.

.

Tuesday, November 8, 2011

നീലക്കുറിഞ്ഞി ഇനി പൂക്കുമോ...?

മൂന്നാര്‍: ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസവും പ്രദേശവാസികളുടെ എതിര്‍പ്പും നിമിത്തം വട്ടവടയിലെ നിര്‍ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനം, പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. അവസാനമായി നീലക്കുറിഞ്ഞികള്‍ കൂട്ടമായി പൂവിട്ട 2006ല്‍ വനംവകുപ്പ് മൂന്നാറില്‍ സംഘടിപ്പിച്ച കുറിഞ്ഞി മേളയോടനുബന്ധിച്ചാണു നീലക്കുറിഞ്ഞി ദേശീയ ഉദ്യാന പ്രഖ്യാപനം ഉണ്ടായത്.
1979ലെ കേരള വന്യജീവി സംരക്ഷണ നിയമം 21-ാം വകുപ്പ് പ്രകാരം 2007 ഡിസംബര്‍ 12ന് ഇതു സംബന്ധിച്ചു വിജ്ഞാപനം ഇറങ്ങി.പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ വട്ടവട ഗ്രാമപഞ്ചായത്തില്‍ നീലക്കുറിഞ്ഞികളുടെ ആവാസ മേഖലയായ വട്ടവട, കൊട്ടക്കാമ്പൂര്‍ വില്ലേജുകളിലായി 7173.11 ഏക്കര്‍ ഭൂമിയാണു നീലക്കുറിഞ്ഞി ദേശീയ ഉദ്യാനത്തിനായി ഏറ്റെടുക്കാന്‍ വിജ്ഞാപനം ചെയ്തത്. വട്ടവടയില്‍ ബ്ളോക്ക് നമ്പര്‍ 62ല്‍ പെട്ട 2272.92 ഏക്കറും കൊട്ടക്കാമ്പൂരില്‍ ബ്ളോക്ക് നമ്പര്‍ 58ല്‍ 4900.12 ഏക്കറുമാണ് ഇതില്‍ വരുന്നത്.
ഇതിന്‍പ്രകാരം ഏതൊക്കെ സര്‍വേ നമ്പരുകളില്‍പ്പെട്ട സ്ഥലങ്ങളാണ് ഉദ്യാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതെന്നു കാണിച്ചു സര്‍ക്കാര്‍ നോട്ടിഫിക്കേഷനും പുറത്തിറക്കി. ഇതില്‍ സര്‍വേ, ബ്ളോക്ക് നമ്പരുകള്‍ മാറിയപ്പോയത് ആദ്യമേതന്നെ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.  പിന്നീട് 2009 ഓഗസ്റ്റില്‍ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാല്‍, വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള സര്‍വേ നമ്പരുകളില്‍പ്പെട്ട സ്ഥലങ്ങളില്‍ ചെറുകിടക്കാരുടെ കൃഷിഭൂമിയിടങ്ങളും പട്ടയ കൈവശഭൂമിയും 

ഉള്‍പ്പെട്ടിട്ടുള്ളതായി ചൂണ്ടിക്കാട്ടി നാട്ടുകാര്‍ വട്ടവട ഭൂസംരക്ഷണ സമിതിക്കു രൂപംനല്‍കി പ്രക്ഷോഭത്തിലേക്കു നീങ്ങി. ഉദ്യാനത്തിനുള്ള ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് എത്തിയ ഉദ്യോഗസ്ഥരെ 2009 മേയില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞു.
തുടര്‍ന്നു സെറ്റില്‍മെന്റ് ഓഫിസര്‍ കൂടിയായ ദേവികുളം സബ് കലക്ടര്‍, എംഎല്‍എ എന്നിവര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കര്‍ഷക പ്രതിനിധികളും അടങ്ങിയ ഒരു സമിതിക്കു രൂപംനല്‍കി. ഏറ്റെടുക്കാന്‍ നിശ്ചയിച്ചിരുന്ന പ്രദേശത്തെ തര്‍ക്കസ്ഥലങ്ങളില്‍ സംയുക്ത പരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കി നല്‍കാനായിരുന്നു സമിതിയെ നിയോഗിച്ചിരുന്നത്.
പട്ടയസ്ഥലങ്ങളും ചെറുകിട കര്‍ഷകരുടെ കൈവശ കൃഷിയിടങ്ങളും വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതായിരുന്നു ഈ സമിതി പരിശോധിക്കേണ്ടിയിരുന്നത്. എന്നാല്‍, നിശ്ചയിച്ച പ്രകാരം സംയുക്ത പരിശോധനയോ റിപ്പോര്‍ട്ട് തയാറാക്കലോ ഉണ്ടായില്ല.ഇതിനിടെ 2009 ഓഗസ്റ്റ് 28ന് പുതിയ ഗസറ്റ് വിജ്ഞാപനവും ഇറങ്ങി.
പഴയ വിജ്ഞാപനത്തില്‍ വന്ന പിശകുകള്‍ ഇതില്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, കൂടുതല്‍ കൃഷിയിടങ്ങളും പട്ടയസ്ഥലങ്ങളും സ്ഥിതിചെയ്യുന്ന എട്ടാം വാര്‍ഡ് കൂട്ടിച്ചേര്‍ക്കപ്പെട്ടതായും ചൂണ്ടിക്കാട്ടി ഭൂസംരക്ഷണ സമിതി രംഗത്തെത്തി. ഇതോടെ ഏറ്റെടുക്കലിനെതിരെയുള്ള സമരം വീണ്ടും സജീവമാവുകയും ഹിയറിങ് നടത്തി പരാതികള്‍ സ്വീകരിക്കാനുള്ള സെറ്റില്‍മെന്റ് ഓഫിസറുടെ നീക്കം പരാജയപ്പെടുകയും ചെയ്തു.
പരാതികള്‍ സ്വീകരിക്കുന്നതിനു ദേവികുളത്തും വട്ടവടയിലുമായി പലതവണ ഹിയറിങ് തീയതികള്‍ നിശ്ചയിച്ചെങ്കിലും സമര സമിതിയുടെ നേതൃത്വത്തില്‍ അതു ബഹിഷ്കരിച്ചു. ജീവിതചക്രത്തില്‍ ഒരിക്കല്‍ മാത്രം പുഷ്പിക്കുകയും വംശനാശം വരാതിരിക്കാന്‍ വിത്തുമാത്രം അവശേഷിപ്പിച്ചു വിസ്മൃതിയിലാകുകയും ചെയ്യുന്ന കുറിഞ്ഞികളുടെ അപൂര്‍വസൌന്ദര്യം ഇനിയും നിലനില്‍ക്കണമെങ്കില്‍ അവ സംരക്ഷിക്കപ്പെടുകതന്നെ വേണം. മൂന്നാറിലെ ഇരവികുളം ദേശീയ ഉദ്യാനത്തില്‍ മാത്രമാണിപ്പോള്‍ ഇവ സംരക്ഷിക്കപ്പെടുന്നത്.
നീലക്കുറിഞ്ഞിയുടെ ആവാസ മേഖലകളായ ചൊക്രമുടി, ലക്ഷ്മി മലനിരകള്‍ എന്നിവിടങ്ങളില്‍ വ്യാപക കയ്യേറ്റം നിമിത്തം ഇനിയൊരു കുറിഞ്ഞി പൂവിടലിനുള്ള സാധ്യത ഇല്ലാതായിരിക്കുന്നു. രാജമലയിലേതുപോലെ കുറിഞ്ഞികള്‍ കൂട്ടമായി പൂവിടുന്ന വട്ടവടയിലും അതു സംരക്ഷിക്കപ്പെടണമെങ്കില്‍ ദേശീയ ഉദ്യാന പ്രഖ്യാപനം യാഥാര്‍ഥ്യമാവേണ്ടതുണ്ട്. കര്‍ഷകരുടെ കണ്ണീര്‍വീഴാതെ അതു സാധ്യമാകണമെങ്കില്‍, ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആത്മാര്‍ഥമായ ഇടപെടല്‍ വേണ്ടിവരും.

ManoramaOnline Idukki News..

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക