.

.

Sunday, February 19, 2012

സൂര്യവെളിച്ചം മതി; കുമാറിന്റെ സൈക്കിള്‍ പറപറക്കും

ബാംഗ്ലൂര്‍: ചവിട്ടി വിയര്‍ക്കണ്ട, സൂര്യവെളിച്ചം മതി. കുമാറിന്റെ സൈക്കിള്‍ പറപറക്കും. സാധാരണ സൈക്കിള്‍ സൗരോര്‍ജ വാഹനമാക്കി മാറ്റിയിരിക്കുകയാണ് കോഴിക്കോട് എന്‍.ഐ.ടിയില്‍ പഠിച്ച എസ്.എല്‍. കുമാര്‍.രണ്ട് സൗരോര്‍ജപാനലുകളുള്ള സൈക്കിളില്‍ കയറിയാല്‍ ബൈക്കില്‍പോകുന്നതുപോലെ സുഖമായി യാത്രചെയ്യാം. ഇടയ്ക്ക് വേണമെങ്കില്‍ ചവിട്ടിയും ഓടിക്കാം. ഇന്ത്യയിലെ ആദ്യ സൗരോര്‍ജ സൈക്കിളാണ് ഇതെന്ന് കുമാര്‍ പറയുന്നു. കഴിഞ്ഞദിവസം ബാംഗ്ലരില്‍ 'റിന്യൂവബിള്‍ ഏഷ്യ-2012' പ്രദര്‍ശനത്തില്‍ ഇത് വിപണിയിലിറക്കി.

സാധാരണ സൈക്കിളിന് ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് സൗരോര്‍ജസൈക്കിള്‍ ഉണ്ടാക്കിയിരിക്കുന്നത്. പിന്നിലെ സീറ്റില്‍ രണ്ട് സൗരോര്‍ജപാനലുകളും ബാറ്ററിയും ഘടിപ്പിച്ചിരിക്കുന്നു. മുന്‍ ചക്രത്തിലാണ് ഇതിന്റെ ഡി.സി. മോട്ടോര്‍ ഹബ് പിടിപ്പിച്ചിരിക്കുന്നത്.
ഹാന്റിലിലെ സ്വിച്ച് ഞെക്കിയാല്‍ സൈക്കിള്‍ ഓടാന്‍ തുടങ്ങും. മണിക്കൂറില്‍ ഇരുപത് കിലോമീറ്ററാണ് വേഗം. ഇത് കാണിക്കാന്‍ ചെറിയ സ്​പീഡോമീറ്ററും വെച്ചിട്ടുണ്ട്.

സ്വിച്ചില്‍ അമര്‍ത്തുന്നതിനനുസരിച്ച് വേഗം കൂടും. അഞ്ച് മണിക്കൂര്‍ ചാര്‍ജ് ചെയ്യേണ്ട സൗരോര്‍ജ പാനലാണ് ഇതിലുള്ളത്. ഇതുകൊണ്ട് 25 കിലോമീറ്റര്‍ യാത്രചെയ്യാം. അഞ്ച് മണിക്കൂര്‍ പാനല്‍ വെയിലത്ത് വെച്ച്ചാര്‍ജുചെയ്താല്‍ വൈദ്യുതി ബാറ്ററിയില്‍ സംഭരിക്കും. ബാറ്ററിമാത്രംവെച്ച് 25 കിലോമീറ്റര്‍ യാത്രചെയ്യാം.

കൂടുതല്‍ ദൂരം പോകണമെങ്കില്‍ സൈക്കിളില്‍ സൗരോര്‍ജപാനല്‍വെച്ച് ഇടയ്ക്ക് ഓഫാക്കി സൈക്കിള്‍ ചവിട്ടിയാല്‍ മതി. ചവിട്ടുന്ന സമയം ബാറ്ററി വീണ്ടും ചാര്‍ജാകും. ഈ ചാര്‍ജ് ഉപയോഗിച്ച് കൂടുതല്‍ ദൂരം സഞ്ചരിക്കാം.കുമാറും സുഹൃത്ത് ബാംഗ്ലൂരിലെ ശ്രീസുഭദ്ര ഇന്‍ഡസ്ട്രീസ് ഉടമ ജി. ശ്രീനിവാസും ചേര്‍ന്നാണ് സൈക്കിള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.

ഏത് സൈക്കിളിലും ഈ സൗരോര്‍ജപാനലും ബാറ്ററിയും ഘടിപ്പിക്കാം. ഇരുപതിനായിരം രൂപയാണ് സൈക്കിളിന്റെ വില. ജനിച്ചത് ആന്ധ്രയിലെ കാക്കിനടയിലാണെങ്കിലും കുമാര്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിലാണ്. അച്ഛന്‍ എസ്.എം. ശാസ്ത്രി എറണാകുളം എഫ്.എ.സി.ടി ഫെഡോ ഡിവിഷന്‍ ജനറല്‍മാനേജരായിരുന്നു. പത്താംക്ലാസുവരെ ഫാക്ട് ഹൈസ്‌കൂളിലാണ് പഠിച്ചത്.

കോഴിക്കോട് എന്‍.ഐ.ടി.യില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍സ്ഥാപനത്തിലും ഹിന്ദുസ്ഥാന്‍ കമ്പ്യൂട്ടേഴ്‌സിലും ജോലി നോക്കി. 17 വര്‍ഷം കെനിയയില്‍ ഐ.ടി. കമ്പനി മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിച്ച ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി. ഇപ്പോള്‍ സെക്കന്തരാബാദില്‍ ബ്രിഡ്ജ് ഗാപ്പ് സൊലൂഷന്‍സ് എന്ന സ്വന്തം കമ്പനി നടത്തിവരികയാണ് കുമാര്‍.
19 Feb 2012 Mathrubhumi(ശശിധരന്‍ മങ്കത്തില്‍)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക