.

.

Sunday, November 6, 2011

മണി മുഴങ്ങുന്നതു കിപൂന്‍ജിക്ക്

ജാതകം എഴുതിത്തുടങ്ങുമ്പോഴേക്കും മരണമണി. ടാന്‍സാനിയയിലെ ഉസുങ്കുവ മലനിരകളില്‍ മൂന്നു വര്‍ഷം മുമ്പ് ആദ്യമായി കണ്ടെത്തിയ കിപൂന്‍ജി (Lophocebus kipunji)  കുരങ്ങുകള്‍ക്കാണ് ഈ ദുര്‍ഗതി. 2005 ല്‍ പുതുതായി ഒരു കുരങ്ങുകുലത്തെ കണ്ടെത്തിയത് വന്‍ വാര്‍ത്തയായിരുന്നു. ഈ കുരങ്ങുകളുടെ ജനിതകഘടന (ഡിഎന്‍എ) പരിശോധിയപ്പോഴായിരുന്നു രസം.  കുരങ്ങുകളിലെ പുതിയ ജനുസില്‍ പെട്ടവയാണ് കിപൂന്‍ജി. 2006 ല്‍ അതും വന്‍ വാര്‍ത്തയായി. 1923 നു ശേഷം പുതിയൊരു ജനുസ് കുരങ്ങുകളെ കണ്ടെത്തുന്നത് ആദ്യമായായിരുന്നു.  ഇപ്പോള്‍ അവയുടെ കഷ്ടകാലം തുടങ്ങിക്കഴിഞ്ഞുവെന്ന കണ്ടെത്തല്‍ വീണ്ടും വാര്‍ത്തയായി. കുരങ്ങുകളിലെ പുതുമുറക്കാരായ, കാട്ടിനുള്ളിലെ വലിയ വാനരന്മാരായ കിപൂന്‍ജി കുലത്തില്‍ ഇനി 1117 അംഗങ്ങളേ അവശേഷിക്കുന്നുള്ളൂവെന്നു ടാന്‍സാനിയയിലെ വന്യജീവി സംരക്ഷണ സമിതി അടുത്തിടെ കണ്ടെത്തുകയായിരുന്നു. സമിതിയിലെ ശാസ്ത്രജ്ഞര്‍ 2,800 മണിക്കൂറുകള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് അവയ്ക്കു മരണമണി മുഴങ്ങുന്നതായി അറിയിച്ചത്. ഈ കുരങ്ങുകളുടെ ആവാസ മേഖല വെറും 17.69 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞതായും കണ്ടെത്തി. കാരണം?. അതൂഹിക്കാവുന്നതേയുള്ളൂ. വനഭൂമി അമിതമായി കയ്യേറ്റം ചെയ്യപ്പെടുന്നതും കാടുകള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി വെട്ടിമാറ്റപ്പെടുന്നതും തന്നെ കാരണം. മാത്രമnല്ല, കുരങ്ങുകള്‍ വനംകൊള്ളക്കാരുടെ തോക്കുകള്‍ക്കു വ്യാപകമായി  ഇരയാവുകയും ചെയ്യുന്നു. അതിനര്‍ഥം, ഉടനടി നടപടി സ്വീകരിച്ചില്ലെങ്കില്‍ കിപൂന്‍ജിയുടെ കുലമറ്റുപോകും.  കിപൂന്‍ജിയെ വംശനാശ ഭീഷണിയിലായ ജന്തുക്കളുടെ പട്ടികയില്‍ പെടുത്തണമെന്നു ശാസ്ത്രജ്ഞര്‍ ലോക വന്യജിവി സംരക്ഷണ യുണിയനോട് ( വേള്‍ഡ് കണ്‍സര്‍വേഷന്‍ യുണിയന്‍) ആവശ്യപ്പെട്ടിരിക്കുകയാണ്.
കിപൂന്‍ജിയുടെ ഭാവി ദുര്‍ബലമായ നൂലില്‍ തൂങ്ങിനില്‍ക്കുകയാണെന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു കൂട്ടം കുരങ്ങുകള്‍ക്കു വംശനാശം സംഭവിച്ചുപോയാലെന്താ, ആകാശം ഇടിഞ്ഞുവീഴുമോ എന്നു ചോദിക്കുന്നവരുണ്ട്. പണ്ടു സൈലന്റ് വാലിയിലെ സിംഹവാലന്‍ കുരങ്ങുകളെ കുറിച്ചു കുറെ മലയാളികളെങ്കിലും ഇങ്ങനെ ചോദിച്ചിരുന്നതുമാണ്.
എന്നാല്‍ കിപൂന്‍ജിയെ സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നു ശാസ്ത്രജ്ഞരും പരിസ്ഥിതി വാദികളും മുന്നറിയിപ്പു നല്‍കുന്നു. ഒന്നാമത്തെ കാരണം അവയെക്കുറിച്ചു വളരെക്കുറച്ചു കാര്യങ്ങള്‍ മാത്രമേ ഇതുവരെ പഠിക്കാനായുള്ളൂ എന്നതാണ്. രണ്ടാമത്തെത് കിപൂന്‍ജിയുടെ കഷ്ടകാലം ഒരു ചൂണ്ടുപലകയാണ്. പരിസ്ഥിതിക്കു കനത്ത നാശമുണ്ടാകുന്നു എന്ന മുന്നറിയിപ്പ്. കാടിനും കാട്ടിലെ ജൈവവൈവിധ്യത്തിനും ഭീഷണിയുണ്ടെന്ന വലിയ മുന്നറിയിപ്പ്. എന്നാല്‍, കിപൂന്‍ജിയെ  സംരക്ഷിക്കാന്‍ ഇനിയും സമയമുണ്ടെന്നു തന്നെയാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. വേട്ടക്കാരുടെ വെടിയുണ്ടകള്‍കള്‍ക്കായി ഓരോ നിമിഷവും കിപൂന്‍ജികള്‍ കാത്തിരിക്കുമ്പോഴും.

 വി. ജയദേവ് Manoramaonline environment news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക