.

.

Saturday, November 19, 2011

നിത്യജീവിതത്തില്‍ പ്രയോഗിക്കാവുന്ന വൈദ്യവഴികള്‍


ഔഷധക്കൂട്ടുകളുടെ സുഗന്ധവുമായി സമ്പന്നമായൊരു വൈദ്യപാരമ്പര്യം നമ്മുടെ മുന്നിലുണ്ട്. മുതിര്‍ന്ന തലമുറയ്ക്ക് കൈരേഖ പോലെ വ്യക്തമായിരുന്ന ഇവയില്‍ പലതും പുതുതലമുറയ്ക്ക് അന്യമാണ്. നമ്മുടെ ഓര്‍മയിലേക്കു ചേര്‍ത്തുവയ്ക്കാന്‍ നിത്യജീവിതത്തില്‍ പ്രയോഗിക്കാവുന്ന അത്തരം 25 വൈദ്യവഴികള്‍. ഓരോ രോഗത്തിനുമുണ്ട് ഒട്ടേറെ പരിഹാരമാര്‍ഗങ്ങള്‍.
പനി ഓടിനടക്കുകയാണ്. പഴയകാലത്തെപ്പോലെയല്ല; വന്നുപെട്ടാ ലോ, ആകെ കുടുങ്ങും. അനങ്ങാന്‍ വയ്യാത്തവിധം ശരീരവേദന, വിശപ്പില്ലായ്മ. ഏതുതരം പനിയാണെന്നു തിരിച്ചറിയാനും വയ്യ. പനിയും അതുപോലുള്ള രോഗങ്ങളും വരുമ്പോള്‍ ആശുപത്രികളിലേക്ക് ഓടുന്നതിനുമുമ്പ് ഒന്നാലോചിക്കുക. പണ്ടുമുതല്‍ നാം ശീലിച്ചതും ആയുര്‍വേദ വിധിപ്രകാരമുള്ളതുമായ നാട്ടുവൈദ്യം അവലംബിച്ചാല്‍ ഏറെ ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാനാകും. ഒൌഷധസസ്യങ്ങളെയും അവയുടെ ഒൌഷധഗുണങ്ങളെയുംകുറിച്ച് സാമാന്യ വിവരം ഉണ്ടായാല്‍ മാത്രം മതി.

ജലദോഷപ്പനി
ചെറുനാരങ്ങാനീര് അല്‍പം തേന്‍ ചേര്‍ത്തു കഴിക്കുന്നത് ഉത്തമം. ഒരുപിടി ആടലോടകം ഇല ചൂടുവെള്ളത്തില്‍ 15 മിനിറ്റ് ഇട്ടുവച്ച്, പിഴിഞ്ഞെടുത്ത് അരക്കപ്പ് ലായനി രാവിലെയും വൈകിട്ടും വീതം മൂന്നു ദിവസം കഴിക്കുന്നതും പനി മാറാന്‍ സഹായിക്കും. രണ്ടോ നാലോ ആടലോടകംവേര് നാലു കപ്പ് വെള്ളത്തില്‍ തിളപ്പിച്ച് ഒരു കപ്പാക്കിയശേഷം മൂന്നു നേരംവീതം മൂന്നു ദിവസം കഴിച്ചാലും മതി. നാടന്‍ മഞ്ഞള്‍ പൊടിച്ചത് ഒരു ടിസ്പൂണ്‍ എടുത്ത് തിളപ്പിച്ച പാലില്‍ ചേര്‍ത്തു മൂന്നുനേരം വീതം ഏഴുനാള്‍ സേവിക്കുന്നതും ജലദോഷമകറ്റും. തുളസിയിലയും കുരുമുളകും അരക്കപ്പ് വീതം ചേര്‍ത്തു കഷായം വച്ച് ഏഴു ദിവസം കഴിക്കുന്നതും നല്ലതാണ്.

ഒന്നരാടപ്പനി
തുളസിനീര് കുരുമുളകുപൊടി ചേര്‍ത്തു സേവിക്കുക. മുത്തങ്ങ, കടുക്ക, ചിറ്റമൃത് എന്നിവ കഷായം വച്ച് തേന്‍ ചേര്‍ത്തു സേവിക്കുന്നതും നല്ലതാണ്. കടുക്ക പൊടിച്ച് തേന്‍ ചേര്‍ത്തു കഴിച്ചാലും ഗുണം കിട്ടും.

നെറ്റിയിലും പുരികത്തിനു മുകളിലും ഉള്ള തലവേദന
ഇഞ്ചി അര ടിസ്പൂണ്‍ അരച്ച് വെള്ളത്തില്‍ ചാലിച്ചു ചൂടാക്കി വേദനയുള്ള ഭാഗങ്ങളില്‍ പുരട്ടുക. കുരുമുളക്, തിപ്പല്ലി, ചുക്ക് എന്നിവ ഒാരോന്നും 15 ഗ്രാം വീതം പൊടിച്ചെടുത്ത് ഒരു സ്പൂ ണ്‍ പൊടി വീതം തേനില്‍ ചാലിച്ച് മൂന്നു നേരം വീതം മൂന്നോ നാലോ ദിവസം കഴിക്കുക.

നെറ്റിക്കും ചെവിക്കും ഇടയിലെ തലവേദന
മല്ലി, അല്ലെങ്കില്‍ ജീരകം അര ടീസ്പൂണ്‍ വീതം കഷായം വച്ച് ദിവസവും മൂന്നോ നാലോ ദിവസം കഴിക്കുക. വേപ്പിന്റെ പട്ട തിളച്ച വെള്ളത്തിലിട്ട് രാവിലെയും വൈകിട്ടും ഓരോ കപ്പ് വീതം മൂന്നുനാള്‍ കഴിക്കുന്നതും ഗുണമാണ്. രാമച്ചംവേരു പൊടിച്ച് അര സ്പൂണ്‍ വെള്ളത്തില്‍ ചാലിച്ചു പുരട്ടുക. വെയില്‍ കൊള്ളരുത്. എരിവുള്ളതും സുഗന്ധദ്രവ്യങ്ങള്‍ അടങ്ങിയതുമായ ആഹാരം ഉപേക്ഷിക്കണം.

തലയ്ക്കു പിന്നില്‍, തലവേദന
കടുക്കാത്തോട് പൊടിച്ച് ഒരു ടീസ്പൂണ്‍ വീതം ചൂടുവെള്ളത്തിലോ പാലിലോ ചേര്‍ത്തു സേവിക്കുക. കറ്റാര്‍വാഴ ഇലയ്ക്കകത്തെ മജ്ജ ഉണക്കിപ്പൊടിച്ച് രണ്ടു നുള്ള് പൊടി ഒരു നുള്ള് മഞ്ഞള്‍പൊടിയുമായി ചേര്‍ത്ത് കാല്‍ കപ്പ് വെള്ളത്തില്‍ ലയിപ്പിച്ചു കഴിക്കുക.

വരണ്ട ചുമ
ആടലോടകത്തിന്റെ രണ്ടോ മൂന്നോ തളിരില ഒരു കപ്പ് വെള്ളത്തില്‍ തിളപ്പിച്ചു പകുതിയാക്കി ദിവസേന മൂന്നുനേരം വീതം ഏഴുദിവസം കഴിക്കുക. ആടലോടകം ഇല അരച്ചു കുഴമ്പാക്കിയോ ഉണങ്ങിയ ഇല പൊടിച്ചോ ഒരു ടീസ്പൂണ്‍ എടുത്ത് അര സ്പൂണ്‍ ഇഞ്ചിച്ചാറില്‍ ചേര്‍ത്തു കഴിക്കുക. ദിവസം മൂന്നു നേരം ഇങ്ങനെ സേവിക്കാം. കുരുമുളക്, വെളുത്തുള്ളി എന്നിവ അടങ്ങിയ ഭക്ഷണം ഉത്തമം.

കഫത്തോടുകൂടിയ ചുമ
കറ്റാര്‍വാഴപ്പോളയിലെ മജ്ജ രണ്ടു ടീസ്പൂണ്‍, അര ടീസ്പൂണ്‍ നെയ്യില്‍ വറുത്ത് പഞ്ചസാര ചേര്‍ത്തു മൂന്നു ദിവസം കഴിക്കുക. ചുക്ക്, തിപ്പലി, കുരുമുളക് എന്നിവ തുല്യ അളവില്‍ എടുത്തു പൊടിച്ച് തേന്‍ ചേര്‍ത്തു സൂക്ഷിക്കുക. ഇടയ്ക്കിടെ കുറെശെ തൊണ്ടയില്‍ അലിച്ചിറക്കുക. ഇഞ്ചി ചതച്ചു നീരെടുത്ത് ഓരോ സ്പൂണ്‍ വീതം തേന്‍ ചേര്‍ത്തു മൂന്നു നേരം വീതം ഏഴു ദിവസം കഴിക്കുക.

മലബന്ധം
കറ്റാര്‍വാഴപ്പോളയിലെ മജ്ജ ഉണക്കിപ്പൊടിച്ച് രണ്ടു നുള്ള് എടുത്തു രണ്ടു നുള്ള് മഞ്ഞള്‍പൊടിയുമായി ചേര്‍ത്തു കാല്‍കപ്പ് വെള്ളത്തില്‍ ലയിപ്പിച്ചു മൂന്നോ നാലോ ദിവസം കഴിക്കുക. കടുക്കത്തോട് കഷായം വച്ചു കരിപ്പെട്ടി ചേര്‍ത്ത് ഓരോ കപ്പ് വീതം ഉറങ്ങുന്നതിനു മുന്‍പായി ഒരാഴ്ച സേവിക്കുക. ചീര ഇടിച്ചുപിഴിഞ്ഞു നീരെടുത്ത് ആറ് സ്പൂണ്‍ വീതം കരിപ്പെട്ടി ചേര്‍ത്ത് ഉറങ്ങുന്നതിനു മുന്‍പു കഴിക്കുന്നതും ഗുണംചെയ്യും. കടുക്കത്തോട്, നെല്ലിത്തോട് എന്നിവ 15 ഗ്രാം വീതം പൊടിച്ചെടുത്ത് മൂന്നു ടീസ്പൂണ്‍ പൊടി ചൂടുവെള്ളത്തി ല്‍ ചേര്‍ത്ത് ഉറങ്ങുന്നതിനു മുന്‍പു കുടിക്കുക. ആവണക്കെണ്ണ ഒന്നോ രണ്ടോ ടീസ്പൂണ്‍ പാലില്‍ ചേര്‍ത്ത് ഉറങ്ങുന്നതിനു മുന്‍പു രണ്ടോ മൂന്നോ ദിവസം കുടിക്കുക. ഇവയില്‍ ഏതെങ്കിലും ഒന്നേ ഉപയോഗിക്കാവൂ. പത്തു ദിവസത്തില്‍ കൂടുതല്‍ തുടരുകയും ചെയ്യരുത്. പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളമായി കഴിക്കാം. ഉറക്കമൊഴിയുന്നത് ഒഴിവാക്കുക.

ദഹനക്കേട്
ചെറിയ കഷണം ഇഞ്ചി തൊലി കളഞ്ഞ് ആഹാരത്തിന് അഞ്ചു മിനിറ്റ് മുന്‍പായി സ്വല്‍പം ഉപ്പു ചേര്‍ത്തു കഴിക്കുക. അല്ലെങ്കില്‍ കടുക്കത്തോട് പൊടിച്ചെടുത്തു കരിപ്പെട്ടി ചേര്‍ത്ത് ആഹാരത്തിന് അഞ്ചു മിനിറ്റ് മുന്‍പായി ചവച്ചിറക്കുക. ഏഴു ദിവസം വരെ ചെയ്യാം. ഒരു ടീസ്പൂണ്‍ ഇഞ്ചിച്ചാറും ഒരു ടീസ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്ത് അല്‍പം ഉപ്പും കൂട്ടി ആഹാരത്തിനുശേഷം ദിവസം രണ്ടു നേരം വീതം ഏഴു ദിവസം കഴിക്കുക.

വയറുവേദന
വേപ്പുപട്ട ചെറുകഷണങ്ങളാക്കി ഒരു കപ്പ് ചൂടുവെള്ളത്തില്‍ 15 മിനിറ്റ് ഇട്ടുവയ്ക്കുക. ഒരു കപ്പ് ലായനി രാവിലെയും വൈകിട്ടും വീതം രണ്ടു ദിവസം സേവിക്കുന്നത് വയറെരിച്ചില്‍ ശമിപ്പിക്കും. ഒരു ടീസ്പൂണ്‍ ഇഞ്ചിനീര് തേന്‍ ചേര്‍ത്തു ദിവസം മൂന്നു നേരം എന്ന ക്രമത്തി ല്‍ രണ്ടോ മൂന്നോ ദിവസം കഴിക്കുന്നത് വയറിനു ഭാരം തോന്നുന്നതു ഭേദമാക്കും.

വയറിളക്കം
ഗുരുതരമല്ലാത്ത വയറിളക്കത്തിന് മുത്തങ്ങാക്കിഴങ്ങ് മൊരി കളഞ്ഞ് അരച്ചു മോരില്‍ കലക്കി മൂന്നു നേരം സേവിക്കുക. മഞ്ഞള്‍ അരച്ചു മോരില്‍ ഉപ്പു ചേര്‍ത്തു കഴിക്കുന്നതും ഫലം ചെയ്യും. കറിവേപ്പില അരച്ചു മോരില്‍ കലക്കി വെറും വയറ്റില്‍ കുടിച്ചാലും വയറിളക്കം ശമിക്കും. ചുവന്നുള്ളിയുടെയും ചെറുനാരങ്ങയുടെയും നീര് സമം ചേര്‍ത്തു കഴിക്കാം. കടുംചായയില്‍ ചെറുനാരങ്ങാനീരോ നെയ്യോ ചേര്‍ത്തു കുടിക്കുന്നതും ഉത്തമം. ജാതിക്ക ചുട്ടു പൊടിച്ച് തേനില്‍ ചേര്‍ത്തു സേവിക്കാം.

ശോധനക്കുറവ്
മുന്തിരിങ്ങ പാലില്‍ കുതിര്‍ത്ത് അത്താഴപ്പുറമേ കഴിക്കുക. ഇൌന്തപ്പഴം പാലിലോ വെള്ളത്തിലോ കുതിര്‍ത്തു കശക്കിപ്പിഴിഞ്ഞ് അരിച്ചു കുടിക്കുക. രാവിലെയും വൈകിട്ടും ഒരു ഗ്ലാസ് പച്ചവെള്ളം പതിവായി കുടിക്കുക. ചൂടുപാലില്‍ ചെറുനാരങ്ങാനീര് ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കുടിക്കുക.

ഉദരത്തിലെ വായു
വെളുത്തുള്ളി, ജീരകം, മല്ലി, കുരുമുളക് എന്നിവ പൊടിച്ചിട്ടു തിളപ്പിച്ച വെള്ളം രണ്ടു നേരം സേവിക്കുക. അല്ലെങ്കില്‍ അരക്കപ്പ് വെള്ളത്തില്‍ ഒരു കഷണം കായം അലിയിച്ചു കുടിക്കുക. ജീരകമോ അയമോദകമോ വറുത്തു പൊടിച്ച് തിളപ്പിച്ചു പകുതിയാക്കി കുടിക്കുന്നതും ഗുണം ചെയ്യും. പാലില്‍ വെളുത്തുള്ളി ചതച്ചിട്ടു കാച്ചി അത്താഴത്തിനുശേഷം കുടിക്കുക. പുളിച്ച മോരില്‍ ജീരകം അരച്ചുകലക്കി കുടിച്ചാലും വായുകോപം ശമിക്കും.

കൃമിശല്യം
വേപ്പില ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂണ്‍ വീതം രണ്ടു നേരം എന്ന ക്രമത്തില്‍ ചൂടുവെള്ളത്തിലോ പാലിലോ ഏഴു ദിവസംവരെ കഴിക്കുക. അല്ലെങ്കില്‍ വേപ്പിന്റെ പട്ട കഷായംവച്ച് ആറ് ടീസ്പൂണ്‍ വീതം ദിവസേന രണ്ടു നേരം എന്ന ക്രമത്തില്‍ ഏഴു ദിവസം സേവിക്കുക. എണ്ണമയം കലര്‍ന്നതും പഞ്ചസാര, കരിപ്പെട്ടി മുതലായ മധുരവസ്തുക്കള്‍, തൈര്, ഇവ ഉപേക്ഷിക്കുക.

വായ്പുണ്ണ്
വെളുത്തുള്ളി തേങ്ങാപ്പാലില്‍ അരച്ചു പുരട്ടുക.

തൊണ്ടവേദന
ചൂടുള്ള ഉപ്പുവെള്ളം കവിള്‍ക്കൊള്ളുക, കടുപ്പമുള്ള കട്ടന്‍ചായ കവിള്‍കൊള്ളുക, തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം കവിള്‍കൊള്ളുക എന്നിവയിലേതെങ്കിലും ഒന്ന് ഫലപ്രദമാണ്.

നടുവേദന
ഉലുവ വറുത്തു പൊടിച്ചു കാപ്പിയില്‍ ചേര്‍ത്തു പതിവായി കുടിക്കുക.

പാദം വിണ്ടുകീറല്‍
മൈലാഞ്ചി ഇല അരച്ചു നീരെടുത്ത് പാദത്തിലാകമാനം രാവിലെയും വൈകിട്ടും രോഗം ശമിക്കുംവരെ പുരട്ടുക. ആടലോടകം ഇലയും ശതാവരിക്കിഴങ്ങും അരച്ചു നീരെടുത്തും ഇൌ വിധം ചെയ്യുന്നതു ഗുണം ചെയ്യും.

പൂപ്പല്‍ബാധ
മൈലാഞ്ചി അരച്ച് രോഗമുള്ള ഭാഗങ്ങളില്‍ രാവിലെയും വൈകിട്ടും അഞ്ചോ ആറോ ദിവസം പുരട്ടുക. അല്ലെങ്കില്‍ മുരിങ്ങത്തടി മുറിച്ചു കറയെടുത്ത് വെള്ളത്തില്‍ ചാലിച്ചു പുരട്ടിയാലും മതി. വേപ്പെണ്ണ രാത്രിയില്‍ പുരട്ടി പ്രഭാതത്തില്‍ കഴുകിക്കളയുക. വേപ്പില അരച്ചു കുഴമ്പാക്കി പുരട്ടുന്നതും നല്ലതാണ്. രോഗമുള്ള ഭാഗം ചൂടുവെള്ളംകൊണ്ടു കഴുകി ഉണങ്ങിയ തുണികൊണ്ടു വൃത്തിയാക്കണം.

ചൊറി
വേപ്പില ഉണക്കിപ്പൊടിച്ച് അര ടീസ്പൂണ്‍ വീതം അല്‍പം പഞ്ചസാര ചേര്‍ത്തു ചൂടുവെള്ളത്തില്‍ 10 ദിവസം കുടിച്ചാല്‍ പടരാത്ത ചൊറി ഉണങ്ങും. അല്ലെങ്കില്‍ വേപ്പിന്റെ പട്ട കഷായം വച്ച് അരക്കപ്പ് വീതം പഞ്ചസാര ചേര്‍ത്തു ദിവസം രണ്ടു നേരം ക്രമത്തില്‍ 10 ദിവസം കുടിക്കുക. ഇതേ കഷായം രോഗബാധിതഭാഗത്തു തേച്ചുപിടിപ്പിച്ചതിനുശേഷം 45 മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക. ഏഴു ദിവസം തുടരണം. പടരുന്നതരം ചൊറിയാണെങ്കില്‍, വേപ്പിലയ്ക്കു സമം മഞ്ഞള്‍ ചേര്‍ത്ത് അരച്ചു കടുകെണ്ണയില്‍ കുഴമ്പ് ചാലിച്ച് രോഗബാധിതഭാഗത്തു തേച്ചുപിടിപ്പിച്ചശേഷം 45 മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക. ഏഴു ദിവസം തുടരാം. വേപ്പിന്റെ പട്ട ഉണക്കി കത്തിച്ചു ചാരമെടുത്തു വെളിച്ചെണ്ണയില്‍ ചാലിച്ച് രോഗമുള്ള ഭാഗത്തു പൂശുക.

കണ്ണിലെ ചുവപ്പ്
കരിക്കിന്‍വെള്ളം കൊണ്ടു ധാരചെയ്യുക. തിളയ്ക്കുന്ന വെള്ളത്തില്‍ നാരു നീക്കിയ ചെത്തിപ്പൂവിട്ട് ആറിയശേഷം അരിച്ചെടുത്തു രണ്ടു പ്രാവശ്യം കണ്ണിലൊഴിക്കുക.

ചെങ്കണ്ണ്
ഉണക്ക നെല്ലിക്കാത്തൊണ്ട് മോരു കൂട്ടിയരച്ച് കണ്‍പോളകളുടെ പുറമേ പുരട്ടുക. കീഴാനെല്ലി ചതച്ചു നീരെടുത്ത് മുലപ്പാലില്‍ കലര്‍ത്തി കണ്ണിലൊഴിക്കുക. പച്ചമഞ്ഞളും പുളിയിലയും ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞു കണ്‍പോളകള്‍ വിയര്‍പ്പിക്കുക. ചെറുതേന്‍ കണ്ണിലെഴുതുന്നതും ഉത്തമം.

മൂലക്കുരു
ചുവന്നുള്ളി മുറിച്ചു നെയ്യില്‍ വറുത്ത് ചോറില്‍ കൂട്ടി കഴിക്കുന്നതു മൂലക്കുരു ശമിക്കാന്‍ നല്ലതാണ്. വെള്ള മുള്ളങ്കി അരച്ചു നെയ്യും തേനും ചേര്‍ത്തു കഴിക്കുക.

മൂത്രാശയക്കല്ല്
മുതിര വറുത്ത് വെള്ളത്തിലിട്ടു തിളപ്പിച്ചു ദിവസം പലവട്ടം കഴിക്കുന്നത് മൂത്രാശയക്കല്ല് അലിയിച്ചു കളയാന്‍ സഹായിക്കും.

കൊളസ്റ്ററോള്‍
അഞ്ചോ ആറോ ചുള വെളുത്തുള്ളി അരച്ച്, പാട നീക്കിയശേഷം പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ കൊളസ്റ്ററോള്‍ കുറയും.

. വിവരങ്ങള്‍ക്കു കടപ്പാട്:
കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി

എം.എ. ജോണ്‍സണ്‍ Manoramaonline Ayurveda

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക