.

.

Sunday, November 27, 2011

നടാം വൃശ്ചിക വാഴ

വൃശ്ചിക വാഴ നടാന്‍ സമയമായി. നേന്ത്രവാഴ ക്കൃഷിക്ക് പണ്ടുമുതലേ ഏറ്റവും നല്ല വിപണി ഓണക്കാലമാണ്. അതുകൊണ്ടു തന്നെ അടുത്ത ഓണത്തിന് വിളവെടുക്കാന്‍ പാകത്തില്‍ ഈ വൃശ്ചികത്തില്‍ ഓണ വാഴ നടാം.

വാഴ ഇലയായോ പഴമായോ കറിയായോ ഉപ്പേരിയായോ നമ്മുടെ മുന്നിലെത്തുന്നതിനാല്‍ സുസ്ഥിരമായ വിപണി വാഴ ഉത്പന്നങ്ങള്‍ക്കുണ്ട്. ജലസേചന സൗകര്യമുണ്ടെങ്കില്‍ 365 ദിവസവും വാഴക്കൃഷി നടത്താം.വിപണിമുന്നില്‍ക്കണ്ട് വൃശ്ചിക വാഴക്കൃഷി ചെയ്യുമ്പോള്‍ വിഷമയമില്ലാത്ത സുരക്ഷിത ഭക്ഷ്യഉത്പന്നങ്ങള്‍ വിളയിക്കുവാനുള്ള ശ്രമമാണ് നാം ഏറ്റെടുക്കേണ്ടത്.

തൈകള്‍ മുതല്‍ വിപണനം വരെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താവുന്നതാണ്. നടാനുള്ള വാഴക്കന്നുകള്‍ രോഗ-കീട ബാധയില്ലാത്ത തോട്ടങ്ങളില്‍ നിന്നും ശേഖരിക്കാം. വര്‍ധിച്ച ഉത്പാദനക്ഷമതയും ഒരേസമയം വിളവെടുക്കാന്‍ കഴിയുന്നതുമായ ടിഷ്യൂകള്‍ച്ചര്‍ വാഴ ത്തൈകളും നടാന്‍ ഉപയോഗിക്കാം.

കന്നു തിരഞ്ഞെടുക്കുകയാണെങ്കില്‍ മൂന്നുനാലു ദിവസം വെയിലില്‍ ഉണക്കി വൃത്തിയാക്കിയശേഷം ചാണകപ്പാലില്‍ മുക്കി പത്തുപതിനഞ്ചു ദിവസം തണലില്‍ ഉണക്കിയ ശേഷമേ നടാന്‍ ഉപയോഗിക്കാവൂ. നടുന്നതിനു തൊട്ടുമുമ്പ് രോഗങ്ങള്‍ വരാതിരിക്കാനായി സ്യൂഡോമൊണാസ് ഫ്ലുറിസെന്‍സ് എന്ന മിത്ര ബാക്ടീരിയ കള്‍ച്ചര്‍ ലായിനിയില്‍ അര മണിക്കൂര്‍ മുക്കി വെച്ചിട്ടു വേണം നടേണ്ടത്. ഒരു ലിറ്റര്‍ വെള്ളത്തിനു 20 ഗ്രാം സ്യൂഡോമൊണാസ് കള്‍ച്ചര്‍ ഇതിനായി ഉപയോഗിക്കാം.

കന്നുകള്‍ തയ്യാറാക്കുമ്പോള്‍ തന്നെ കുഴിയും എടുത്തു തുടങ്ങാം. നല്ല സൂര്യപ്രകാശം ലഭിക്കുന്നതും ആഴമുള്ള ഫലഭൂയിഷ്ഠമായ മണ്ണുമുള്ള സ്ഥലമാണ് വാഴ കൃഷിക്ക് അനുയോജ്യം. വാരങ്ങളിലും കൂനകളിലും കുഴികളിലും വാഴ നടാം. കുഴിയാണെങ്കില്‍ അരമീറ്റര്‍ വ്യാസം നല്‍കാം. മണ്ണുപരിശോധന നടത്തി വളപ്രയോഗം തീരുമാനിക്കാം. അമ്ലമണ്ണില്‍ അര കിലോ കുമ്മായമെങ്കിലും നടുന്നസ്ഥലത്ത് ഇട്ടുകൊടുക്കണം. കുഴിയില്‍ കുമ്മായമിട്ട് പത്തു ദിവസത്തിനുശേഷം ഒരു കുട്ട (10 കിലോ) ട്രൈക്കോ ഡെര്‍മ സന്നിവേശിപ്പിച്ച കംപോസ്റ്റ് /ചാണകപ്പൊടി, അരകിലോ വേപ്പിന്‍ പിണ്ണാക്ക്, 410 ഗ്രാം റോക്ക്, ഫോസ്‌ഫേറ്റ് എന്നിവ അടിവളമായി മണ്ണില്‍ ചേര്‍ത്തുകൊടുക്കുക.

നട്ടതിനുശേഷമുള്ള വളപ്രയോഗം പലതവണകളായി നല്‍കുന്നതിനു ശ്രദ്ധിക്കുക.

കന്നുകള്‍ക്ക് അടിവളമിട്ട് ഒരു മാസം കഴിയുമ്പോള്‍ 110 ഗ്രാം യൂറിയ, 300 ഗ്രാം മസ്സൂറി, 160 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കാം. പിന്നെ എല്ലാ മാസത്തിലും ഒരു തവണ വീതം 110 ഗ്രാം യൂറിയ, 100 ഗ്രാം പൊട്ടാഷ് എന്നിവ അഞ്ചുമാസം പ്രായം വരെ നല്‍കാം. കുലവന്നശേഷം 110 ഗ്രാം യൂറിയ, 210 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കുക.ടിഷ്യു വാഴക്കന്നാണെങ്കില്‍ വളപ്രയോഗത്തില്‍ വ്യത്യാസമുണ്ട്. അടിവളമായി ആവശ്യത്തിനു നേരത്തേ പറഞ്ഞ ജൈവവളത്തിനു പുറമെ 410 ഗ്രാം മസ്സൂറിഫോസും 100 ഗ്രാം പൊട്ടാഷും നല്‍കണം. തുടര്‍ന്നുള്ള അഞ്ചു മാസങ്ങളില്‍. ഓരോ മാസവും 65 ഗ്രാം യൂറിയ, 100 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കാം. കുലച്ച ശേഷം 100 ഗ്രാം യൂറിയ, 210 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കാം. ടിഷ്യൂ കന്ന് നട്ട് ഒരു മാസം കഴിഞ്ഞുള്ള വള പ്രയോഗത്തോടൊപ്പം 310 ഗ്രാം റോക്ക് ഫോസ്‌ഫേറ്റും നല്‍കണം.

ഈ വളങ്ങള്‍ക്കുപകരമായി വാഴത്തടത്തില്‍ പയറു വിതച്ച് പൂക്കുന്നതിന് തൊട്ടുമുമ്പ് പിഴുതുചേര്‍ത്ത് മണ്ണടിപ്പിച്ചു കൊടുക്കുന്നതോടൊപ്പം ഫോസ്‌ഫോബാക്ടര്‍, ബയോ, പൊട്ടാഷ് എന്നിവയുടെ കള്‍ച്ചറുകളും ചുവട്ടില്‍ മണ്ണില്‍ ചേര്‍ത്തു കൊടുക്കുന്നതായാല്‍ കൂടുതല്‍ മെച്ചമാണ്. പുളിപ്പിച്ച പിണ്ണാക്കും ദശഗവ്യവും മറ്റും ചേര്‍ക്കാം. ഒപ്പം വെര്‍മി വാഷ്, ചാണകലായനി എന്നിവയും മണ്ണില്‍ ചേര്‍ക്കുന്നതും നല്ല വളര്‍ച്ച ഉണ്ടാക്കുന്നതായി കര്‍ഷകര്‍ക്ക് അനുഭവമുണ്ട്.

വേനലില്‍ നന ഒഴിവാക്കരുത്. രണ്ടു ദിവസത്തിലൊരിക്കല്‍ നന്നായി നനയ്ക്കണം. ജലസേചന സൗകര്യമില്ലാത്തിടത്ത് ചകിരിച്ചോര്‍ കമ്പോസ്റ്റ് ഉപയോഗിച്ച് കൃഷിചെയ്യാം.

രോഗ- കീടബാധകള്‍ക്കും ജൈവസമീപനം വ്യാപകമായിട്ടുണ്ട്. പിണ്ടിപ്പുഴു, മാണപ്പുഴു, എഫിഡുകള്‍, നിമറ്റോഡ് ഓലപ്പുഴു എന്നിവയാണ് വാഴയുടെ പ്രധാന കീടങ്ങള്‍. രോഗങ്ങളായി ഇല കരിച്ചില്‍, ഇല അഴുകല്‍, കുറുനാമ്പ് കൊക്കാന്‍ എന്നിവയാണ് പ്രധാനം.പിണ്ടിപ്പുഴു പ്രശ്‌നകാരിയായ കീടമാണ്. വാഴത്തോട്ടത്തിലെ ശുചിത്വം ഇതിന്റെ ആക്രമണം കുറയ്ക്കാനുള്ള മാര്‍ഗമാണ്. ഉണങ്ങിയ വാഴയിലകള്‍ അപ്പപ്പോള്‍ മുറിച്ചു മാറ്റുകയും നശിച്ച വാഴക്കന്നുകള്‍ തോട്ടത്തില്‍ നിന്ന് മാറ്റുകയും ചെയ്യുന്നതുവഴി പിണ്ടിപ്പുഴു ബാഹുല്യം കുറയ്ക്കാം.

വേപ്പണ്ണ 30 മില്ലിയും കുറച്ചു പൊടിമണ്ണും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി കുഴമ്പാക്കി തടയില്‍ പൂശുന്നതു മറ്റൊരു നിയന്ത്രണ മാര്‍ഗമാണ്. അഞ്ചുമാസ പ്രായമെത്തിക്കഴിഞ്ഞ വാഴക്കവിളുകളില്‍ വേപ്പ് അധിഷ്ഠിത കീടനാശിനി മാസത്തില്‍ ഒന്നെന്ന കണക്കില്‍ ഒഴിച്ചുകൊടുത്തും പിണ്ടിപ്പുഴു ബാധ നിയന്ത്രിക്കാം.

കുറുനാമ്പിനു പ്രതിവിധിയില്ല. രോഗമുള്ളവ കണ്ടാല്‍ ഉടന്‍ ആ വാഴ തോട്ടത്തില്‍നിന്നു തന്നെ എടുത്തു നശിപ്പിക്കുക.
 Mathrubhumi >> Karshikam (അഭിലാഷ് കരിമുളയ്ക്കല്‍)

1 comment:

  1. ഇതൊരു പ്രകൃതി സ്നേഹിയുടെ ബ്ലോഗില്‍ പ്രതീക്ഷിച്ചതല്ല...

    ReplyDelete

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക