.

.

Saturday, November 26, 2011

കടലില്‍ അടക്കംകൊല്ലിയുടെ കൊല്ലാക്കൊല

ചാലിയം: നിരോധിച്ചതും അശാസ്ത്രീയവുമായ പൈലാജിക് ട്രോളിങ് വ്യാപിച്ചത് തീരത്ത് വറുതി വിതയ്ക്കുമെന്ന് ആശങ്ക. കടലില്‍ മത്സ്യസമ്പത്ത് പാടെ ഇല്ലാതാക്കുന്ന ഈ മത്സ്യബന്ധന രീതി മത്സ്യക്ഷാമത്തിനു കാരണമാകുമെന്നാണ് ആശങ്ക ഉയര്‍ന്നിരിക്കുന്നത്. പുറം കടലില്‍ ഇത്തരം മത്സ്യബന്ധന രീതി വര്‍ധിച്ചതു പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. വള്ളക്കാര്‍ക്ക് മീന്‍ കിട്ടാത്ത സ്ഥിതിയാണ്.

രണ്ടു ബോട്ടുകള്‍ ചേര്‍ന്ന് നടത്തുന്ന പൈലാജിക് ട്രോളിങിനെ അടക്കംകൊല്ലി വലയെന്നാണ് മത്സ്യ തൊഴിലാളികള്‍ പറയുന്നത്. ഈ വലയ്ക്ക് 500 മീറ്ററിലധികം നീളമുണ്ടാകും. കടലിന്റെ അടിത്തട്ടുവരെ എത്തുന്ന അടക്കംകൊല്ലി വലയുപയോഗിച്ച് കിലോമീറ്ററുകള്‍ ദൂരത്തെ മത്സ്യസമ്പത്ത് കോരിയെടുക്കാനാകുമത്രെ. രണ്ടു ബോട്ടുകള്‍ ചേര്‍ന്ന് പൈലാജിക് ട്രോളിങ് നടത്തിയാല്‍ മത്സ്യത്തിന്റെ മുട്ടകള്‍ വരെ വലയിലകപ്പെടുമത്രെ.

ഇതു മത്സ്യ സമ്പത്തിന്റെ നാശത്തിനു വഴിവയ്ക്കുമെന്നുമാണ് പരമ്പരാഗത മീന്‍പിടിത്തക്കാര്‍ പറയുന്നത്. കേരള മറൈന്‍ ഫിഷറീസ് റഗുലേഷന്‍ ആക്ട് പ്രകാരം നിരോധിച്ച ഇത്തരം വല ഉപയോഗിച്ചുള്ള മീന്‍പിടിത്തം പുറംകടവില്‍ വ്യാപകമാണ്. ഇതിനാല്‍ പരമ്പരാഗത വള്ളങ്ങളില്‍ കടലില്‍ പോകുന്നവര്‍ക്ക് മീന്‍ കിട്ടാത്ത സ്ഥിതിയാണ്. രാപ്പകല്‍ വ്യത്യാസമില്ലാതെ കടലില്‍ പൈലാജിക് ട്രോളിങ് നടക്കുന്നുണ്ടെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു.

അടക്കംകൊല്ലി വല ഉപയോഗിക്കുന്ന ബോട്ടുകള്‍ കണ്ടുകെട്ടാനും 25,000 രൂപ പിഴ അടയ്ക്കാനും ചട്ടത്തില്‍ വ്യവസ്ഥയുണ്ട്.

എന്നിട്ടും ഇക്കാര്യം അറിവുള്ള ഫിഷറീസ് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് പരമ്പരാഗത തൊഴിലാളികളുടെ പരാതി. സാധാരണ ട്രോളിങ് നിരോധനം കഴിഞ്ഞാല്‍ കടലില്‍ മത്സ്യ സമ്പത്ത് വര്‍ധിച്ച് യഥേഷ്ടം മീന്‍ ലഭിക്കുമായിരുന്നുവത്രെ. എന്നാല്‍, ഇപ്പോള്‍ ചെറു മീനുകള്‍ പോലും വലയില്‍ കിട്ടുന്നില്ലത്രെ. ഇതു ചാലിയത്തെ പരമ്പരാഗത മത്സ്യ തൊഴിലാളികളെയാണ് കാര്യമായി ബാധിച്ചത്. ഇരുനൂറോളം വള്ളങ്ങളിലായി ഏതാണ്ട് 3000 തൊഴിലാളികള്‍ ചാലിയത്തു നിന്ന് മത്സ്യബന്ധത്തിനു പോകുന്നുണ്ട്. അശാസ്ത്രീയവും അനിയന്ത്രിതവുമായ ട്രോളിങ് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിച്ചതായാണ് വിലയിരുത്തല്‍.

അശാസ്ത്രീയ രീതിയിലുള്ള ഇത്തരം മത്സ്യബന്ധനം കടലില്‍ ബോട്ടുകാരും വള്ളക്കാരും തമ്മില്‍ സംഘര്‍ഷത്തിനു വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല ഇതു മത്സ്യത്തിന്റെ ആവാസ വ്യവസ്ഥയ്ക്കു തന്നെ കോട്ടം തട്ടുമെന്നും വിദഗ്ധര്‍ പറയുന്നു. അടക്കംകൊല്ലി വല ഉപയോഗിക്കുന്ന ബോട്ടുകാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ആവശ്യം.

26.11.2011 Manoramaonline Kozhikkod News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക