.

.

Thursday, November 17, 2011

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഇനി ഗവേഷണ കേന്ദ്രവും

കോഴിക്കോട്: മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് കാലിക്കറ്റ് സര്‍വകലാശാലയുടെ ഗവേഷണകേന്ദ്രമായി അംഗീകാരം ലഭിച്ചു. സര്‍വകലാശാലയുടെ സസ്യശാസ്ത്ര ഗവേഷണകേന്ദ്രമായി അഞ്ചു വര്‍ഷത്തേക്കാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ഈ കാലഘട്ടത്തിലെ പ്രവര്‍ത്തനം വിലയിരുത്തിയശേഷമായിരിക്കും അഞ്ചാം വര്‍ഷം സ്ഥിരം അംഗീകാരം  നല്‍കുകയെന്ന് ഇതുസംബന്ധിച്ച് കോളജ് ഡവലപ്മെന്റ് കൌണ്‍സില്‍ ഡയറക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി.
സര്‍വകലാശാലയുടെ ഗവേഷണകേന്ദ്രമായി അംഗീകാരം നല്‍കാന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മാനേജിങ് ഡയറക്ടര്‍ (ഇന്‍ചാര്‍ജ്) 2010 ഓഗസ്റ്റില്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ വൈസ് ചാന്‍സലര്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി ഒക്ടോബര്‍ 10നു പരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകാരത്തിന് ശുപാര്‍ശ നല്‍കി. 21നു ചേര്‍ന്ന സിന്‍ഡിക്കേറ്റ് ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി നടത്തിയ വിശദമായ ചര്‍ച്ചക്കുശേഷമാണ് അംഗീകാരം നല്‍കാന്‍ തീരുമാനമെടുത്തത്.
ഗവേഷണരംഗത്ത് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുന്ന മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് ഈ അംഗീകാരം മറ്റൊരു നേട്ടമായി മാറിക്കഴിഞ്ഞതായി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. ആര്‍. പ്രകാശ്കുമാര്‍ പറഞ്ഞു. ഓഗസ്റ്റില്‍ ബോട്ടാണിക് ഗാര്‍ഡന്‍സ് കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണലില്‍ ലഭിച്ച അംഗത്വം സസ്യസംരക്ഷണരംഗത്ത് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ 

പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തര അംഗീകാരമായിരുന്നു.
ഒളവണ്ണയില്‍ 2008ലാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രവര്‍ത്തനമാരംഭിച്ചത്. കേരളത്തിനകത്തും പുറത്തുമുള്ള അപൂര്‍വ ജലസസ്യങ്ങളുടെ വന്‍ശേഖരവുമായി ഒളവണ്ണയിലെ പതിനഞ്ചേക്കറില്‍ തയാറായിവരുന്ന ദേശീയ ജലസസ്യ സംരക്ഷണകേന്ദ്രമാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നടപ്പാക്കിവരുന്ന പുതിയ പദ്ധതി. രാജ്യമൊട്ടുക്കുമുള്ള വ്യത്യസ്ത തണ്ണീര്‍ത്തട ജൈവശേഖരത്തിന് ആവാസ വ്യവസ്ഥയൊരുക്കുന്നതോടൊപ്പം വിനോദ സഞ്ചാര വികസനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദേശീയ ജലസസ്യ സംരക്ഷണകേന്ദ്രത്തില്‍ തണ്ണീര്‍ത്തട പരിസ്ഥിതി പുനരവതരിപ്പിക്കുന്നതിനോടൊപ്പം തണ്ണീര്‍ത്തട പരിസ്ഥിതിയില്‍ വളരുന്ന ചെടികളെയും ജീവികളെയും വളര്‍ത്താനും പദ്ധതിയുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നും കൂടുതല്‍ ജലസസ്യങ്ങള്‍ കണ്ടെത്തി ഇവിടെയെത്തിക്കും. അവ വളരുന്ന സ്വാഭാവിക പ്രകൃതിയൊരുക്കിയാകും ഇതു സംരക്ഷിക്കുക. അതോടൊപ്പം കേരളത്തിലെ വിവിധ തണ്ണീര്‍ത്തടങ്ങളായ വേമ്പനാട്, പാതിരാമണല്‍ എന്നിവയുടെ മാതൃകകള്‍ ഓരോ ഇക്കോ സിസ്റ്റമായി ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നില്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്.

Manoramaonline 17.11.2011 Kozhikkod News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക