.

.

Tuesday, November 22, 2011

മരുഭൂമിയില്‍ തിമിംഗലങ്ങള്‍

മരുഭൂമികള്‍ ഉണ്ടാവുന്നത് എന്നാണ് ആനന്ദ് എഴുതിയത്. എന്നാല്‍ മരുഭൂമിയില്‍ തിമിംഗലങ്ങള്‍ ഉണ്ടാവുന്നത് എങ്ങനെ എന്ന് ആലോചിച്ചിട്ടുണ്ടോ? ഒന്നോ രണ്ടോ ആയിരുന്നെങ്കില്‍ പോട്ടേ എന്നു കരുതാമായിരുന്നു. ഇത് എഴുപത്തഞ്ചണമല്ലേ. അതും ചെറുതോ മറ്റോ ആണോ. ഒരെണ്ണം തന്നെ ഒരു ബസിന്‍റെ അത്രയും വരുമെന്നാണു നേരിട്ടു കണ്ടവര്‍ പറയുന്നത്. എന്നിട്ടും ചരിത്രകാരന്മാര്‍ക്കു ഇതെങ്ങനെ സംഭവിച്ചുവെന്നു വ്യക്തമായി പറയാന്‍ പറ്റുന്നില്ല. ഊഹാപോഹങ്ങളേയുള്ളൂ. ഇങ്ങനെ സംഭവിച്ചിരിക്കാം, അങ്ങനെ ഉണ്ടായേക്കാം എന്നൊക്കെ അനുമാനിക്കുന്നതേയുള്ളൂ ചരിത്രലോകം. പറഞ്ഞുവന്നതു ചിലിയിലെ ഒരു മരുഭൂമിയില്‍ സംഭവിച്ച അത്ഭുതത്തിന്‍റെ കഥ. ചിലിയിലെ അറ്റക്കാമ മരുഭൂമിയില്‍ തിമിംഗലത്തിന്‍റെ എഴുപത്തഞ്ചു അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ഈ തിമിംഗലങ്ങള്‍ എങ്ങനെ മരുഭൂമിയിലെത്തി എന്നതാണ് ആര്‍ക്കിയോളജിസ്റ്റുകളെ കുഴപ്പിക്കുന്ന ചോദ്യം. സംഭവം നടന്ന സ്ഥലം സമുദ്രത്തില്‍ നിന്നു അര മൈലോളം അകലെയാണ്. അതുകൊണ്ടു തന്നെ, തിമിംഗലങ്ങളുടെ കുടുംബയോഗം നടക്കുമ്പോള്‍ കൂറ്റന്‍ തിരമാല അടിച്ചപ്പോള്‍ സംഭവിച്ചതാണെന്നും, സണ്‍ബാത്തിനായി കരയിലേക്കു കയറിയപ്പോള്‍ ശ്വാസം മുട്ടി മരിച്ചതാണെന്നുമൊക്കെയുള്ള അതിരു കടന്ന അനുമാനങ്ങള്‍ക്കു യാതൊരു സ്കോപ്പുമില്ല.

ഈ എഴുപത്തഞ്ചു തിമിംഗലങ്ങളുടെ പ്രായം കേട്ടാല്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന തിമിംഗലങ്ങള്‍ എഴുന്നേറ്റു നിന്നു തൊഴണം. ഏകദേശം രണ്ടു ദശലക്ഷം വര്‍ഷം മുമ്പുള്ളതാണെന്നാണു കരുതുന്നത്. അതായതു ചരിത്രാതീത കാലത്തെ തിമിംഗലപൂര്‍വികര്‍. എല്ലാ അവശിഷ്ടങ്ങളും തൊട്ടടുത്തായിട്ടാണു ലഭിച്ചിരിക്കുന്നത്. അറ്റക്കാമ മരുഭൂമിയുടെ ആ കോണില്‍ ഇക്കണ്ട തിമിംഗലങ്ങളൊക്കെ എങ്ങനെ ഒത്തുകൂടിയെന്നതു ചിലിയന്‍ ശാസ്ത്രജ്ഞന്മാരേയും സ്മിത്ത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരേയും കാര്യമായി കുഴപ്പിക്കുന്നു. ഹൈവേ വൈഡനിങ് പ്രൊജക്റ്റിന്‍റെ ഭാഗമായി ഇവിടം കിളച്ചുമറിച്ചപ്പോഴായിരുന്നു തിമിംഗലങ്ങളുടെ ശവകുടീരം വെളിച്ചത്തു വന്നത്, 2010 ജൂണില്‍. വിശാലമായ രണ്ടു ഫുട്ബോള്‍ ഗ്രൗണ്ടിന്‍റെ അത്രയും വലുപ്പത്തിലുള്ള സ്ഥലത്തായിരുന്നു തിമിംഗലങ്ങള്‍ അന്ത്യവിശ്രമം കൊണ്ടിരുന്നത്.

ചരിത്രാതീത കാലത്തെ തിമിംഗലങ്ങളെ മുമ്പും പെറുവിലും ഈജിപ്റ്റിലുമൊക്കെ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ഇത്രയധികം ഒരുമിച്ചു കണ്ടെത്തുന്നത് ഇതാദ്യം. ഇവയില്‍ ഇരുപതെണ്ണത്തോളം കാര്യമായ കേടുപാടുകളൊന്നും സംഭവിക്കാത്തവയുമാണ്. എഴുപത്തഞ്ചില്‍ തീരില്ല, മരുഭൂമിയുടെ വിശാലമായ മണല്‍പ്പരപ്പിനടിയില്‍ വിശ്രമം കൊള്ളുന്ന അവശിഷ്ടങ്ങള്‍ ഇനിയുമുണ്ടാകുമെന്നു തന്നെയാണു ഗവേഷകര്‍ കരുതുന്നത്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നവയില്‍ ഒരു ഫാമിലി തന്നെയുണ്ടെന്നു കരുതുന്നു. രണ്ടു പ്രായപൂര്‍ത്തിയായ തിമിംഗലങ്ങളും ഒരു കുഞ്ഞും. ഇവയെല്ലാം ഏകദേശം ഒരേസമയത്തു തന്നെയാണു മരണപ്പെട്ടതെന്നു കരുതുന്നതായി പറയുന്നു, സ്മിത്ത്സോണിയന്‍ നാഷണല്‍ മ്യൂസിയം ഒഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ഫോസില്‍ ക്യുറേറ്റര്‍ നിക്കോളാസ് പൈന്‍സണ്‍. തിമിംഗലങ്ങള്‍ മരണപ്പെടാനുള്ള നിരവധി മാര്‍ഗങ്ങളുണ്ട്, അതെല്ലാം പരിശോധിച്ചു വരികയാണെന്നു നിക്കോളാസ് വ്യക്തമാക്കുന്നു. സമുദ്രവുമായി ബന്ധപ്പെട്ട ഒരു പൊയ്ക പോലുള്ള പ്രദേശത്ത് എത്തിപ്പെടുകയും, പിന്നീട് ഭൂകമ്പമോ കൊടുങ്കാറ്റോ ഉണ്ടായപ്പോള്‍ അതിനു കടലുമായുള്ള ബന്ധം നഷ്ടപ്പെടുകയും അതിനുശേഷം അവിടുത്തെ വെള്ളം വറ്റിയപ്പോള്‍ തിമിംഗലങ്ങള്‍ മരണപ്പെട്ടതായിരിക്കുമെന്നും നിഗമനങ്ങളുണ്ട്. സുനാമി പോലുള്ള തിരയടിച്ചു സമുദ്രത്തില്‍ നിന്നകലെ ആയതാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. എങ്കിലും കൃത്യമായൊരു നിഗമനത്തില്‍ എത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തിമിംഗലങ്ങള്‍ മാത്രമല്ല മറ്റു കടല്‍ജീവികളുടെ അവശിഷ്ടങ്ങളും ഈ പ്രദേശത്തു നിന്നു കണ്ടെത്തിയിട്ടുണ്ട്.

ഏകദേശം ഇരുപത്തഞ്ചടിയോളം നീളമാണു തിമിംഗലങ്ങള്‍ക്കുള്ളത്. ഇവിടെ നിന്നു ലഭിച്ച അവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി കാല്‍ഡെറ മ്യൂസിയത്തിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്. ഹൈവേ ജോലികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഈ പ്രദേശത്തെ സംരക്ഷിത മേഖലയായി ചിലിയന്‍ ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചു കഴിഞ്ഞു. ചരിത്രാതീത കാലത്തെ മനുഷ്യജീവന്‍റെ കൂടുതല്‍ കാര്യങ്ങള്‍ എക്കാലവും പുറത്തുവരാറുണ്ട്. ഇക്കൂട്ടത്തില്‍ ഈ തിമിംഗലക്കൂട്ടത്തിലൂടെ സമുദ്രജീവികളുടെ കൂടുതല്‍ വിവരങ്ങളും വരുംകാലങ്ങളില്‍ അറിയാനാകുമെന്നു പ്രതീക്ഷിക്കാം.

22.11.2011 metrovaartha >> vaartha life >> travel

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക