.

.

Friday, November 25, 2011

മഹരാജ് ഒഫ് ബി2 നാടുനീങ്ങി

കാട്ടിലെ രാജാവ് ആര് എന്നു ചോദിച്ചാല്‍ ഏതു കൊച്ചു കുട്ടിക്കും ഉത്തരം, സിംഹം എന്ന്. എന്നാല്‍ മധ്യപ്രദേശിലെ ബാന്ധവ്ഗഡ് ടൈഗര്‍ റിസര്‍വില്‍ വന്ന് ആ ചോദ്യം ചോദിക്കരുതായിരുന്നു, അവിടെ മഹാരാജാവ് ഒന്നേയുള്ളൂ. ബി2 എന്ന കടുവ. ആ മഹാരാജാവിന്‍റെ അന്ത്യത്തെക്കുറിച്ച് എങ്ങനെ എഴുതണം, സംശയിക്കുന്നതെന്തിന്? നാടു നീങ്ങി എന്നു തന്നെ...

ദി മോസ്റ്റ് ഫോട്ടൊഗ്രാഫ്ഡ് ടൈഗര്‍ ഇന്‍ ദി വേള്‍ഡ് എന്നു വിശേഷണമുള്ള ബി2 ചൊവ്വാഴ്ച രാത്രിയാണ് അന്ത്യശ്വാസം വലിച്ചത്, പതിനാലാമത്തെ വയസില്‍. കടുവകളെ സംബന്ധിച്ച് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് എന്ന് എഴുതാറായ ഘട്ടം. അതു കൊണ്ടു തന്നെ സ്വാഭാവിക മരണം എന്നു പറയുന്നു ഫീല്‍ഡ് ഓഫിസര്‍ സി. കെ. പാട്ടീല്‍.

ഈ മാസം ഏഴിന് വൈല്‍ഡ്ലൈഫ് ഗവേഷകനായ നവനീതന്‍, ബി2വിന്‍റെ ചിത്രങ്ങള്‍ എടുത്തതാണ്. ബാന്ധവ്ഗഡ് ടൈഗര്‍ റിസര്‍വ് ഫോറസ്റ്റിന്‍റെ അതിര്‍ത്തിയും കടന്ന് ഇരുപത്തഞ്ചു കിലോമീറ്റര്‍ അകലെ ചൗരി ഗ്രാമത്തിനടുത്തു നിന്ന് പരിക്കേറ്റ നിലയില്‍ ഒരു കടുവയെ കണ്ടെത്തി എന്ന് ഗ്രാമത്തിലെ വാച്ച്മാന്‍ പറഞ്ഞപ്പോള്‍ അത് ബി2വാണെന്ന് കരുതിയതേയില്ല ടൈഗര്‍ റിസര്‍വിലെ ഉദ്യോഗസ്ഥര്‍. കാലിനു പരിക്കേറ്റ നിലയിലായിരുന്നു കടുവ. അടുത്തു ചെന്നു നോക്കാന്‍ ശ്രമിച്ചപ്പോള്‍ എന്നെ ആക്രമിക്കാനാഞ്ഞു, എന്നാണ് വാച്ച്മാന്‍ റിപ്പോര്‍ട്ടു ചെയ്തത്. ചൗരി ഗ്രാമത്തില്‍ നിന്നു റിസര്‍വിലേക്കു കൊണ്ടു വരുന്ന വഴിയാണ് കടുവ മരിച്ചത്. ഇത് ബി2 ആണെന്നു മനസിലായത് പിന്നീടാണ്.

1997ല്‍ മോഹിനി എന്ന പെണ്‍കടുവ ബാന്ധവ്ഗഡ് ടൈഗര്‍ റിസര്‍വില്‍ ജന്മം നല്‍കിയ മൂന്നു ആണ്‍കുട്ടികളില്‍ രണ്ടാമന്‍. ബാന്ധവ്ഗഡിലെ ഒന്നാം നമ്പര്‍ എന്ന അര്‍ഥത്തില്‍ മൂത്തവന് ബി 1 എന്നും രണ്ടാമന് ബി 2 എന്നും പേരിട്ടു. വൈല്‍ഡ് ലൈഫ് ഫോട്ടൊഗ്രാഫര്‍മാരായ സത്യേന്ദ്ര തിവാരിയും ഭാര്യയും എടുത്ത ചിത്രങ്ങളിലൂടെയാണ് ബി2 ലോക പ്രശസ്തനായത്. എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ കടുവയായി ബി2 വളര്‍ന്നു. ബാന്ധവ്ഗഡ് ടൈഗര്‍ റിസര്‍വിലേക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നു സന്ദര്‍ശകര്‍ എത്തിയത് ബി 2വിനെ കാണാനാണ്. വന്യജീവി ഗവേഷകര്‍ ഇവനെക്കുറിച്ചു പഠിക്കാന്‍ എത്രയോ കാലം കാത്തിരിക്കാന്‍ തയാറായിരുന്നു. കാടിന്‍റെ ഉള്‍ഭാഗത്തു നിന്ന് ഇവന്‍ ഇറങ്ങി വരുന്നതിനായി എല്ലാവരും കാത്തിരിക്കുമായിരുന്നു. ജിപ്സി ജീപ്പില്‍ റിസര്‍വിനുള്ളിലൂടെ സഞ്ചരിക്കുന്നവര്‍ പ്രാര്‍ഥിക്കും, ബി2വിനെ അടുത്തു കാണണേ എന്ന്. അവന്‍റെ മിന്നായം കണ്ടാല്‍ പിന്നെ ക്യാമറാക്ലിക്കുകള്‍. അങ്ങനെ വിശേഷണം കിട്ടി, മോസ്റ്റ് ഫോട്ടൊഗ്രാഫ്ഡ് ടൈഗര്‍ ഇന്‍ ദി വേള്‍ഡ്. ഏറ്റവും കൂടുതല്‍ തവണ ക്യാമറകള്‍ മിന്നിയത് ഇവന്‍റെ മുന്നിലാണെന്ന്. ബി2വിന്‍റെ രാജകീയ സഞ്ചാരങ്ങളുടെ വിഡിയോയും പ്രചരിച്ചു.

പ്രായം തികഞ്ഞ മരണമാണ് എങ്കിലും പരിക്കിന്‍റെ അടയാളങ്ങളുമുണ്ടായിരുന്നു ബി2വിന്‍റെ ശരീരത്തില്‍. മറ്റു കടുവകളുമായുള്ള ഏറ്റുമുട്ടലിലാണ് പരിക്കേറ്റത് എന്നാണ് കരുതുന്നത്. ആഹാരം കഴിച്ചിട്ട് എട്ടോ പത്തോ ദിവസങ്ങളായി എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈല്‍ഡ് ലൈഫ് ഫോട്ടൊഗ്രാഫര്‍മാരും ഗവേഷകരും ബാന്ധവ്ഗഡ് ടൈഗര്‍ റിസര്‍വിലേക്കു വിളിക്കുകയാണ്. എല്ലാവരും ബി2വിന്‍റെ അന്ത്യത്തില്‍ ദു:ഖിക്കുന്നു. അവര്‍ മുമ്പു പകര്‍ത്തിയ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നു, ബി2വിനോടുള്ള ആദരസൂചകമായി. റിസര്‍വിലെ മണ്‍പാതയിലൂടെ രാജകീയ ഭാവത്തില്‍ നടന്നു വരുന്ന ബി2വിനെ അവര്‍ക്കൊന്നും മറക്കാനാവില്ല. ഇപ്പോള്‍ ഈ മരണവാര്‍ത്ത വരുമ്പോഴാണ് എത്രയോ വട്ടം പല പ്രസിദ്ധീകരണങ്ങളിലും കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട് ബി2വിനെ എന്ന് പലരും അറിയുന്നത്.

ഇന്‍റര്‍നെറ്റില്‍ ഒരാള്‍ കുറിച്ചിട്ടു, ലെജന്‍ഡറി ടൈഗര്‍ ഡെഡ്. ഇതിഹാസ തുല്യനായി ഈ കടുവയെ ആരാധിച്ചിരുന്നു ചിലര്‍ എന്നറിയുന്നതും മറ്റൊരത്ഭുതം.

Metrovaartha >> Vaartha Life >> Travel

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക