.

.

Wednesday, November 16, 2011

പട്ടവാലന്‍ ഗോഡ് വിറ്റ് : ഇവനാണു കക്ഷി

പക്ഷിനിരീക്ഷകനായ ഡോ. സാലിം അലിയുടെ 115-ാം ജന്മദിനാ ഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പക്ഷിനിരീക്ഷണ മല്‍സരത്തില്‍ തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലായി 163 ഇനം പക്ഷികളെ നിരീക്ഷിച്ച ശശിധരന്‍ മനേക്കരയും സംഘവും ഒന്നാംസ്ഥാനം നേടി. വയനാട്ടില്‍നിന്ന് 108 ഇനം പക്ഷികളെ നിരീക്ഷിച്ച റോഷ്നാദും സംഘവും രണ്ടാം സ്ഥാനവും താമരശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നായി 86 ഇനങ്ങളെ നിരീക്ഷിച്ച മുജീബും സംഘവും മൂന്നാം സ്ഥാനവും നേടി. കാലിക്കറ്റ് സര്‍വകലാശാലയിലെ ദൃശ്യയും സംഘവും കണ്ടെത്തിയ പട്ടവാലന്‍ ഗോഡ്വിറ്റ് ബേഡ് ഓഫ് ദ ഡേ ആയി തിരഞ്ഞെടുക്കപ്പെട്ടു.

മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി, എച്ച്എസ്ബിസി ബാങ്ക്, കേരള ബേര്‍ഡര്‍ ഇന്റര്‍നെറ്റ് ഗ്രൂപ്പ് എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച പക്ഷിനിരീക്ഷണ മല്‍സരത്തില്‍ 16 ടീമുകളാണ് പങ്കെടുത്തത്. നാലംഗങ്ങളായിരുന്നു ഓരോ ടീമിലും. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പക്ഷിനിരീക്ഷകര്‍ രാവിലെ ആറു മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് മല്‍സരത്തിന്റെ ഭാഗമായി പക്ഷിനിരീക്ഷണത്തിന് രംഗത്തിറങ്ങിയത്.

അഞ്ചാം തവണയാണ് ഇത്തരമൊരു മല്‍സരം സംഘടിപ്പിക്കുന്നത്. പക്ഷിനിരീക്ഷകര്‍ ദിവസം മുഴുവന്‍ നീണ്ട നിരീക്ഷണത്തിലൂടെ കഴിയാവുന്നത്ര പക്ഷികളെ കണ്ടെത്തി രേഖപ്പെടുത്തി. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും മല്‍സരം സംഘടിപ്പിച്ചിരുന്നു. മൊത്തം 213 ഇനം പക്ഷികളെയാണ് ഈ മല്‍സരത്തില്‍ പങ്കെടുത്തവര്‍ക്ക് കണ്ടെത്താനായത്. ആറളം വന്യജീവി സങ്കേതം, കണ്ണവം വനം, ജാനകിക്കാട്, പെരുവണ്ണാമൂഴി, മലബാര്‍ വന്യജീവി സങ്കേതം, പേരിയ റിസര്‍വ് വനം, പനമരം തണ്ണീര്‍ത്തടം, കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വ്, കാട്ടാമ്പള്ളി, ചെമ്പല്ലിക്കുണ്ട്, ഏഴിമല, കോട്ടൂളി തണ്ണീര്‍ത്തടം, കൊളാവിപ്പാലം, പുതിയാപ്പ കടപ്പുറം, മാവൂര്‍ തണ്ണീര്‍ത്തടം, കാക്കവയല്‍ ജൈവവൈവിധ്യകേന്ദ്രം എന്നിവിടങ്ങളിലൂടെയാണ് മല്‍സരത്തില്‍ പങ്കെടുത്തവര്‍ കടന്നുപോയത്.

തീപ്പൊരിക്കണ്ണന്‍, ചെമ്പന്‍ മരംകൊത്തി, വെള്ളിക്കോഴി, തിരക്കാട, ഷഹ്യന്‍ ഫാല്‍ക്കണ്‍, പട്ടവാലന്‍ ഗോഡ്വിറ്റ്, കാട്ട് പനംകാക്ക, ബീട്ടഡ് ഈഗിള്‍ തുടങ്ങിയ ഇനങ്ങളെയാണ് കണ്ടെത്തിയത്. സമാപനസമ്മേളനം ഡിഎഫ്ഒ വി.കെ. ശ്രീവല്‍സന്‍ ഉദ്ഘാടനം ചെയ്തു. ഡോ. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. സി.ജെ. തോമസ്, മുഹമദ് റഫീക്ക്, ഡോ. ജാഫര്‍ പാലോട്ട്, അസി. കണ്‍സര്‍വേറ്റര്‍ സജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Manoramaonline Environment News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക