.

.

Monday, November 7, 2011

ഗതികെട്ടാല്‍ കുരങ്ങും മീന്‍പിടിക്കും

'ഗതികെട്ടാല്‍ പുലി പുല്ലും തിന്നും' എന്നു കേട്ടിട്ടുണ്ട്. പഴങ്ങള്‍ തിന്ന് മരങ്ങള്‍ ചാടി നടക്കുന്ന കുരങ്ങന് ഗതികെട്ടാലോ? ചിലപ്പോള്‍ മീനുകളെയും പിടിക്കും. ഇന്തൊനീഷ്യയിലെ മസാക്വെ കുരങ്ങന്‍മാരാണ് ഇത്തരത്തില്‍ മീന്‍ പിടിച്ച് വയറു നിറയ്ക്കുന്നത്.
ഇന്തൊനീഷ്യയില്‍ കണ്ടു വരുന്ന നീണ്ട വാലുകളുള്ള, വെള്ളി  രോമങ്ങളോടു കൂടിയ മസാക്വെ കുരങ്ങുകളാണ് മീന്‍ പിടിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. എട്ടു വര്‍ഷത്തിനിടെ മസാക്വെ കുരങ്ങുകള്‍ നാലു തവണ മീന്‍ പിടിച്ച് ഭക്ഷിക്കുന്നതു കണ്ടെത്തിയതായി ദ നേച്ചര്‍ കണ്‍സര്‍വന്‍സിയിലെയും ഗ്രേറ്റ് ഏപ് ട്രസ്റ്റിലെയും  ഗവേഷകര്‍ പറഞ്ഞു.
വടക്കന്‍ സുമാത്രയിലെ കാലിമന്ദന്‍ നദിയില്‍ നിന്നാണ് കുരങ്ങുകള്‍ മീന്‍ പിടിക്കുന്നത് കണ്ടെത്തിയത്. പഴങ്ങള്‍ക്കൊപ്പം ഞണ്ടുകളെയും ഷഡ്പദങ്ങളെയും കുരങ്ങുകള്‍ ഭക്ഷിക്കുന്നത് മുന്‍പും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അവ മീന്‍ പിടിക്കുന്നത് ആദ്യമായാണ് കണ്ടെത്തിയത്.
ഏറെ കാലത്തെ ഗവേഷണത്തിനു ശേഷമാണ് കുരങ്ങുകളില്‍ അപൂര്‍വമായ ഈ ശീലം കണ്ടെത്തിയതെന്ന് എറിക് മെയ്ജാര്‍ദ് പറഞ്ഞു. കഴിഞ്ഞ മാസം പുറത്തിറക്കിയ ഇന്റര്‍നാഷനല്‍ ജേര്‍ണല്‍ ഓഫ് പ്രൈമറ്റോളജിയിലാണ് ഇതേ കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. നേച്ചര്‍ കണ്‍സര്‍വന്‍സിയിലെ മുതിര്‍ന്ന ശാസ്ത്ര ഉപദേശകനാണ് മെയ്ജാര്‍ദ്.
ഏതെല്ലാം സാഹചര്യത്തിലാണ് മസാക്വെ കുരങ്ങുകള്‍ മീന്‍പിടിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ പരിസ്ഥിതിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ജീവികള്‍ പുതിയ ഭക്ഷണ സ്രോതസുകള്‍ തേടുന്നതിന്റെ ഭാഗമായിരിക്കാം ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചക്മ ബബൂണ്‍സ്, ഒലീവ് ബബൂണ്‍സ്, ചിംപാന്‍സി, ഒറാങ്കുട്ടന്‍ തുടങ്ങിയ കുരങ്ങു kവര്‍ഗക്കാര്‍ മീന്‍ പിടിക്കുന്നത് മുമ്പും കണ്ടെത്തിയിട്ടുണ്ട്.

 കെ.വി. രാജേഷ്  ManoramaOnline Paristhithi News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക