.

.

Monday, November 21, 2011

കണ്ടല്‍ക്കാടുകളും പക്ഷിസങ്കേതങ്ങളും സംരക്ഷിക്കാന്‍ നടപടി

 
പാവറട്ടി: ഒരുമനയൂര്‍, പാവറട്ടി പഞ്ചായത്തുകളിലെ കണ്ടല്‍ക്കാടുകളും പക്ഷിസങ്കേതങ്ങളും സംരക്ഷിക്കും. ഇതിനായി റവന്യു സംഘം സര്‍വ്വേ നടത്തി. ചേറ്റുവ പുഴയോട് ചേര്‍ന്നുകിടക്കുന്ന 10 ഏക്കറിലായിരുന്നു സര്‍വ്വേ. കണ്ടല്‍ക്കാടുകളും പക്ഷിസങ്കേതങ്ങളും പരിസ്ഥിതിദുര്‍ബലപ്രദേശമായി ഏറ്റെടുക്കും.
സര്‍വ്വേ രൂപരേഖ വനംവകുപ്പിന് കൈമാറും. രൂപരേഖ തയ്യാറായാല്‍ വനംവകുപ്പ് വിജ്ഞാപനത്തിലൂടെ സ്ഥലം ഏറ്റെടുക്കും. സ്ഥിരമായി വനം ഗാര്‍ഡിനെ നിയമിക്കുന്നതോടെ കണ്ടല്‍ക്കാട് സമൂഹവിരുദ്ധര്‍ നശിപ്പിക്കുന്നത് അവസാനിക്കും. ജില്ലയില്‍ ആദ്യമായാണ് ഇത്തരം സര്‍വ്വേ നടത്തി കണ്ടല്‍ക്കാട് ഏറ്റെടുക്കാനുള്ള ശ്രമം നടക്കുന്നത്.

റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം വനംവകുപ്പിന് കൈമാറുമെന്ന് സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.ആര്‍. ശോഭ പറഞ്ഞു. താലൂക്ക് സര്‍വ്വെയര്‍മാരായ വി.എസ്. സജീവ്, എം.ആര്‍. ഉണ്ണികൃഷ്ണന്‍, ചെയിന്‍മാന്‍മാരായ എന്‍.ആര്‍. അമ്പിളി, ടി.പി.ഉഷ എന്നിവരടങ്ങിയ സംഘമാണ് സര്‍വ്വേ നടത്തിയത്. മണലൂര്‍ എംഎല്‍എ പി.എ. മാധവന്‍, തൃശ്ശൂര്‍ ആര്‍ഡിഒ എം. അനില്‍കുമാര്‍, സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.ആര്‍. ശോഭ എന്നിവരുടെ സമ്മര്‍ദ്ദഫലമായാണ് സര്‍വ്വേ നടന്നത്.

പ്രകൃതി പരിസ്ഥിതി വന്യമൃഗസംരക്ഷണ സൊസൈറ്റി ഓഫ് ഇന്ത്യ കണ്ടല്‍ക്കാടുകളും പക്ഷിസങ്കേതങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി രവി പനയ്ക്കലിന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയിരുന്നു.
Posted on: 21 Nov 2011 Mathrubhumi Thrissur News 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക