കമ്പം (തമിഴ്‌നാട്): അതിര്‍ത്തി ഗ്രാമമായ കമ്പത്തെ മുന്തിരിത്തോപ്പുകളില്‍ വിളവെടുപ്പുകാലം തുടങ്ങി. രണ്ടാഴ്ച മുമ്പുവരെ തുടര്‍ച്ചയായി പെയ്ത മഴമൂലം മുന്തിരിയുടെ വിളവു കുറഞ്ഞതും വിലയിടിവും ഈ സീസണില്‍ കര്‍ഷകര്‍ക്കു തിരിച്ചടിയായി. കിലോഗ്രാമിന് 16 മുതല്‍ 20 രൂപ വരെയാണ് കര്‍ഷകര്‍ക്കു ലഭിക്കുന്ന വില.
മുന്തിരിത്തോപ്പുകള്‍ക്കരികില്‍ ഇത്തവണ വിളവെടുപ്പിന്റെ ആഹ്ലാദാരവങ്ങളില്ല. ചുരുളിപ്പെട്ടി, കെ.കെ.പെട്ടി, എന്‍.ടി.പെട്ടി, അണപ്പെട്ടി, കൊളപ്പം പെട്ടി, ഗൂഡല്ലൂര്‍ എന്നിവിടങ്ങളിലാണ് വ്യാപകമായി മുന്തിരിക്കൃഷിയുള്ളത്. കമ്പത്തുനിന്ന് ചുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള വഴിത്താരയില്‍ കെ.കെ.പെട്ടി മുതല്‍ റോഡിന് ഇരുപുറവുമായി 25,000 ഏക്കര്‍ സ്ഥലത്തോളം ഭാഗത്ത് മുന്തിരിക്കൃഷിയുണ്ട്.
തരിശുഭൂമി പാട്ടത്തിനെടുത്തും മുന്തിരിത്തോപ്പുകള്‍ ഒറ്റിക്കെടുത്തും നാലു മാസം തീവ്രപരിചരണം നല്‍കിയാണ് കൃഷി നടത്തുന്നത്. ഒരു കുഴി എന്നു വിളിക്കുന്ന എഴുപതു സെന്‍േറാളം സ്ഥലത്ത് കൃഷി നടത്താന്‍ 50,000 രൂപയോളം ചെലവു വരും. നല്ല വിളവു ലഭിച്ചാല്‍ 50,000 രൂപവരെ വരുമാനം ലഭിക്കും. എന്നാല്‍, ഇത്തവണ കൃഷി നഷ്ടത്തിലായെന്ന് കര്‍ഷകര്‍.
ഓരോ തോട്ടത്തിലും തുടര്‍ച്ചയായി പെയ്ത മഴമൂലം മുന്തിരിക്കുല അഴുകി നശിച്ചു. മഴ മാറിയെങ്കിലും വിളവെടുപ്പ് നടക്കുമ്പോള്‍ വേണ്ടത്ര വില ഇല്ലെന്നതും വിനയായി.
15 മുതല്‍ 20 വര്‍ഷംവരെയാണ് മുന്തിരിച്ചെടിയുടെ ആയുസ്സ്. ഓരോ വിളവെടുപ്പുകാലം കഴിയുമ്പോഴും വള്ളികള്‍ വെട്ടിയൊതുക്കണം. വള്ളികള്‍ തളിര്‍ത്തുപടരാന്‍ ഇത് സഹായിക്കും. വളങ്ങളുടെയും കീടനാശിനികളുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ മുന്തിരിയുടെ വില 30 രൂപയെങ്കിലും കിട്ടിയാല്‍ മാത്രമെ കൃഷി ലാഭകരമാകൂ എന്നതാണ് കര്‍ഷകരുടെ അഭിപ്രായം. കമ്പത്തെ മുന്തിരി കേരളത്തിലെയും കൊല്‍ക്കത്ത, ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളിലെയും വിപണികളിലെത്തുന്നുണ്ട്. കേരളാതിര്‍ത്തിയായ ഇടുക്കിയിലെ കമ്പംമെട്ടില്‍നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് മുന്തിരിത്തോപ്പുകളുടെ ഹരിതകൂടാരങ്ങള്‍.
Posted on: 26 Nov 2011 Mathrubhumi Idukki News
No comments:
Post a Comment