മൈസൂര്‍: ഹോളിവുഡ് ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള അനാകോണ്ടകളെ നേരിട്ട് കാണാന്‍ ഇനി ഇന്ത്യക്കാര്‍ക്കും അവസരം. മൈസൂര്‍ മൃഗശാലയിലാണ് ലോകത്തെ ഏറ്റവും വലിയ പാമ്പ് വര്‍ഗങ്ങളിലൊന്നായ അനാകോണ്ട എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊളംബോയില്‍ നിന്നാണ് അഞ്ച് അനാകോണ്ടകളെ ഇവിടെയെത്തിച്ചത്. ഇതോടെ അനാകോണ്ടകളുള്ള രാജ്യത്തെ ഏക മൃഗശാലയായി മൈസൂര്‍ മാറി. എന്നാല്‍ ഈ അനാകോണ്ടകളെ പൂര്‍ണ രൂപത്തില്‍ കാണാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.
മൂന്ന് അടിമാത്രം നീളമുള്ള അനാകോണ്ടകളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. 30 അടിയോളം വളരുന്ന ഇവ പൂര്‍ണ വളര്‍ച്ച പ്രാപിക്കാന്‍ ഇനി പത്തു വര്‍ഷമെങ്കിലും എടുക്കും. 250 കിലോയോളം വളരുന്ന ഇവയുടെ ഇപ്പോഴത്തെ തൂക്കം ഒന്നരക്കിലോയാണ്. 15 മാസം മാത്രമാണ് ഇവയുടെ പ്രായം.
തെക്കേ അമേരിക്കയില്‍ സാധാരണയായി കണ്ടുവരുന്ന ഗ്രീന്‍ അനാകോണ്ടകളെയാണ് മൈസൂരില്‍ എത്തിച്ചിരിക്കുന്നത്. വെള്ളത്തിലാണ് ഇവ സാധാരണയായി ജീവിക്കുന്നത്. അതിനാല്‍ ഇവയ്ക്കു വേണ്ടി പ്രത്യേക വാസസ്ഥലം മൈസൂര്‍ മൃഗശാലയില്‍ ഒരുക്കുന്നുണ്ട്. താത്കാലികമായി മൃഗശാല ആസ്പത്രിയോട് ചേര്‍ന്നുള്ള വാട്ടര്‍ ടാങ്കിലാണ് ഇവയെ പാര്‍പ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് ഇവയെ കാണാന്‍ അവസരവും ഒരുക്കുന്നുണ്ട്.
കൊളംബോയിലെ നാഷണല്‍ സുവോളജിക്കല്‍ ഗാര്‍ഡന്‍സില്‍ നിന്നാണ് ഇവയെ ഇന്ത്യയിലെത്തിച്ചത്. പ്രത്യേക വിമാനത്തില്‍ ചൊവ്വാഴ്ച രാത്രി ചെന്നെയിലെത്തിച്ച അനാകോണ്ടകളെ റോഡ് മുഖേനയാണ് മൈസൂരില്‍ കൊണ്ടുവന്നത്. ഇവയുടെ ജീവിത, ആചാര, പരിചരണ രീതികള്‍ പഠിക്കുന്നതിന് ഒരു പ്രത്യേക സംഘം കൊളംബോയിലെ മൃഗശാലയിലേക്ക് പോകുന്നുണ്ട്.
Posted on: 25 Nov 2011 ജോര്‍ജ് തോമസ് Mathrubhumi
No comments:
Post a Comment