.

.

Wednesday, November 9, 2011

കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് 140 കോടിയുടെ പദ്ധതി

കൊച്ചി: സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴി തുറന്നേക്കാവുന്ന 140 കോടിയുടെ രണ്ടു വ്യത്യസ്ത പദ്ധതികള്‍ നടപ്പാക്കാന്‍ വഴിതെളിയുന്നു. 80, 60 കോടി രൂപയുടെ രണ്ടു സുപ്രധാന പദ്ധതികള്‍ക്കാണ് കുടുംബശ്രീ മിഷന്‍ വഴി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് നല്‍കുന്നത്.

കൃഷി വ്യാപകമാക്കി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും സ്ത്രീകള്‍ക്ക് കാര്‍ഷിക മേഖലയില്‍ കൂടുതല്‍ തൊഴില്‍അവസരങ്ങള്‍ നല്‍കാനും പര്യാപ്തമായ 80 കോടിയുടെ പദ്ധതി പൂര്‍ണമായും കുടുംബശ്രീ മിഷന്‍ വഴിയാണ് നടപ്പാക്കുന്നത്. ജൈവ വളം ഉപയോഗിച്ചുള്ള കാര്‍ഷിക രീതികള്‍ക്ക് പ്രാധാന്യം നല്‍കിയാണ് 3000 കുടുംബശ്രീ ഗ്രൂപ്പുകള്‍ വഴി പദ്ധതി നടപ്പാക്കുന്നത്. രണ്ടാമത്തെ പദ്ധതി പ്രകാരം തൊഴിലാളികളെ ലഭ്യമാക്കുന്നതിന് മൂന്നു ജില്ലകളില്‍ വനിതാ ലേബര്‍ ബാങ്കുകളും രൂപവത്കരിക്കും. ഇതിനുള്ള 60 കോടിയുടെ ഫണ്ട് കുടുംബശ്രീ മിഷന്‍ മുഖേന നല്‍കുമെങ്കിലും പദ്ധതി നടത്തിപ്പിന്റെ ചുമതല അതതു ജില്ലകളിലെ പഞ്ചായത്തുകള്‍ക്കാണ്.

നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്റെ (എന്‍.എല്‍.ആര്‍.എം.) ഭാഗമായി ഉള്ള മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന (എം.കെ.എസ്.പി.) പദ്ധതിപ്രകാരമാണ് ഇവ നടപ്പാക്കുന്നത്. അടുത്തിടെ കേന്ദ്രം അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് ഏറെ ഗുണകരമായ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതിന് വഴി തെളിയുന്നത്. ഇതിന്റെ ഉദ്ഘാടനം തൃശ്ശൂരിലെ നടത്തറയില്‍ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

സംസ്ഥാനത്തുടനീളം രൂപവത്കരിച്ച 30,000 സ്ത്രീ കര്‍ഷക ഗ്രൂപ്പുകള്‍ വഴി കൃഷി മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാവിധ സഹായങ്ങളും നല്‍കുന്നതാണ് ഒരു പദ്ധതി. ഇപ്പോള്‍ തന്നെ 38,977 ഗ്രൂപ്പുകളായി കഴിഞ്ഞു. ഓരോ ഗ്രൂപ്പിലും നാലുമുതല്‍ 10 അംഗങ്ങള്‍ വരെ ഉണ്ടാകും. ഓരോ ഗ്രൂപ്പിനും ഉത്പാദന ബോണസും വിസ്തൃതി ബോണസും നല്‍കും. വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. ഗ്രൂപ്പുകളുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കുക. കാര്‍ഷിക സര്‍വകലാശാല, കൃഷിവകുപ്പ്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ തുടങ്ങിയവ വഴി സാങ്കേതിക സഹായങ്ങളും നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടവും ഉണ്ടാവും. ഇതിനായി സംസ്ഥാനത്തെ ഏറ്റവും മികച്ച 10,000 വനിതാ കര്‍ഷകരെ കണ്ടെത്തി മാസ്റ്റര്‍ ഫാര്‍മേഴ്‌സായി തിരഞ്ഞെടുക്കും. ആശയവിനിമയ ശേഷിയും തിരഞ്ഞെടുപ്പിന് മുഖ്യ മാനദണ്ഡമാണ്. ഇവര്‍ക്ക് വിവിധ കാര്‍ഷിക രീതികളില്‍ പ്രത്യേക പരിശീലനം നല്‍കി ഇവരുടെ നേതൃത്വത്തിലാകും ഗ്രൂപ്പുകളും കൃഷി നടത്തുക. എല്ലാത്തരം കൃഷികളും ഈ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ചെയ്യും. ഭൂമി പാട്ടത്തിനെടുത്തും കൂടുതല്‍സ്ഥലങ്ങളില്‍ കൃഷി വ്യാപിപ്പിക്കും. നെല്ല്, വാഴ, പച്ചക്കറി, പൈനാപ്പിള്‍ തുടങ്ങി എല്ലാവിധ കൃഷികളും ചെയ്യും. കൃഷിക്കുള്ള സ്ഥലം കണ്ടെത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സഹായം നല്‍കും. ഈ പദ്ധതിക്കുള്ള 80 കോടിയില്‍ 36 കോടിയോളം രൂപ കേന്ദ്ര വിഹിതമായിരിക്കും. ബാക്കി സംസ്ഥാനത്തിന്റെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും ആണ്. ഒന്നര ലക്ഷത്തോളം വനിതാ കര്‍ഷകരെ ഉള്‍പ്പെടുത്തി 24,000 ഹെക്ടറില്‍ കൃഷി നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലാണ് നെല്‍കൃഷിയുടെ രക്ഷയ്ക്ക് തുടക്കത്തില്‍ വനിതാ ലേബര്‍ ബാങ്കുകള്‍ രൂപവത്കരിക്കുന്നത്. മൂന്നു ജില്ലകളിലെയും പഞ്ചായത്തുകളുടെ കണ്‍സോര്‍ഷ്യമാണ് ഈ പദ്ധതി നടപ്പാക്കുക. 30 കോടിയോളം രൂപയാണ് ഇതിന് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ബാക്കി പഞ്ചായത്തുകള്‍ നല്‍കേണ്ടിവരും. തൊഴിലാളികളെ വേണ്ടവര്‍ക്ക് ലേബര്‍ ബാങ്കിന്റെ സഹായം ഉപയോഗപ്പെടുത്താം. മുപ്പതിനായിരത്തോളം പേര്‍ ബാങ്കില്‍ അംഗങ്ങളായിരിക്കും. ഇവര്‍ക്ക് സാങ്കേതികോപകരണങ്ങളും പരിശീലനവും നല്‍കും.

 08 Nov 2011 Mathrubhumi karshikam

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക