.

.

Tuesday, November 22, 2011

കൊയ്ത്തുത്സവ തിരുനാള്‍

ഇതില്‍ നിന്നാണു ചോറ് ഉണ്ടാകുന്നതെന്നു നെല്‍ച്ചെടിയെ ചൂണ്ടിക്കാ ട്ടി പറഞ്ഞപ്പോള്‍ ചില കുട്ടികളുടെ സംശയം ഇരട്ടിച്ചു. ചെടിയില്‍ വളരു ന്ന നെല്ല് എങ്ങനെ ചോറാകും? നെല്ല് ഉണക്കി, കുത്തിയെടുത്ത് അരിയാക്കി, അതു വേവിച്ചു ചോറാകു ന്ന വിദ്യ പലര്‍ക്കും അത്ഭുതമായി തോന്നി. എങ്കില്‍ അതൊന്നു കണ്ടിട്ടു തന്നെ കാര്യമെന്നു പല രും മനസിലുറപ്പി ച്ചു. എല്ലാദിവസ വും ചവച്ചിറക്കു ന്ന ചോറിന്‍റെ ആദിമരൂപ ത്തെ കൊയ്തെടുക്കുന്നതു നേരില്‍ക്കാണുക എന്ന അപൂര്‍വഭാഗ്യത്തിനായി കുട്ടികള്‍ ആകാംക്ഷയോടെ കാത്തു നിന്നു. കുട്ടികള്‍ മാത്രമായിരുന്നില്ല, മുതിര്‍ന്നവരും. എന്നാല്‍ മുതിര്‍ന്നവ രുടെ ലക്ഷ്യം ചോറ് ഉണ്ടാകുന്നത് എന്തില്‍ നിന്നെന്ന് അറിയുകയായിരുന്നില്ല, ഒരു കൂട്ടായ്മയുടെ ഫലം കൊയ്തെടുക്കുന്നതില്‍ പങ്കാളികളാകാനായിരുന്നു അവരുടെ കാത്തുനില്‍പ്പ്. എറണാകുളം ജില്ലയിലെ ഗോതുരുത്ത് കടല്‍വാതുരുത്ത് ഹോളി ക്രോ സ് ദേവാലയപരിസരത്തായിരുന്നു ആകാംക്ഷയുടെ ഈ വേദി. കര നെല്‍ക്കൃഷിയുടെ കൊയ്ത്തുത്സവ ആഘോഷം. കരയില്‍ നെല്‍ക്കൃഷി ക്കു വേണ്ടി ഭൂമിയൊരുക്കിയും വിത്തെറിഞ്ഞും പരിപാലി ച്ചും കാത്തുസൂക്ഷിച്ചും ഒടുവില്‍ വിളവെടുപ്പു വരെ എത്തിനില്‍ക്കുന്ന ഈ പ്രയത്നം, എന്നന്നേക്കുമായി കൊയ്ത്തൊഴിഞ്ഞ പാടങ്ങള്‍ പതിവാകുന്ന കാലത്തില്‍ അംഗീകരിക്കപ്പെടേണ്ടതുണ്ട്.

ഒരു കൂട്ടായ്മയുടെ പരിശ്രമഫലം. അങ്ങനെ വിശേഷിപ്പിക്കാം കര നെല്‍ക്കൃഷിയെ. കരയില്‍ നെക്കൃഷി ചെയ്യാം എന്ന ആശയം ഉടലെടുത്തതോടെ അതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു ആദ്യം. ഹോളി ക്രോസ് ദേവാലയ പരിസരം തന്നെയായിരുന്നു കൃഷിഭൂമിയാക്കാന്‍ തീരുമാനിച്ചത്. അതിനായി നിലം കൊത്തിക്കിളച്ചു പാകപ്പെടുത്തി. വെള്ളം ഒഴിച്ചു നെല്ലി നു വളരാന്‍ പാകത്തില്‍ മണ്ണിന് അയവു വരുത്തി, കുതിര്‍ത്തിയിട്ടു. ചെളി നിറഞ്ഞ നെല്‍പ്പാടത്തിനു തുല്യമായ അവസ്ഥയെത്തിയപ്പോള്‍ ഞാര്‍ നടുകയായിരുന്നു. ആഗസ്റ്റ് അവസാന വാരമാണു ഞാര്‍ നട്ടത്. പിന്നെ കൃത്യമായ പരിപാലനത്തിന്‍റെ നാളുകള്‍. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്‍റെ കര്‍ഷകശ്രീ അവാര്‍ഡ് നേടിയ കളത്തില്‍ ജോളി ടീച്ചറുടെ നേതൃത്വത്തിലായിരുന്നു നെല്‍ക്കൃഷിക്കുള്ള പരിചരണം. മരുന്നടിച്ചും നെല്ലിന്‍റെ വളര്‍ച്ച പരിശോധിച്ചും വെള്ളമൊഴിച്ചുമൊക്കെ ടീച്ചര്‍ എക്കാലവും കൃഷിക്കൊപ്പം നിന്നു. നെല്ലിന്‍റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ പൊതുജനത്തിനും കുട്ടികള്‍ക്കും മനസിലാക്കാനുള്ള മാര്‍ഗം കൂടിയായി ഈ കൃഷി.

നാളുകള്‍ നീങ്ങി. പതുക്കെ ഒരു ഇടവകയുടെ സ്വപ്നങ്ങള്‍ കതിരിടുകയായിരുന്നു. കരയിലൊരുക്കി യ നെല്‍ത്തറയില്‍ മാടത്തയും മൈനയുമൊക്കെ വിരുന്നു വന്നു തുടങ്ങിയതോടെ പള്ളി വികാരി ഫാദര്‍ ജോബി കല്ലറയ്ക്കലിനു മനസിലായി, കൊയ്ത്തിനു സമയമായിരിക്കുന്നു. മഴ പെയ്താല്‍ പ്രശ്നമാകുമെന്ന മുന്നറിയിപ്പു കൂടി ലഭിച്ചതോടെ കൊയ്ത്തുത്സവം ഉടനെ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഞാറ് നട്ട് എണ്‍പത്തഞ്ചു ദിവസ ത്തിനു ശേഷം പാകമായ നെല്ലി നെ ആഘോഷത്തോടെ വിളവെടുക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കരയില്‍ നെല്ല് കൃഷി ചെയ്യാന്‍ കഴിയുമോ എന്ന സംശയത്തിനു പൂര്‍ണവിരാമമിട്ടു കൊണ്ട് ഇക്കഴി ഞ്ഞ ഞായറാഴ്ച വിളെവെടുപ്പ് നടത്താന്‍ തന്നെ ഉറപ്പിച്ചു. നേര ത്തേ തന്നെ പള്ളിയില്‍ നിന്നറിയിച്ചതിനെത്തുടര്‍ന്നു നിരവധി പേര്‍ കൊയ്ത്തുത്സവത്തില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നു.

ഒരിക്കല്‍ പോലും നെല്ല് കൊയ്യാത്തവര്‍ ഉണ്ടാകും, നെല്ല് കൊയ്യുന്ന രീതി കൃത്യമായി വശമില്ലാത്തവരും ധാരാളമായിരുന്നു. അതുകൊണ്ടു തന്നെ ഈ രംഗത്തെ എക്സ്പീരിയന്‍സ്ഡ് ഹാന്‍ഡ് എന്ന നിലയില്‍ എല്ലാവര്‍ക്കും കൊയ്ത്തിന്‍റെ ടിപ്സ് പറഞ്ഞു കൊടുത്തു കൊണ്ട് ജോളി ടീച്ചര്‍ കൊയ്ത്തുത്സവത്തില്‍ സജീവമാ യി. താഴ്ത്തി കൊയ്യണമെന്നും കൃത്യമായി കൊയ്തെടുക്കണമെന്നുമൊക്കെയായിരുന്നു ടീച്ചറുടെ ബേസിക് ടിപ്സ്. പറവൂര്‍ എംഎല്‍എ വി.ഡി. സതീശനാണ് ആദ്യം നെല്ല് കൊയ്തെടുത്തത്. ഒപ്പം ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് അല്‍ഫോണ്‍സ ഫ്രാന്‍സിസും വൈസ് പ്രസിഡന്‍റ് ശിവാനന്ദരാജും വാര്‍ഡ് മെമ്പര്‍ ആന്‍റിബോയ്യും. ഉത്ഘാടനത്തിന്‍റെ ഔപചാരികതയ്ക്കു ശേഷമായിരുന്നു യഥാര്‍ഥ കൊയ്ത്തുത്സവം. ഭക്ഷ്യസുരക്ഷാപദ്ധതിക്കു പ്രാധാ ന്യം നല്‍കുന്ന കാലഘട്ടത്തില്‍ ഇത്തരം പ്രയത്നങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതാണെന്ന് എംഎല്‍എ പറഞ്ഞു.

കൊയ്ത്തിന് ഹരം പകരാനും താളം നല്‍കാനും ഒരു കൊയ്ത്തു പാട്ടു വേണ്ടേ..? അതും ഒരുക്കിയിരുന്നു കടല്‍വാതുരുത്ത് നിവാസികള്‍. കൊയ്ത്തുത്സവത്തിനു പാട്ടെഴുതിയതു, ഹോളി ക്രോസ് പള്ളി കപ്യാരും നിമിഷകവിയുമാ യ പള്ളിയില്‍ ദേവസി. ദേവസിയു ടെ ഈരടികള്‍ ഉയര്‍ന്നപ്പോള്‍ പലരും താളത്തിലും താഴ്ത്തിയും കൊയ്തു. ഒരു വട്ടമെങ്കിലും കൊയ്ത്തിന്‍റെ ലഹരി അറിയാനായി പലരും വീട്ടില്‍ നിന്നു തന്നെ അരിവാളുമായിട്ടാണ് ഇവിടെ എത്തിയിരുന്നത്. പാകമായ കണ്ടം ഒരു മണിക്കൂര്‍ കൊണ്ടു കൊയ്തു തീര്‍ത്തു ഇടവകാംഗങ്ങള്‍. കൊയ്തെടുത്തവ കറ്റയാക്കി പള്ളി ബംഗ്ലാവിന്‍റെ അരികില്‍ സൂക്ഷിച്ചു. മുതിര്‍ന്നവര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെ കൊയ്ത്തുത്സവത്തില്‍ പങ്കാളികളായി എന്നതാണു കടല്‍വാതുരുത്തിലെ കൊയ്ത്തുത്സവ ത്തിന്‍റെ പ്രത്യേകത.

അന്നന്നത്തെ അന്നത്തിനായി അന്യന്‍റെ നെല്‍പ്പാടങ്ങളിലേക്കു കണ്ണുപായിച്ചു കാത്തിരിക്കുന്ന മലയാളിയെ സംബന്ധിച്ചിടത്തോ ളം മാതൃകയാക്കാം, ഈ കൊച്ചു ഗ്രാമത്തിലെ കൂട്ടായ്മയെ. പരമ്പരാഗത പാടശേഖരം തന്നെ വേണമെന്നില്ല, കരയില്‍ വളരെ കുറച്ചു സ്ഥലത്തും നെല്ല് കൃഷി ചെയ്തെടുക്കാമെന്നു തെളിയിക്കുകയായിരുന്നു അവര്‍. കൃഷി ചെയ്യാനുള്ള താത്പര്യം ഉണ്ടായാല്‍ കൃത്യമായ പരിപാലനം നടത്താന്‍ കഴിഞ്ഞാല്‍ ആര്‍ക്കും സാധ്യമാക്കാവുന്ന കാര്യം. ആദ്യകൊയ്ത്തിന്‍റെ ആഹ്ളാദം അനുഭവിച്ചു കഴിഞ്ഞു ഹോളി ക്രോസ് ഇടവകാംഗങ്ങള്‍. ഈ നെല്ല് എന്തു ചെയ്യുമെന്ന ചെറിയ സംശയം ബാക്കി. സ്വപ്രയത്നത്താല്‍ ആദ്യം കൊയ്തെടുത്ത ഫലമായതുകൊണ്ടു തന്നെ അതു മലരാക്കി ഒരു നേര്‍ച്ച പോലെ ഇടവകയിലെ എല്ലാവര്‍ക്കും കൊടുക്കാമെന്ന തീരുമാനത്തിലാണ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഒരു മാതൃക നല്‍കി മാറിനില്‍ക്കാനല്ല ഹോളി ക്രോസ് ഇടവകാംഗ ങ്ങളുടെ തീരുമാനം. ഇപ്പോള്‍ കൊയ്തെടുത്ത പാടത്തിന്‍റെ തൊട്ടടുത്ത കണ്ടത്തില്‍ നെല്ല് പാകമായിക്കൊണ്ടിരിക്കുന്നു. വീണ്ടുമൊരു കൊയ്ത്തുത്സവത്തിന് അരങ്ങൊരുങ്ങുന്ന ദിവസം അതിവിദൂരമല്ല. വെറുമൊരു കൗതുകം മാത്രമാക്കി മാറ്റാതെ, സമൂഹത്തിനു മാതൃകയായി മാറുന്നു കരനെല്‍ക്കൃഷിയുടെ പുതിയ മാര്‍ഗങ്ങളിലൂടെ....

22.11.2011 Metrovaartha >> Vaartha life

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക