.

.

Sunday, November 20, 2011

കര കടലെടുക്കാതിരിക്കാന്‍ ഓട്ടോഗ്രാഫ്മരം

ഇരുണ്ട ഇലച്ചാര്‍ത്തുകളോടുകൂടി മനോഹരമായി പന്തലിച്ചു വളരുന്ന നിത്യഹരിതവൃക്ഷമാണ് ക്ലൂസിയറോസിയ. കുടംപുളിയും മാംഗോസ്റ്റീനും ഉള്‍പ്പെടുന്ന 'ക്ലൂസിയേസി' സസ്യകുടുംബാംഗമായ ഈ മനോഹരവൃക്ഷത്തിന്റെ ജന്മദേശം വെസ്റ്റിന്‍ഡീസാണ്.

ഏകദേശം പതിനഞ്ച് അടിയോളം ഉയരത്തില്‍ വളരുന്ന ഈ വൃക്ഷം, ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പലയിടങ്ങളിലും നട്ടുവളര്‍ത്തി വരുന്നുണ്ട്. തായ്ത്തടി മിനുസമുള്ളതും താരതമ്യേന ഉയരം കുറഞ്ഞതുമാണ്. ഇലകള്‍ ദൃഢവും കട്ടിയുള്ളതും തിളക്കമാര്‍ന്നതുമാണ്. നഖംകൊണ്ട് ഇലകളില്‍ പേരുകള്‍ കോറിയിടുന്നത് കൊണ്ടും സന്ദേശങ്ങള്‍ കൈമാറാനുപയാഗിച്ചിരുന്നതു കൊണ്ടുമാവാം ഈ വൃക്ഷത്തൈ ഓട്ടോഗ്രാഫ്മരം എന്നുകൂടി വിളിക്കപ്പെട്ടുവരുന്നത്. ഒരു കാലത്ത് സ്പാനിഷ്ഭടന്‍മാരും സ്‌കൂള്‍ കുട്ടികളും ഓട്ടോഗ്രാഫ് മരത്തിന്റെ ഇലകള്‍ ഉപയോഗിച്ച് 'ചീട്ടു'കളിച്ചിരുന്നതായും ചരിത്രം രേഖപ്പെടുത്തുന്നു.

പൂവരശും പുന്നയും കാറ്റാടിമരവും പോലെ ഉപ്പുരസത്തെ അതിജീവിക്കുവാന്‍ അസാധാരണമായ കഴിവുള്ള ഈ വൃക്ഷത്തെ തീരദേശങ്ങളില്‍ നട്ടുവളര്‍ത്താവുന്നതാണ്. മണ്ണൊലിപ്പ് തടയാനും കാറ്റിനെ ചെറുക്കാനും തണലിനും ഏറ്റവും യോജിച്ചതാണ് ഓട്ടോഗ്രാഫ്മരം. കടലാക്രമണ ഭീതിയുള്ള പ്രദേശങ്ങളില്‍ നല്ലൊരു ജൈവവേലിയായി വളര്‍ത്താവുന്ന ഈ വൃക്ഷം, കേരളത്തിലെ കാലാവസ്ഥയ്ക്കും ഇണങ്ങിയതാണ്.

ഭൂനിരപ്പിന് സമാന്തരമായി വളരുന്ന ശാഖകളില്‍ നിന്നും വളര്‍ന്നിറങ്ങുന്ന വേരുകളാല്‍ ശാഖകള്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്നതിനാല്‍ ശക്തമായ കാറ്റിലും ശിഖരങ്ങള്‍ക്ക് കാര്യമായ ക്ഷതം ഏല്‍ക്കാറില്ല. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് ഓട്ടോഗ്രാഫ് മരം പുഷ്പാഭമാവുന്നത്. രാത്രികാലങ്ങളില്‍ വിരിയുന്ന ഏകദേശം 8 സെ.മി. വ്യാസം വരുന്ന ഇവയുടെ ശുഭ്രദള പുഷ്പങ്ങള്‍ ആരെയും ആകര്‍ഷിക്കും. അകത്തളങ്ങള്‍ അലങ്കരിക്കാന്‍ എന്നും പുതുമയുള്ള വൃക്ഷങ്ങള്‍ തേടി നടക്കുന്ന ഉദ്യാനപ്രേമികള്‍ക്ക് മനോഹരമായ ബോണ്‍സായ് ചെടിയായും ഇതിനെ വളര്‍ത്താം.

കായ്കള്‍ക്ക് ഇരുണ്ട കറുപ്പ് നിറമാണ്. പാകമെത്തുന്നതോടെ നക്ഷത്രാകൃതിയില്‍ പൊട്ടിപ്പിളരുന്ന കായ്കളില്‍ കടും ചുവപ്പുനിറമുള്ള വിത്തുകള്‍ പശിമയുള്ള കറുത്ത പള്‍പ്പിനകത്താണ് കാണപ്പെടുന്നത്. പക്ഷികളുടെ കൊക്കിലും മറ്റും ഒട്ടിപ്പിടിക്കുന്ന വിത്തുകള്‍ വൃക്ഷ ശിഖരങ്ങളില്‍ മുളച്ച് ഒരു അതിജീവി സസ്യമായിട്ടാണ് തുടക്കത്തില്‍ വളര്‍ന്നു വരുന്നത്. കീഴ്‌പോട്ട് വളരുന്ന വേരുകള്‍ ക്രമേണ വൃക്ഷത്തെ മണ്ണില്‍ ദൃഢമായി ഉറപ്പിക്കുന്നു. വിത്തുകള്‍ പാകിമുളപ്പിച്ചും കമ്പുകള്‍ മുറിച്ചുനട്ടും വേരില്‍ നിന്നും മുളച്ച് വരുന്ന തൈകള്‍ വേര്‍പ്പെടുത്തി നട്ടും ഓട്ടോഗ്രാഫ് മരം വളര്‍ത്തിയെടുക്കാം.

വായ് വിസ്താരമുള്ളതും ആഴം കുറഞ്ഞതുമായ മണ്‍ചട്ടികളില്‍ അല്പം മേല്‍മണ്ണും പഴകിയ ചകിരിയും കരിക്കട്ടയും ഇഷ്ടികക്കഷ്ണങ്ങളും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം നിറച്ചശേഷം തൈകള്‍ നടാവുന്നതാണ്. സാവധാനത്തില്‍ വളരുന്ന തൈകള്‍ തുടക്കത്തില്‍ കഠിനമായ സൂര്യതാപമേല്‍ക്കാതെ ശ്രദ്ധിക്കണം. കേരളത്തിലെ കാലാവസ്ഥയില്‍ കാര്യമായ രോഗ-കിടങ്ങളൊന്നും ഈ വൃക്ഷത്തെ ശല്യം ചെയ്തു കാണുന്നില്ല.

-ഡോ.എ.കെ.പ്രദീപ്, ബോട്ടണി വിഭാഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
Posted on: 20 Nov 2011 Mathrubhumi >> Karshikam

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക