്ത് ബൗദ്ധവിഹാരങ്ങളില്‍ ജാതക കഥാചിത്രങ്ങള്‍ കൊത്തി വെക്കുമ്പോള്‍ അടിയില്‍ കഥയുടെ പേരുകൂടി കൊത്തി വെക്കുന്ന പതിവുണ്ടായിരുന്നു. ഇവിടെയും അതുപോലൊരു പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് കാണുന്നത്. ക്രിസ്തുവര്‍ഷം 3,4 നൂറ്റാണ്ടുകളിലെ ലിപി സമ്പ്രദായമാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളതെന്ന് ഡോ. എം.ആര്‍. രാഘവവാരിയര്‍ നിരീക്ഷിക്കുന്നു. ആരാധനയ്കും അനുഷ്ഠാനങ്ങള്‍ക്കുമായി പ്രാചീന മനുഷ്യര്‍ എത്തിച്ചേരാറുള്ള ഇടമായിരുന്നു എടക്കല്‍ ഗുഹ എന്നും ന്യായമായി ഊഹിക്കാം. പാറകളില്‍ രാജാക്കന്‍മാരുടെയും സാധാരണക്കാരുടെയും പേരുകള്‍ ഒരുപോലെ കാണുന്നതിന് അതാവാം കാരണം.
07 Feb 2012 Mathrubhumi News(വിമല്‍ കോട്ടയ്ക്കല്‍)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക