.

.

Saturday, November 26, 2011

മങ്ങുന്ന കാഴ്ചകള്‍

എഴുതപ്പെടാത്ത വയനാടന്‍ ചരിത്രങ്ങള്‍ തലമുറകള്‍ക്ക് കണ്ടറിയാന്‍ ഒരുക്കിയ മ്യൂസിയവും 'പുരാവസ്തുവായി. ചരിത്രങ്ങളുടെ കലവറയായ എടക്കല്‍ മലനിരകളുടെ താഴ്വാരമായ അമ്പലവയലില്‍ 1996 ല്‍ പ്രവര്‍ത്തനമാരംഭിച്ച വയനാട് ഹെറിറ്റേജ് മ്യൂസിയം നാശത്തിന്റെ വക്കിലാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെടുത്ത അപൂര്‍വങ്ങളായ പുരാവസ്തുക്കളാണ് മ്യൂസിയത്തിലുള്ളത്.  നവീനശിലായുഗം മുതല്‍ 16 നൂറ്റാണ്ടു വരെയുള്ള ശില്‍പങ്ങളാണിവ. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് മ്യൂസിയം നിര്‍മിച്ചത്. ഒപ്പം മള്‍ട്ടിമീഡിയ തിയറ്റര്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയുമുണ്ട്. കെട്ടിട നിര്‍മാണത്തിലെ അപാകതമൂലം മഴക്കാലമായാല്‍ മ്യൂസിയം ചോര്‍ന്നൊലിക്കുകയാണ്.
സംസ്കൃതിയെ സംരക്ഷിക്കേണ്ട മ്യൂസിയത്തെ സംരക്ഷിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. ഒന്നര പതിറ്റാണ്ടിലേറെ കടന്നു പോയിട്ടും മ്യൂസിയത്തിലേക്ക് സംരക്ഷിക്കപ്പെടേണ്ട ചരിത്രശേഷിപ്പുകള്‍ എത്തിക്കാന്‍ നടപടിയായില്ല. പലപ്പോഴായി ചരിത്ര സ്നേഹികളും, നാട്ടുകാരും മ്യൂസിയത്തില്‍ എത്തിച്ച കല്‍ക്കോടാലി, മണ്‍പാത്രങ്ങള്‍, ശില്‍പശകലങ്ങള്‍, ദാരു ശില്‍പങ്ങള്‍ എന്നിവ പഴയവസ്തുക്കളുടെ കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയിലാണ്. പുല്‍പള്ളി വിജയ ഹൈസ്കൂളില്‍ സൂക്ഷിച്ചിരുന്ന ശില്‍പങ്ങളാണ് മ്യൂസിയത്തില്‍ സ്ഥാപിച്ചിട്ടുള്ളവയില്‍ ഏറെയും.
വീടുകളില്‍ അലക്കുകല്ലായും ഉപേക്ഷിച്ച നിലയിലും കണ്ടെത്തിയ ശില്‍പങ്ങളാണ് ശേഖരിച്ചിരുന്നത്. ആദിവാസി വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന വാദ്യങ്ങളും മറ്റ് ഉപകരണങ്ങളും സംരക്ഷിക്കുന്നതിനുള്ള നടപടികളായിട്ടില്ല. 

പുരാവസ്തുക്കള്‍ കണ്ടെത്താന്‍ ഇനിയുമേറെയുണ്ടെങ്കിലും ഇതു തന്നെ ധാരാളമെന്ന മട്ടാണ് അധികൃതരുടേത്. വയനാടിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പ്രദര്‍ശനങ്ങള്‍ക്കുള്ള വേദിയാക്കി മള്‍ട്ടി മീഡിയ തിയറ്റര്‍ മാറ്റണമെന്നും ആവശ്യമുണ്ട്. വിനോദസഞ്ചാര രംഗത്ത് ഒട്ടേറെ പദ്ധതികളാണ് അമ്പലവയല്‍ കേന്ദ്രീകരിച്ച് വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മ്യൂസിയം സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ചരിത്രത്തിലേക്ക് 

മ്യൂസിയത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വയനാട്ടില്‍ നിലനിന്നിരുന്ന ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ജീവിതചര്യകളുടെയും അവശേഷിപ്പുകളാണ് ഒരുക്കിയിരിക്കുന്നത്.  പ്രത്യേകതയനുസരിച്ച് നാലു വിഭാഗങ്ങളിലായി ഇരുനിലക്കെട്ടിടത്തിലാണ് മ്യൂസിയം തയാറാക്കിയത്. വീരസ്മൃതി, ഗോത്രസ്മൃതി, ദേവസ്മൃതി, ജീവന സ്മൃതി എന്നിങ്ങനെയാണ് വിഭാഗങ്ങള്‍. 12- 16 നൂറ്റാണ്ടുകളിലെ യൂദ്ധങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കായി നിര്‍മിച്ച വീരക്കല്ലുകളും എഴുത്തുകല്ലുകളും കൊത്തുകല്ലുകളുമാണ് വീരസ്മൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വയനാടന്‍ ഗോത്രജന വിഭാഗങ്ങള്‍ നിത്യജീവിത്തില്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളാണ് ഗോത്രസ്മൃതിയെ സമൃദ്ധമാക്കുന്നത്. ആചാരങ്ങളുമായി ബന്ധപ്പെട്ട ശില്‍പങ്ങള്‍ ഉള്‍പ്പെട്ടതാണ് ദേവസ്മൃതി. രാജവംശങ്ങളുടെ ശില്‍പ വൈവിധ്യങ്ങളും ആരാധനാ മൂര്‍ത്തികളും ഇവയില്‍ പെടുന്നു. വയനാടിന്റെ കാര്‍ഷിക, വിനോദസഞ്ചാര മേഖലകളും ആദിവാസി ജീവിതവും ഉള്‍പ്പെടുത്തിയ 50 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയാണ് മീഡിയ തിയറ്ററില്‍ പ്രധാനമായും പ്രദര്‍ശിപ്പിക്കുന്നത്. കുട്ടികള്‍ക്കായുള്ള ഗാര്‍ഡനും പാര്‍ക്കും മ്യൂസിയം പരിസരത്ത് സജ്ജീകരിച്ചിട്ടുണ്ട്.
മ്യൂസിയത്തില്‍ മുതിര്‍ന്നവര്‍ക്ക് 15 രൂപയും കുട്ടികള്‍ക്ക് അഞ്ച് രൂപയുമാണ് പ്രവേശന ഫീസ്. മീഡിയ തിയറ്ററില്‍ മുതിര്‍ന്നവര്‍ക്ക് 10 രൂപയും കുട്ടികള്‍ക്ക് മൂന്ന് രൂപയുമാണ് ടിക്കറ്റ് നിരക്ക്. പത്ത് പേരില്‍ താഴെയുള്ള സംഘങ്ങളില്‍ നിന്ന് മിനിമം ചാര്‍ജായ 200 രൂപയും ഈടാക്കും.

തകര്‍ച്ചയുടെ വഴിയേ... 

മ്യൂസിയത്തിനായി ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടം നാശത്തിന്റെ വക്കിലാണ്. മേല്‍ക്കൂരയില്‍ വിള്ളലുകള്‍ രൂപപ്പെട്ടത് സഞ്ചാരികളില്‍ ആശങ്കയുണ്ടാക്കുന്നതാണ്. മേല്‍ക്കൂരയില്‍ കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് തുരുമ്പെടുത്ത കമ്പികള്‍ കാണപ്പെടുന്നുണ്ട്. രണ്ട് ബ്ലോക്കുകള്‍ ചേരുന്ന ഭാഗത്ത് ശക്തമായ ചോര്‍ച്ചയുണ്ട്. മഴക്കാലത്ത് മ്യൂസിയത്തിന് അകത്തും വെള്ളം തളം കെട്ടിക്കിടക്കുന്നു. ശില്‍പങ്ങള്‍ സ്ഥാപിച്ച മരംകൊണ്ട് നിര്‍മിച്ച സ്റ്റാന്‍ഡുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ച് തുടങ്ങി. ശില്‍പങ്ങളില്‍ സഞ്ചാരികള്‍ സ്പര്‍ശിക്കാതിരിക്കാനായി തീര്‍ത്ത വേലികള്‍ പലയിടത്തും പൊട്ടിക്കിടക്കുകയാണ്.
വേലിക്കായി നിര്‍മിച്ച കാലുകള്‍ ഇളകിത്തെറിച്ചു. കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള നടപടികള്‍ വൈകുംതോറും കെട്ടിടം നശിച്ചുകൊണ്ടിരിക്കുകയാണ്. ചുമരുകളില്‍ വ്യാപകമായി വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. മഴവെള്ളം കെട്ടിക്കിടന്ന് നിലത്ത് പതിച്ച ടൈലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
മള്‍ട്ടി മീഡിയ തിയറ്ററിലെ ആസ്ബറ്റോസ് ഷീറ്റുകള്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ കാറ്റിലും മഴയിലും തകര്‍ന്നതാണ്. എന്നാല്‍ ഷീറ്റുകള്‍ മാറ്റുന്നതിനുള്ള നടപടിയെടുക്കാന്‍ വൈകിയതിനാല്‍ ചോര്‍ന്നൊലിച്ച് തിയറ്ററും ശോച്യാവസ്ഥയിലായിരിക്കുകയാണ്. ചില്‍ഡ്രന്‍സ് പാര്‍ക്കിലെ ഊഞ്ഞാലുകളും മറ്റ് ഉപകരണങ്ങളും തുരുമ്പെടുത്ത നിലയിലാണ്.
അഞ്ച് വര്‍ഷം മുന്‍പ് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പേ ആന്‍ഡ് യൂസ് ടോയ്ലറ്റ് തുറക്കാന്‍ ഇനിയും നടപടിയായിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ പെയിന്റിങ് പൂര്‍ണമായും മങ്ങിയിരിക്കുകയാണ്. എടക്കല്‍ ഗുഹയിലും കാരാപ്പുഴ ഡാമിലും എത്തുന്ന നൂറ് കണക്കിന് സഞ്ചാരികളാണ് ദിവസവും മ്യൂസിയത്തിലും സന്ദര്‍ശിക്കുന്നത്. മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച പുരാവസ്തുക്കള്‍ പുനഃസജ്ജീകരിക്കുന്നതിന് പുരാവസ്തു വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് ഡിടിപിസി അധികൃതര്‍ അറിയിച്ചു.

ഇനി വേണ്ടത് 
  • കണ്ടെത്തിയതും കണ്ടെത്തേണ്ടതുമായ പുരാവസ്തുക്കള്‍ മ്യൂസിയത്തില്‍ എത്തിക്കാനുള്ള നടപടി.
  • ഗോത്ര സംസ്ക്കാരവുമായി ബന്ധപ്പെട്ട വാദ്യങ്ങളും ഉപകരണങ്ങളും ശേഖരിക്കുക.
  • നിലവിലുള്ള വസ്തുക്കള്‍ പുനഃസജ്ജീകരിച്ച് സംരക്ഷിക്കുക.
  • മേല്‍ക്കൂരയുടെ സംരക്ഷണത്തിനായി ഓടുകള്‍ പതിക്കുക. 
  • മള്‍ട്ടി മീഡിയ തിയറ്ററില്‍ വയനാടുമായി ബന്ധപ്പെട്ട കൂടുതല്‍ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുക.
  • മ്യൂസിയത്തിന് തൊട്ടടുത്തുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിസാന്‍ഹട്ടുകള്‍ ഏറ്റെടുത്ത് മ്യൂസിയത്തിന്റെ ഭാഗമാക്കി സംരക്ഷിക്കുക.
  • വയനാടന്‍ ചരിത്രങ്ങള്‍ അടങ്ങിയ ബുക്ക്ലെറ്റുകള്‍ തയാറാക്കുക.
  • ചില്‍ഡ്രന്‍സ് പാര്‍ക്ക് വിപുലീകരിക്കുക.
  • പൊതുജനങ്ങള്‍ക്കു കൂടി ഉപയോഗപ്രദമായ രീതിയില്‍ ടോയ്ലറ്റ് ബ്ളോക്ക് തുറന്നു കൊടുക്കുക.
                                                                                                                                           26.11.2011 Manoramaonline Wayanad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക