.

.

Monday, November 28, 2011

കാക്കത്തുരുത്തിക്ക് ഊരുകാവല്‍

നാടിന്റെ കരയിടിയുന്നത് നോക്കിനില്‍ക്കാനാവാതെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒന്നിച്ചപ്പോള്‍ അത് ജനകീയ പ്രതിരോധത്തിനു തുടക്കമാകുകയാകുയായിരുന്നു. മണല്‍മാഫിയയുടെ ലാഭക്കൈകള്‍ നിയന്ത്രണമൊന്നുമില്ലാതെ മണല്‍ കോരിയെടുക്കാന്‍ തുടങ്ങിയതോടെ നാശം ആരംഭിച്ച കണ്ണൂര്‍ ജില്ലയിലെ നാറാത്ത് പഞ്ചായത്തിലെ കാക്കത്തുരുത്തി -വെടിമാട് ദ്വീപിന് ഇപ്പോള്‍ ഇവിടുത്തെ ചെറുപ്പക്കാരുടെ സംരക്ഷണ വലയമാണുള്ളത്. പക്ഷേ ഇൌ സംരക്ഷണത്തെ രാഷ്ട്രീയപിന്‍ബലത്തോടെ തകര്‍ക്കാനുള്ള മണല്‍മാഫിയയുടെ ശ്രമം വിജയിച്ചാല്‍ ദേശാടന പക്ഷി സങ്കേതമായ ദ്വീപ് എന്നെന്നേക്കുമായി പുഴയില്‍ മറയും.
വളപട്ടണം- പറശ്ശിനിക്കടവ് പുഴയ്ക്കു നടുവെയുള്ള പത്ത് ഏക്കര്‍ വിസ്തൃതിയുള്ള ദ്വീപാണ് കാക്കത്തുരുത്തി- വെടിമാട്. സംസ്ഥാന വനംവകുപ്പ് ലക്ഷങ്ങള്‍ ചെലവിട്ട് കണ്ടല്‍ച്ചെടി വച്ചുപിടിപ്പിച്ച ദ്വീപിലെ കോടിക്കണക്കിനു രൂപ വിലവരുന്ന മണല്‍നിക്ഷേപം അടുത്തിടെയാണ് മാഫിയയുടെ കണ്ണില്‍പ്പെട്ടത്. തൊട്ടടുത്തുള്ള അംഗീകൃത കടവിന്റെ മറവില്‍ ഒരു നിയന്ത്രണവുമില്ലാതെയാണ് രാത്രിയുടെ മറവില്‍ ഇവിടെ നിന്ന് മണല്‍ കോരിക്കൊണ്ടുപോകുന്നത്. തീരദേശ പരിപാലന നിയമപരിധിയില്‍ വരുന്ന ദ്വീപിന് സംരക്ഷണം നല്‍കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകുന്നുമില്ല.
ഇൌ ദ്വീപിനെ മണല്‍മാഫിയ എങ്ങനെ കോരിത്തിന്നുന്നു എന്നു കാണണമെങ്കില്‍ ഒരു തോണിയില്‍ ദ്വീപിനെ വലയം വച്ചാല്‍ മതി. പുതിയതെരു- മയ്യില്‍ റൂട്ടില്‍ കാക്കാത്തുരുത്തി സ്റ്റോറ്റിപ്പില്‍ നിന്ന് നൂറു മീറ്റര്‍ അകലെയാണ് വെടിമാട് ദ്വീപ്. റോഡ് ചെന്നവസാനിക്കുന്നിടത്തു നിന്ന് കാണുമ്പോള്‍ മണല്‍കൊള്ളയുടെ ലക്ഷണമൊന്നുമുണ്ടാകില്ല. എന്നാല്‍ ദ്വീപിന്റെ മറുകരയിലാണ് കൊള്ള മുഴുവനും നടക്കുന്നത്. ഒറ്റനോട്ടത്തില്‍ ആര്‍ക്കും കാണാന്‍ സാധിക്കുകയില്ല. മറുകരയിലെത്താന്‍ തോണി തന്നെയാണ് ആശ്രയം. മണല്‍കൊള്ള കാണാന്‍ ആരും തോണിയെടുത്ത് എത്തുകയില്ലെന്ന് മാഫിയ സംഘത്തിനറിയാം. അതുതന്നെയാണ് അവരുടെ വിജയവും. മണല്‍കൊള്ള സംബന്ധിച്ചു സംസാരിച്ചപ്പോള്‍, ഒരു തവണപോലും ഇൌ ഭാഗത്തേക്കു പോയിട്ടില്ലെന്ന് നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് സമ്മതിക്കുകയുണ്ടായി.

ഒരു തോണിയാത്ര സത്യം പറയും

ഒരുകാലത്ത് നാട്ടുകാര്‍ പൊക്കാളികൃഷി നടത്തിയിരുന്ന സ്ഥലമായിരുന്നു ഇൌ ദ്വീപ്. പിന്നീട് കൃഷി ഉപേക്ഷിച്ചപ്പോള്‍ ദ്വീപിലേക്ക് ആരും പ്രവേശിക്കാതെയായി. വനംവകുപ്പ് കണ്ടല്‍വനവല്‍ക്കരണം തുടങ്ങിയപ്പോള്‍ ഏറ്റവുമധികം കണ്ടല്‍ ചെടികള്‍ നട്ട സ്ഥലമായിരുന്നു ഇത്. ധാരാളം ദേശാടനപക്ഷികള്‍ പ്രജനനത്തിനായി എത്തുന്ന സ്ഥലം കൂടിയായിരുന്നു ഇത്.
ദ്വീപിലെ മുകള്‍ മണ്ണ് മാറ്റിയാല്‍ അടിഭാഗത്ത് മണല്‍ശേഖരമാണ്. അധികം അധ്വാനിക്കാതെ മണല്‍വാരാമെന്നതിനാല്‍ രാത്രിയില്‍ അന്യസംസ്ഥാനത്തൊഴിലാളികളെ കൊണ്ടുവന്ന് കോരുവല ഉപയോഗിച്ച് ലക്ഷങ്ങള്‍ വിലമതിക്കുന്ന മണലാണ് എന്നും കൊണ്ടുപോകുന്നത്. മണല്‍മാഫിയയുടെ നീരാളിക്കൈകളുടെ ശക്തിയറിയാന്‍ ഇൌ ദ്വീപുചുറ്റുമൊന്ന് വലയം വച്ചാല്‍ ആരും ഞെട്ടിപ്പോകും. കണ്ടല്‍ ചെടികളെല്ലാം പിഴുതുമാറ്റിയാണ് രണ്ടാള്‍ ആഴത്തില്‍ മണല്‍ വാരികൊണ്ടുപോയിരിക്കുന്നത്. സമീപത്തുള്ള ചെറുപ്പക്കാര്‍ ഇൌ കൊള്ളയടിയെ എതിര്‍ത്തപ്പോള്‍ രാഷ്ട്രീയ ബലത്താല്‍ അവരെ ഒരുകൂട്ടം ഒതുക്കുകയായിരുന്നു. തുടര്‍ന്നാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ സഹകരണത്തോടെ ജനകീയ സമിതി രൂപീകരിച്ചത്. ആരംഭന്‍ ഹൌസില്‍ എ. വിജയന്‍ ചെയര്‍മാനും കെ.കെ.രതീശന്‍ ജനറല്‍ കണ്‍വീനറും തെക്കന്‍ സുനില്‍കുമാര്‍ രക്ഷാധികാരിയുമായുള്ള ജനകീയ സമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് രണ്ട് മണല്‍തോണികള്‍ പൊലീസ് പിടികൂടി. മയ്യില്‍ പൊലീസിന്റെ ശക്തമായ ഇടപെടലാണ് മണല്‍മാഫിയയെ ചെറുക്കാന്‍ ജനകീയ സമിതി പ്രവര്‍ത്തകര്‍ക്ക് ധൈര്യം നല്‍കുന്നത്.
മണല്‍കൊള്ള തടയാന്‍ ജനകീയ സമിതി പ്രവര്‍ത്തകര്‍ എന്നും രാത്രി തോണിയെടുത്ത് ദ്വീപിനു കാവലിരിക്കുകയാണ്. പൊലീസ് സഹായത്തോടെ പരിസ്ഥിതി ചെക്ക്പോസ്റ്റ് സ്ഥാപിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് തെക്കന്‍ സുനില്‍കുമാര്‍ പറഞ്ഞു.
തീരദേശ പരിപാലന നിയമമനുസരിച്ച് സ്വാഭാവിക വേലിയിറക്കത്തിന് വെള്ളമെത്തുന്നതിന്റെ നൂറ് മീറ്റര്‍ അകലെ നിന്നു മാത്രമേ മണല്‍ വാരാന്‍ പറ്റുകയുള്ളൂ. മണല്‍ വാരേണ്ട സ്ഥലം പഞ്ചായത്ത് അടയാളപ്പെടുത്തികൊടുക്കുകയും വേണം. എന്നാല്‍ പഞ്ചായത്ത് അടയാളപ്പെടുത്തി കുറ്റിയടിച്ചിട്ടുണ്ടെങ്കിലും അതൊന്നും മണല്‍മാഫിയ കാണാറില്ല. നാട്ടുകാര്‍ പലതവണ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നാണ് ഇവിടുത്തുകാരനായ കെ.കെ. രതീശന്‍ പറയുന്നത്.
എന്നാല്‍ ജനകീയ സമിതി പ്രവര്‍ത്തകരുടെ യഥാര്‍ഥ ലക്ഷ്യം ദ്വീപ് സംരക്ഷിക്കുകയല്ല, മണല്‍വാരാനുള്ള ലൈസന്‍സ് നേടിയെടുക്കുകയാണെന്നാണ് നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മേമി പറയുന്നത്. കാക്കതുരുത്തില്‍ മണല്‍കൊള്ള തടയാന്‍ പഞ്ചായത്ത് നടപടി എടുത്തെന്നും ഇപ്പോള്‍ മുറവിളി കൂട്ടുന്നവരുടെ ലക്ഷ്യം മറ്റുപലതുമാണെന്നാണ് അദ്ദേഹം  പറഞ്ഞത്.
പക്ഷേ ഒരു തവണ ഇൌ ദ്വീപിനു ചുറ്റും തോണിയാത്ര നടത്തിയാല്‍  സത്യം മനസ്സിലാകും- നാറാത്ത് പഞ്ചായത്തിന് ഇവിടെ മണല്‍കൊള്ള തടയാന്‍ എത്ര താല്‍പര്യമുണ്ടെന്നറിയാന്‍. ദ്വീപിന്റെ പടിഞ്ഞാറുഭാഗത്തെ കരയിലെ വന്‍കുഴികള്‍ ഇതിനു സത്യം പറയും.

Manoramaonline >> Environment >> Green Heroes

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക