.

.

Wednesday, November 9, 2011

പൂമ്പാറ്റച്ചിറകിലെ കോലമെഴുതുന്നത്

സീബ്രയുടെ കറുപ്പും വെളുപ്പും വരകള്‍, പൂമ്പാറ്റയുടെ ചിറകിലെ ചിത്രക്കോലങ്ങള്‍, കടല്‍ശംഖിനു പുറത്തെ വര്‍ത്തുള കൊത്തുപണികള്‍... പ്രകൃതിയുടെ ഇത്തരം വിസ്മയങ്ങളുടെ പിന്നിലാരാണെന്ന് ആരും ചോദിച്ചുപോകും. അതൊക്കെ അങ്ങനെയുണ്ടാകുന്നതാണെന്നു പറഞ്ഞാല്‍ മാത്രം പോരല്ലോ. എന്തിനും ഒരു കാരണം വേണമല്ലോ? ബീജസങ്കലനത്തിനു ശേഷമുണ്ടാകുന്ന ഭ്രൂണം പടിപടിയായി വളര്‍ന്നാണല്ലോ കൈയും കാലും വച്ചു സീബ്രയുമുണ്ടാകുന്നത്. കൊതിപ്പിക്കുന്ന നിറങ്ങള്‍ വാരിവിതറി ചിത്രശലഭങ്ങള്‍ പറക്കുന്നതും അവിടെ നിന്നു തന്നെ. എന്നാല്‍ കൃത്യമായ വ്യവസ്ഥയൊന്നുമില്ലാത്ത ഭ്രൂണത്തില്‍ നിന്ന് കൃത്യമായ പാറ്റേണുകളോടെ സീബ്രയ്ക്കു പുറത്തു കറുപ്പും വെളുപ്പും വരച്ചിടുന്നതാര് എന്ന ചോദ്യമാണു ശാസ്ത്രജ്ഞരും ചോദിക്കുന്നത്. അതും സ്കെയില്‍ വച്ചു വരച്ചതു പോലെ, നിറം പടരാതെ കൃത്യമായി ചിത്രക്കോലങ്ങള്‍ വരക്കുന്നത് ആരാണെന്ന ചോദ്യത്തിന് ഇപ്പോള്‍ കൃത്യമായ ഉത്തരമായി.
ഭ്രൂണത്തിനകത്തു കോശങ്ങളുടെ സ്വാഭാവിക ചലനങ്ങള്‍ നിയന്ത്രിക്കുന്ന ഒരു ജീനിന്റെയും മാംസ്യ തന്മാത്രയുടെയും (പ്രൊട്ടീന്‍) -അപ്പോണ്ടിക്ക് ജീനും സ്ലോബോ പ്രൊട്ടീനും- കളിയാണ്  ഇതിനു പിന്നിലെന്നു ശാസ്ത്രം കണ്ടെത്തിയിരിക്കുകയാണ്. അവയവങ്ങളായി മാറുന്ന മൌലിക കോശങ്ങള്‍ക്കും ഇങ്ങനെ ഭ്രൂണവളര്‍ച്ചയ്ക്കിടയില്‍ സ്ഥാനചലനം സംഭവിക്കുന്നു. എന്നാല്‍ അതു കൃത്യമായി സംഭവിക്കണം. സീബ്രയുടെ കറുപ്പും വെളുപ്പും വരകള്‍ക്കിടയില്‍ നിറം പടര്‍ന്നു പിടിച്ചതായി കാണുന്നില്ല. പൂമ്പാറ്റയുടെ ചിറകിലുമില്ല ഇങ്ങനെയൊന്ന്. ഹൃദയവും ശ്വാസകോശവും വ്യത്യസ്ത അവയവങ്ങളായി വേറിട്ടു നില്‍ക്കുന്നു. അപ്പോള്‍ ഇതിനൊരു വ്യവസ്ഥയും വെള്ളിയാഴ്ചയും വേണമല്ലോ?. അതു നിശ്ചയിക്കുന്നത് ആരാണെന്ന ഭ്രൂണശാസ്ത്രത്തിലെ കീറാമുട്ടി ചോദ്യത്തിന്റെ ഉത്തരമാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍ അപ്പോണ്ടിക്ക് ജീനും സ്ലോബോ പ്രൊട്ടീനും അങ്ങനെ വലിയ ചങ്ങാത്തത്തിലൊന്നുമല്ല, മറിച്ചു പരസ്പരം പോരടിക്കുവയാണു താനും. ഒന്നു ശക്തമാകുമ്പോള്‍ രണ്ടാമന്‍ ദുര്‍ബലനാവും. കോശങ്ങളുടെ മേല്‍ ഇവ ആധിപത്യം സ്ഥാപിക്കുന്നതോടെ പരസ്പര മത്സരത്തില്‍ പ്രൊട്ടീന്‍ ജയിച്ചാല്‍ ആ കോശത്തിനു സ്ഥാനചലനം സംഭവിക്കും. മറിച്ചു, ജീന്‍ ജയിക്കുമ്പോള്‍ കോശം നീങ്ങില്ല. നിന്നിടത്തു തന്നെ നില്‍ക്കും. കൃത്യം കൃത്യമായി സീബ്രാ വരകള്‍ വരക്കപ്പെടുന്നത് അങ്ങനെ, ചിത്രശലഭച്ചിറകിലെ ചിത്രക്കോലങ്ങള്‍ മിന്നുന്നത് അങ്ങനെ...


 വി. ജയദേവ് Manoramaonline Environment

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക