.

.

Sunday, February 26, 2012

ഭൂമി മരണാസന്നം; പ്രതി നമ്മള്‍

നമ്മളെ കാത്തിരിക്കുന്നതു ദുരന്തത്തിന്റെ നാളുകളാണ്. ഭൂമിക്കു പൊള്ളുന്ന പനി പിടിച്ചിരിക്കുന്നു. ഇങ്ങനെ പോയാല്‍ ഭൂമിയുടെ കാര്യം പോക്കുതന്നെ. പിന്നെ നമ്മുടെ കാര്യം പറയാനുണ്ടോ. പേടിപ്പിക്കുന്നതാണ് ആ ചിന്തകള്‍ പോലും.പരിസ്ഥിതി ദുരന്തങ്ങള്‍ നമ്മുടെ ഭൂമിയെ കുഴപ്പത്തിലാക്കുന്നുവെന്നതിന് ഇത്ര നാളും ആരും വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. ഇപ്പോഴിതാ ദുരന്തം പടിവാതില്‍ക്കലാണെന്നറിയുമ്പോള്‍ ലോകം ഉണര്‍ന്നുതുടങ്ങി.

ഭൂമിക്കു പനി കൂടിക്കൊണ്ടേയിരിക്കുന്നു. സൂര്യന്റെ അഗ്നിവര്‍ഷത്തില്‍ സര്‍വം കത്തിച്ചാമ്പലാവുന്ന കാലമാണു നമ്മെ കാത്തിരിക്കുന്നത്. ദിനംപ്രതി അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഒാക്സൈഡ്, മീഥേന്‍, നൈട്രസ് ഒാക്സൈഡ്, ക്ളോറോ ഫ്ലൂറോ കാര്‍ബണുകള്‍, നീരാവി തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ തോതു കൂടിക്കൊണ്ടേയിരിക്കുന്നു.ഇവ ഒരു പുതപ്പുപോലെ പ്രവര്‍ത്തിച്ച് സൂര്യപ്രകാശത്തിലുള്ള ഇന്‍ഫ്രാറെഡ് കിരണങ്ങളെ പുറത്തേക്കു വിടാതെ തടഞ്ഞുനിര്‍ത്തും. ഹരിതഗൃഹ പ്രഭാവം എന്ന ഇൌ പ്രതിഭാസം ഭൂമിയുടെ താപനില ഉയര്‍ത്തും. അങ്ങനെ ചൂടുകൂടുന്നതാണ് ആഗോള താപനം.

കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ജ്വലനവും വിവേചനരഹിതമായ വ്യവസായ പ്രവര്‍ത്തനങ്ങളും കാരണം അന്തരീക്ഷത്തിലെത്തിച്ചേരുന്ന ഗ്രീന്‍ ഹൌസ് വാതകങ്ങളുടെ അളവു വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. നമ്മുടെ രക്ഷാകവചമായ ഒാസോണ്‍ പാളിയുടെ നാശവും വനനാശവുമൊക്കെ ആഗോളതാപനത്തിന് ആക്കം കൂട്ടുന്നു.
അന്റാര്‍ട്ടിക്കിലെ ഐസ് പാളികള്‍ പറയുന്നതും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ തന്നെ. കഴിഞ്ഞ എട്ടു ലക്ഷം വര്‍ഷങ്ങളില്‍ അന്തരീക്ഷത്തില്‍ ഏറ്റവും കൂടിയ തോതില്‍ കാര്‍ബണ്‍ ഡൈ ഒാക്സൈഡ് ഉള്ളത് ഇപ്പോഴാണ്.ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഒാണ്‍ ക്ളൈമറ്റ് ചെയ്ഞ്ച് (ഐപിസിസി) നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് ഇൌ നൂറ്റാണ്ടില്‍ ഭൂമിയുടെ ഉപരിതല താപം 1.4 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5.8 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. കഴിഞ്ഞ 150 വര്‍ഷങ്ങളെടുത്താല്‍ ഏറ്റവും ചൂട് കൂടിയ 11 വര്‍ഷങ്ങളും 1995നു ശേഷമായിരുന്നു.

ബ്രിട്ടനിലെ ഹാഡ്ലി സെന്റര്‍ ഇൌയിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ചു രേഖപ്പെടുത്തിയതില്‍വച്ച് ഏറ്റവും ചൂട് കൂടിയ വര്‍ഷം 2007 ആണ്. പസഫിക് സമുദ്ര മേഖലയില്‍ എല്‍നിനോ എന്ന കാലാവസ്ഥാ പ്രതിഭാസം ശക്തിപ്രാപിച്ചതാണു കാരണം.

മഞ്ഞില്‍നിന്ന് മരുഭൂമിയിലേക്ക്...
മഞ്ഞുമൂടിക്കിടക്കുന്ന ധ്രുവപ്രദേശങ്ങളില്‍ മഞ്ഞില്ലാതാവുന്ന കാലം അകലെയല്ല. ആര്‍ട്ടിക്കിലെ ഐസ് ഒാരോ പത്തു വര്‍ഷത്തിലും എട്ടു ശതമാനം വീതമാണു കുറയുന്നത്. ഇങ്ങനെ പോയാല്‍ 2060 ആകുമ്പോഴേക്കും ആര്‍ട്ടിക്കില്‍ മഞ്ഞില്ലാതാവും. അന്റാര്‍ട്ടിക്കിലാണെങ്കില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഉരുകിത്തീര്‍ന്നത് 13,000 സ്ക്വയര്‍ കിലോമീറ്റര്‍ സമുദ്ര ഐസാണ്. ആര്‍ട്ടിക് ധ്രുവത്തില്‍ ഏകദേശം 125 വന്‍ തടാകങ്ങളും അപ്രത്യക്ഷമായി.

മലകളില്‍ മഞ്ഞുരുകുന്നു
ഇൌയിടെ പുറത്തുവന്ന യുഎന്‍ പരിസ്ഥിതി റിപ്പോര്‍ട്ട് അനുസരിച്ച് 2035ന് അകം ഹിമാലയത്തിലെ മഞ്ഞ് മുഴുവന്‍ ഉരുകിത്തീരും. ആഫ്രിക്കയില്‍ കിളിമഞ്ചാരോ പര്‍വതത്തിന്റെ മഞ്ഞുമേലാപ്പ് ഉരുകി നീങ്ങിത്തുടങ്ങി. 20 വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ണമായും ഉരുകിത്തീരും. എവറസ്റ്റിലെ മഞ്ഞും അതിവേഗം ഉരുകുന്നുവെന്നു ചൈനീസ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2002ല്‍ ചൈനീസ് ശാസ്ത്ര പര്യവേക്ഷണ സംഘം 5,600 മീറ്റര്‍ ഉയരത്തില്‍ കണ്ടെത്തിയ ഒരു മഞ്ഞു ശിഖരം 2005ല്‍ അപ്രത്യക്ഷമായി. ടിബറ്റന്‍ പീഠഭൂമിയിലെ ഹിമാനികളും ആല്‍പൈന്‍ ഹിമാനികളുമൊക്കെ അതിവേഗമാണു ചുരുങ്ങിക്കൊണ്ടിരിക്കുന്നത്.

കടലും കലിതുള്ളുന്നു
ഭൂമിയുടെ പ്രകൃതിദത്ത താപനിയന്ത്രണ സംവിധാനമായ മഞ്ഞുപാളികള്‍ ഉരുകിത്തീര്‍ന്നാല്‍ ആഗോള കാലാവസ്ഥ തന്നെ തകിടംമറിയും. സമുദ്ര ജലവിതാനമുയരുകയും പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാവുകയും ചെയ്യും. ഐപിസിസി റിപ്പോര്‍ട്ട് അനുസരിച്ച് 2100ല്‍ ആഗോള സമുദ്ര വിതാനം 77 സെന്റിമീറ്റര്‍ വരെ ഉയരാം. സമുദ്രജലത്തില്‍ ലയിച്ചുചേരുന്ന കാര്‍ബണ്‍ ഡൈ ഒാക്സൈഡിന്റെ അളവു കൂടിയതോടെ സമുദ്രജലം അമ്ളമയമായിത്തുടങ്ങിയിരിക്കുന്നു. കടലിന്റെ ഉദ്യാനമായ പവിഴപ്പുറ്റുകളുടെയും മത്സ്യസമ്പത്ത് അടക്കമുള്ള ജൈവസമ്പത്തിന്റെയും നാശമാവും ഫലം.
Manoramaonline >> Environment >> Global Warming

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക