.

.

Friday, November 25, 2011

വേറിട്ട കാഴ്ചയൊരുക്കി ജൂട്ട്മേള

കോഴിക്കോട് : കൈതോല ബാഗുകളുടെയും കൊളവാഴ ഫയലുകളുടെയും ആകര്‍ഷണവുമായി ജൂട്ട് മേള. കൊല്‍ക്കത്തയില്‍ നിന്നുള്ള ചണനൂലിനാല്‍ വൈവിധ്യങ്ങളായ ഉത്പന്നങ്ങള്‍ തരംഗം തീര്‍ക്കുന്ന മേളയിലാണു കേരളത്തിന്‍റെ തനത് കൈതോലയും കൊളവാഴയും വേറിട്ടു നില്‍ക്കുന്നത്.

ഇന്നലെ ജയ ഓഡിറ്റോറിയത്തില്‍ തുടങ്ങിയ ജൂട്ഫെയറില്‍ കേരളത്തിന്‍റേതായി തൃശൂരില്‍ നിന്നുള്ള ഇവാഞ്ചലിക്കല്‍ സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്‍റെ സ്റ്റാള്‍ മാത്രമാണുള്ളത്. ഇവരാണു ജൂട്ട് ഉത്പന്നങ്ങള്‍ക്കൊപ്പം കൈതോലയുടേയും കൊളവാഴയുടേയും ഉത്പന്നങ്ങള്‍ മേളയിലെത്തിച്ചത്.

കൈതോലയുടെ സാരിബോക്സ്, ബാഗുകള്‍, കണ്ണടക്കവര്‍, പെന്‍ബോക്സ്, പെന്‍സില്‍ ബോക്സ് എന്നിവ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. നാട്ടിന്‍പുറങ്ങളിലെ കുളങ്ങളില്‍ നിറഞ്ഞുണ്ടാവുന്നതും കുളിക്കാന്‍ തടസ്സമാവുമ്പോള്‍ പറിച്ചെറിയുന്നതുമായ കൊളവാഴ കൊണ്ട് ഫയലുകളാണു കൂടുതലും ഉണ്ടാക്കിയിരിക്കുന്നത്. കൊളവാഴയുടെ തണ്ടാണു ഫയല്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീ സംഘങ്ങള്‍ക്ക് വായ്പയും പ്രത്യേക പരിശീലനവും നല്‍കിയാണ് ഇവ നിര്‍മിച്ചെടുക്കുന്നതെന്ന് പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. ജോണ്‍ പറഞ്ഞു.

28വരെ നീണ്ടു നില്‍ക്കുന്ന മേളയില്‍ നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ സ്റ്റാളുകളുണ്ട്. ചണനൂലില്‍ ബാഗുകളും ആഭരണങ്ങളും ചെരുപ്പുകളുമെല്ലാമാണു കൂടുതലും. മേള മേയര്‍ എ.കെ. പ്രേമജം ഉദ്ഘാടനം ചെയ്തു.

Metrovaartha Kozhikkod News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക