.

.

Saturday, November 12, 2011

പക്ഷിക്കു പിന്നാലെ....

ലോകപ്രശസ്തനായ പക്ഷി ശാസ്ത്രജ്ഞനാണ് സാലിം അലി. കിളികളോട് കൂട്ടുകൂടിയ അദ്ദേഹമാണ് ഇന്ത്യയിലെ പക്ഷി നിരീക്ഷണത്തിന് അടിത്തറ പാകിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പലവട്ടം സഞ്ചരിച്ച് പക്ഷി നിരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ ജനന ദിവസമായ നവംബര്‍ 12 ദേശീയപക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു.
സാലിം മൊയ്സുദീന്‍ അബ്ദുല്‍ അലി എന്നാണു മുഴുവന്‍ പേര്.  ജനനം: 1896 നവംബര്‍ 12. ആത്മകഥ: ദ് ഫാള്‍ ഒാഫ് എ സ്പാരോ.
നേതൃത്വം നല്‍കിയ പ്രധാന പക്ഷി സര്‍വേകള്‍: തിരുവിതാംകൂര്‍- കൊച്ചി സര്‍വേ, ഹൈദരാബാദ് സ്റ്റേറ്റ് സര്‍വേ, ഗുജറാത്ത് പക്ഷി സര്‍വേ, കിഴക്കന്‍ ഹിമാലയന്‍ സര്‍വേ, ഭൂട്ടാന്‍ സര്‍വേ.
പ്രധാന പുസ്തകങ്ങള്‍: ദ് ബുക്ക് ഒാഫ് ഇന്ത്യന്‍ ബേഡ്സ്, ബേഡ്സ് ഒാഫ് കേരള, ഹാന്‍ഡ് ബുക്ക് ഒാഫ് ദ് ബേഡ്സ് ഒാഫ് ഇന്ത്യ ആന്‍ഡ് പാക്കിസ്ഥാന്‍ (ഡിലന്‍ റിപ്ലിയുമായിചേര്‍ന്ന്), ഫീല്‍ഡ് ഗൈഡ് ടു ദ് ബേഡ്സ് ഒാഫ് ദി ഇൌസ്റ്റേണ്‍ ഹിമാലയാസ് തുടങ്ങിയവ.
ബഹുമതികള്‍: രാജ്യാന്തര പ്രകൃതി സംരക്ഷണ യൂണിയന്റെ ‘ഗോള്‍ഡ് ആര്‍ക്” അവാര്‍ഡ്. ബ്രിട്ടിഷ് ഒാര്‍ണിത്തോളജി യൂണിയന്റെ സ്വര്‍ണ മെഡല്‍, യുഎസ്എ ഇന്റര്‍നാഷനല്‍ കണ്‍സര്‍വേഷന്‍ അവാര്‍ഡ്, മൂന്നു ഡോക്ടറേറ്റുകള്‍, ഇന്ത്യന്‍ സര്‍ക്കാരിന്റെ പത്മഭൂഷണ്‍ (1958), പത്മവിഭൂഷണ്‍ (1976), രാജ്യസഭാ നാമനിര്‍ദേശം, തപാല്‍ സ്റ്റാംബ് (1996).
കേരളവുമായി സാലിം അലി അടുത്ത ബന്ധമാണു പുലര്‍ത്തിയിരുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം പക്ഷികളെ നിരീക്ഷിക്കാനും പഠിക്കാനുമായി യാത്ര ചെയ്തിരുന്നു. കേരളത്തിലെ മറയൂര്‍, ചാലക്കുടി, തട്ടേക്കാട്, പറമ്പിക്കുളം തുടങ്ങിയ സ്ഥലങ്ങളില്‍ താമസിച്ചു പഠനം നടത്തി. ദ് ബേഡ്സ് ഒാഫ് കേരള എന്ന ഗ്രന്ഥം രചിച്ചു. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ യഥാര്‍ഥ ശില്‍പിയാണ് ഇദ്ദേഹം. ഇൌ സങ്കേതം അറിയപ്പെടുന്നത് ഡോ. സാലിം അലിയുടെ പേരിലാണ്. മരണം 1987 ജൂലൈ 27ന്.
മഞ്ഞത്താലിയില്‍ തുടക്കം
സാലിം അലിയെ പക്ഷികളുടെ ലോകത്തിലേക്ക് നയിച്ചത് ഒരു ‘കുരുവിയുടെ പതന”മാണെന്നതു പ്രശസ്തമാണല്ലോ. (അദ്ദേഹത്തിന്റെ ആത്മകഥയുടെ പേരും അതിനെയാണ് ഒാര്‍മിപ്പിക്കുന്നത്: The Fall of a Sparrow).
സാലിം അലിയുടെ ബാല്യകാലത്താണ് സംഭവം. അമ്മാവന്‍ നല്‍കിയ കളിത്തോപയോഗിച്ച് അലി ഒരു കുരുവിയെ വെടിവച്ചിട്ടു. കഴുത്തില്‍ മഞ്ഞനിറമുള്ള ആ കുരുവിയുടെ പേരറിയാന്‍ അലിക്ക് വെറുതെയൊരു കൌതുകം തോന്നി. അമ്മാവന്‍ അതിനൊരു വഴിയൊരുക്കിക്കൊടുത്തു. പക്ഷികളെക്കുറിച്ചു ശാസ്ത്രീയ പഠനം നടത്തുന്ന വാള്‍ട്ടര്‍ സാമുവല്‍ മില്ലാര്‍ഡ് അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്ന അദ്ദേഹത്തെ കാണാനായിരുന്നു അമ്മാവന്‍ പറഞ്ഞത്.
കുരുവിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിലൂടെ അലിയെ പക്ഷികളുടെ ലോകത്തിലേക്കു നയിക്കാനും മില്ലാര്‍ഡിനു കഴിഞ്ഞു.
ഇംഗ്ലീഷ് പേര്:
YELLOW THROATED SPARROW
ശാസ്ത്രീയ നാമം:
Petronia xanthocollis

സാലിമിന്റെ ദേശീയപക്ഷി

ഇന്ത്യയ്ക്ക് ഒൌദ്യോഗികമായി ദേശീയ പക്ഷി ഇല്ലാതിരുന്ന കാലത്ത് അതിനായി സാലിം അലി നിര്‍ദേശിച്ചതിലൂടെ ശ്രദ്ധേയമായ പക്ഷിയാണ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് (GREAT INDIAN BUSTARD.) പിന്നീട് ഇത് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് എന്നു മാത്രമാക്കി ചുരുക്കുകയുണ്ടായി.
ലോകത്തിലെ പറക്കാന്‍ കഴിയുന്ന പക്ഷികളില്‍ വച്ച് ഏറ്റവും വലുത് എന്ന പ്രത്യേകതയുള്ളതിനു പുറമെ ഇന്ത്യയിലും പാക്കിസ്ഥാനിലും ഒരുപോലെ കാണപ്പെടുന്ന പക്ഷി എന്ന സവിശേഷതയും അതിനുണ്ടായിരുന്നു. ഒരുപക്ഷേ, ഇന്ത്യ-പാക്ക് വിഭജനത്തിന്റെ മുറിവുണക്കാന്‍ അത്തരമൊരു പക്ഷിയെ ദേശീയ പക്ഷിയായി അവരോധിക്കുന്നതിന് കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരിക്കാം.
നായാട്ടിനെത്തുന്നവരെ എതിര്‍ക്കുന്ന സ്വഭാവവും അസാധാരണമായ മാതൃസ്നേഹവും പ്രകടിപ്പിക്കുന്നതിലൂടെയും പ്രസിദ്ധമായിരുന്നു ‘ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്. എന്നാല്‍ സാലിം അലിയുടെ ഇൌ നിര്‍ദേശം സ്വീകരിക്കപ്പെട്ടില്ല എന്നു പറയേണ്ടതില്ലല്ലോ. - മയില്‍ ആ സ്ഥാനം കയ്യടക്കുകയായിരുന്നു!
ഇംഗ്ലീഷ് പേര്: INDIAN BUSTARD
ശാസ്ത്രീയനാമം: Ardeotis  nigriceps

Manoramaonline >> Environment >> Life

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക