.

.

Saturday, February 25, 2012

വരൂ... പാലാഴിയിലേക്ക്

കൂറ്റന്‍ പാറക്കെട്ടുകള്‍... അതിലൂടെ ഒഴുകിയിറങ്ങുന്ന കൊച്ചരുവി... ചിലയിടങ്ങളില്‍ വലുതും ചിലയിടങ്ങളില്‍ ചെറുതുമായ വെള്ളച്ചാട്ടങ്ങള്‍..ഇടയ്ക്ക് പ്രകൃതി തന്നെ പാറയില്‍ ഒരുക്കിയ ചെറു തടാകങ്ങള്‍... കിളികളുടെ കളകളാരവവും വന്യമൃഗങ്ങളുടെ പേടിപ്പെടുത്തുന്ന സാമീപ്യവും. ഇതാണ് നാട്ടുകാര്‍ വെള്ളൊലിപ്പാറയെന്നും പാലാഴിയെന്നും വിളിക്കുന്ന പ്രദേശം. സാഹസിക സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട കേന്ദ്രമാകാന്‍ പാലാഴി കൊതിക്കാന്‍ തുടങ്ങിയിട്ടു നാളേറെയായി.

മേപ്പാടി ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൈയില്‍ നിന്നു മീറ്ററുകള്‍ മാത്രം അകലെയാണ് പാലാഴി. വയനാട്ടുകാര്‍ക്കു പോലും അറിയാതെ പ്രകൃതി അതിന്റെ മടിത്തട്ടില്‍ ഒളിപ്പിച്ചു വച്ച ദൃശ്യഭംഗി. യുവാക്കളും ചുരുക്കം ചില നാട്ടുകാരും മാത്രമെ പാലാഴിയുടെ ഭംഗി ആസ്വദിച്ചിട്ടുള്ളു എന്നതാണ് സത്യം.

വയനാട് മലപ്പുറം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ചെമ്പ്ര മലനിരകളുടെ ഒരു ഭാഗത്തുനിന്നുമാണ് പാലാഴി ഉത്ഭവിക്കുന്നത്. ഉത്ഭവ സ്ഥാനത്തുനിന്നും ഒഴുകി താഴേയ്ക്കു പതിക്കുമ്പോഴേയ്ക്കും പാലാഴി സൃഷ്ടിക്കുന്നത് ചെറുതും വലുതുമായ 13 വെള്ളച്ചാട്ടങ്ങള്‍. കൂടാതെ, പാറകളില്‍ പല ആകൃതിയില്‍ ചെറു തടാകങ്ങളും. കണ്ണീരുപോലെ ശുദ്ധമായ ജലവും.

പാറക്കെട്ടുകള്‍ വഴിയുള്ള സഞ്ചാരം അതീവ സാഹസികമാണ്. കുറുകെ വീണുകിടക്കുന്ന വന്‍ മരങ്ങള്‍ യാത്രയ്ക്കു ഏറെ ഹരം പകരുന്നു. പാറക്കെട്ടുകള്‍ കയറിയെത്തിയാല്‍ ആദ്യത്തെ വെള്ളച്ചാട്ടമായി. ചെങ്കുത്തായ പാറയിലുടെ അള്ളിപിടിച്ചു കയറിയാല്‍ ആദ്യത്തെ വെള്ളച്ചാട്ടത്തിനു മുകളിലെത്താം. ഇവിടെ രണ്ടു ചെറു തടാകങ്ങള്‍. തുടര്‍ന്നു മുകളിലേക്കു കയറുംതോറും ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും. ഒന്നാമത്തെ വെള്ളച്ചാട്ടത്തിന്റെ മുകളിലുള്ള ചെറു തടാകത്തില്‍ നിന്നു പൈപ്പിട്ട് പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ കുടിവെള്ളം ശേഖരിക്കുന്നുണ്ട്.

കാട്ടാനകളുടെ വിഹാര കേന്ദ്രം കുടിയാണ് പ്രദേശമെന്നത് സാഹസിക സഞ്ചാരികളെ ഏറെ ആകര്‍ഷിക്കും. വിനോദ സഞ്ചാര വകുപ്പിന്റെ ഭൂപടത്തില്‍ ഇനിയും പാലാഴി ഇടം നേടിയിട്ടില്ല. മഴക്കാലത്തും മഴ കഴിഞ്ഞുള്ള മൂന്നുമാസങ്ങളും മാത്രമാണ് കാര്യമായി വെള്ളമുണ്ടാകുക. വെള്ളമില്ലെങ്കിലും പാലാഴിയുടെ സൌന്ദര്യത്തിനു ഒട്ടും കുറവില്ല.

വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ നിന്നു കുറച്ചു കിലോമീറ്റര്‍ മാത്രമാണ് പാലാഴിയിലേക്കുള്ളത്. കൂടാതെ, പച്ച പരവതാനി വിരിച്ചു കിടക്കുന്ന തേയിലത്തോട്ടവും വനവും മഞ്ഞും തണുപ്പും കലര്‍ന്ന പ്രദേശത്തിന്റെ പ്രത്യേക കാലാവസ്ഥയും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കും.
Manoramaonline >> Environment >> Travel(മനേഷ് മൂര്‍ത്തി)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക