.

.

Friday, November 18, 2011

കുളിര്‍ക്കാഴ്ചയായി മീന്‍മുട്ടി

പടിഞ്ഞാറത്തറ: വിനോദ സഞ്ചാരികളുടെ കണ്ണിനും മനസ്സിനും കുളിരേകി മീന്‍മുട്ടി വെള്ളച്ചാട്ടം. ബാണാസുരമലയുടെ മുകളില്‍ നിന്നു പാറമടക്കുകള്‍ക്ക് ഇടയിലൂടെയുള്ള തെളിനീരൊഴുക്കില്‍ നീരാടാന്‍ എത്തിച്ചേരുന്നവരുടെയെണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. ഏറെ പരസ്യപ്പെടുത്തലുകളൊന്നും തന്നെയില്ലാതെ കേട്ടറിഞ്ഞെത്തുന്ന സഞ്ചാരികള്‍ ശരീരവും മനസ്സും തണുപ്പിച്ച് മലയിറങ്ങുന്നു.

കൂറ്റന്‍പാറക്കെട്ടുകള്‍ ഒന്നിനുമേലെ ഒന്നായി അടുക്കിവച്ച, പ്രകൃതിയുടെ കരവിരുത്. ബാണാസുര സാഗര്‍ അണക്കെട്ടിലെത്തുന്ന ഒാരോ സഞ്ചാരിയും ഈ പ്രകൃതിരമണീയമായ മല കയറിയാല്‍ ഒരിക്കലും കാണാത്ത സൌന്ദര്യം നുണയാം. ഇവിടെയുള്ള ട്രക്കിങ്ങാണ് ഏറെ ആസ്വാദ്യകരം. മണ്‍സൂണ്‍ കാലത്തടക്കം വര്‍ഷം മുഴുവനും ഇവിടെ ട്രക്കിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മലയുടെ ഏറ്റവും മുകളിലെത്തിയാല്‍ പ്രകൃതി കനിഞ്ഞരുളിയ വയനാടന്‍ സൌന്ദര്യം ആസ്വദിക്കാന്‍ സാധിക്കും. ഏതാണ്ട് പൂര്‍ണമായും വയനാട് ജില്ലയെയും സമീപജില്ലകളിലെ ചുരുക്കം ചില സ്ഥലങ്ങളും ഇവിടെ നിന്നു കാണാം. കേരള വനംവന്യജീവി വകുപ്പിനു കീഴില്‍ വാരമ്പറ്റ വനസംരക്ഷണ സമിതിയാണ് ഇവിടുത്തെ വിനോദസഞ്ചാരത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്.

ഈ മലയില്‍ നിന്നെത്തുന്ന വെള്ളമാണ് അടിവാരത്തുള്ള ഇരുനൂറോളം കുടുംബങ്ങള്‍ ഉപയോഗിക്കുന്നത്. ഇതു സംരക്ഷിക്കാനായി ഇവിടെ കുടിവെള്ള സംരക്ഷണ സമിതിയുമുണ്ട്. ആദ്യകാലങ്ങളില്‍ ഇവിടെ നിയന്ത്രണമില്ലാതെ സഞ്ചാരികള്‍ മലമുകളില്‍ കയറുന്നത്, ഏറെ അപകടങ്ങള്‍ക്കും കുടിവെള്ളം

മലിനപ്പെടുത്തുന്നതിനും ഇടയാക്കിയിരുന്നു. ഇതിനു പരിഹാരം എന്ന നിലയ്ക്കാണ് 2008ല്‍ ഇവിടെ പരിസ്ഥിതി ടൂറിസം എന്ന ആശയത്തില്‍ ടിക്കറ്റു വച്ച് സഞ്ചാരികളെ നിയന്ത്രിച്ചത്. ഇപ്പോഴിതു സഞ്ചാരികള്‍ക്ക് ഏറെ സൌകര്യപ്രദവും നല്ലൊരു വരുമാന മാര്‍ഗവുമായി മാറിയിരിക്കുകയാണ്.

ഇവിടെയെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനുള്ള സൌകര്യവും ടോയ്ലെറ്റ് സൌകര്യവും ഒരുക്കിയിട്ടുണ്ട്. സഞ്ചാരികളുടെ വര്‍ധനവ് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന ആശങ്കനിലനില്‍ക്കുന്നുണ്ട്. എന്നാല്‍, പരിസ്ഥിതിക്കു കോട്ടം തട്ടാത്തവിധത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

18.11.2011 Manoramaonline wayanad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക