ശാസ്താംകോട്ട:ഏട്ടക്കൂട്ടങ്ങള്‍ ഈ നാട്ടുകാരുടെ ഓര്‍മ്മകളിലുണ്ട്. അമ്പലക്കല്‍പ്പടവുകളില്‍ അരിയുമായി എത്തി ഏട്ടകളെ ഊട്ടുന്നത് അപൂര്‍വ്വ കാഴ്ചയായിരുന്നു. തേവരുടെ ഏട്ടമത്സ്യങ്ങളെ ഊട്ടിയാല്‍ ത്വഗ്രോഗങ്ങള്‍ പമ്പകടക്കുമെന്ന് വിശ്വാസം. വൃശ്ചികത്തിലും ഉത്സവനാളിലും ഏട്ടയ്ക്ക് അരി ഒരു വഴിപാടായിരുന്നു. പടവുകള്‍ അല്പമൊന്നിറങ്ങിനിന്നാല്‍ മതി ശരീരമാകെ ഏട്ടകള്‍ ചാടിക്കയറുമായിരുന്നു. ഇന്ന് ഏട്ടക്കൂട്ടങ്ങളില്ല. അത്യപൂര്‍വ്വമായി മാത്രം. ശാസ്താംകോട്ട ശുദ്ധജലതടാക മലിനീകരണം ഏട്ടക്കൂട്ടങ്ങളെ കല്പടവുകള്‍ക്ക് അന്യമാക്കി. ആഴങ്ങളിലെവിടെയോ ഏട്ടകളുണ്ടാകാം. പക്ഷേ, അവ വംശനാശത്തിന്റെ വക്കിലാണ്.
ചാത്തി, മുള്ളി, വാക, പള്ളത്തി, കരിമീന്‍, കൊഞ്ച്, പരല്‍, കുറുവാപ്പരല്‍ , നത്തയ്ക്ക, കോലന്‍ ഏട്ട എന്നിവയാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. പക്ഷേ പലതും കായലിന്റെ ഏതോ കോണിലാണെന്ന് മാത്രം. കരിമീന്‍ തന്നെ പഴയതുപോലെ ഇല്ല. ഏറ്റവും ശുദ്ധമായ മത്സ്യമെന്ന് ശാസ്താംകോട്ട കായലിലെ കരിമീനിന് പേരുണ്ടായിരുന്നു. എണ്ണത്തില്‍ കരിമീനും നന്നേ കുറഞ്ഞു.
മുമ്പ് കായലില്‍ സര്‍വസാധാരണമായി കണ്ടിരുന്ന ആരഗന്‍ എന്ന മത്സ്യത്തെ കാണാനേയില്ല. ചേറില്‍ പുതഞ്ഞുകിടന്നിരുന്ന ആരഗന് കായലോളം പഴക്കമുണ്ട്. ആവാസവ്യവസ്ഥയില്‍ മുഖ്യപങ്കും. പുള്ളിവാഹ, വറ്റ , വെള്ളിനന്തല്‍, നന്തല്‍, ട്രോളിങ് കൊഞ്ച്, വെള്ളക്കൊഞ്ച്, കാരി, നെയ്ച്ചൂട, പൊടിച്ചൂട, ചാവറ്റ എന്നിവയെല്ലാം കായലില്‍നിന്ന് അന്യമായി. 2007ല്‍ പതിനായിരക്കണക്കിന് നത്തയ്ക്ക കായല്‍ത്തീരത്ത് ചത്തുപൊങ്ങി. നാട്ടുകാരും കെ.കരുണാകരപിള്ളയുടെ നേതൃത്വത്തിലുള്ള കായല്‍ സംരക്ഷണ പ്രവര്‍ത്തകരും അധികാരികളെ സംഭവം ബോധ്യപ്പെടുത്തിയിട്ടും മത്സ്യരക്ഷയ്ക്കായി ഒരു നടപടിയും ഉണ്ടായില്ല. രണ്ടുവര്‍ഷം മുമ്പ് കൊഞ്ചിന്റെയും കരിമീനിന്റെയും കുഞ്ഞുങ്ങളെ കായലില്‍ നിക്ഷേപിച്ചിരുന്നു. അവയെ ഇപ്പോള്‍ കാണാനേയില്ല.
Posted on: 17 Nov 2011 വി.ബി.ഉണ്ണിത്താന്‍ Mathrubhumi Karshikam
No comments:
Post a Comment