.

.

Thursday, November 17, 2011

കനിവുറവ തേടി

‍തൃശൂര്‍/മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജിലെ മഴവെള്ള സംഭരണി ഏഴു വര്‍ഷമായി രക്ഷകനെ തേടുന്നു. കോളജ് ക്യാംപസിലെ ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ ഗവേഷണം നടത്തി കണ്ടെത്തിയ പദ്ധതി 'കുളമായ കഥയാണ് ഈ വെള്ളമില്ലാ കുളത്തിനു പറയാനുള്ളത്. ഒപ്പം സര്‍ക്കാര്‍ ഖജനാവിലെ ലക്ഷങ്ങള്‍ തുലച്ച കഥയും. കോളജ് ക്യാംപസിലെ ജലക്ഷാമത്തിന് ഒറ്റമൂലിയായാണു മഴവെള്ള സംഭരണിയെന്ന ആശയം പൊട്ടിമുളയ്ക്കുന്നത്.

ക്യാംപസില്‍ പെയ്തിറങ്ങി പാഴാകുന്ന മഴവെള്ളം വലിയൊരു കുളം കുത്തി സംഭരിക്കണം. വലിയ പൈപ്പുകള്‍ സ്ഥാപിച്ച് 250 ഏക്കര്‍ സ്ഥലത്ത് താഴുന്ന മഴവെള്ളം കുളത്തിലെത്തിക്കണം. ജലക്ഷാമം രൂക്ഷമാകുന്ന നാലു മാസങ്ങളില്‍ ഈ ജലം ആശുപത്രിയിലും കോളജിലും ഉപയോഗിക്കാം. ജലക്ഷാമം പരിഹരിക്കാന്‍ വഴിയാലോചിച്ചു വരള്‍ച്ച ബാധിച്ചു തുടങ്ങിയ മനസിനെപോലും കുളിരണിയിക്കാന്‍ പുതിയ ആശയത്തിനു കഴിഞ്ഞു. പദ്ധതിയുടെ നടത്തിപ്പിനു കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍ ഏജന്‍സിയും പുറകെ കോസ്റ്റ് ഫോര്‍ഡും എത്തിയതോടെ പദ്ധതിക്കു വേഗം കൂടി.

കോസ്റ്റ് ഫോര്‍ഡിന്റെ നേതൃത്വത്തില്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചതോടെ ആദ്യം 45 ലക്ഷം രൂപയും പിന്നീടു കലക്ടറുടെ ഫണ്ടില്‍നിന്ന് 86 ലക്ഷം രൂപയും ഒഴുകിയെത്തി. പുതിയ ആശുപത്രി കെട്ടിടത്തിനു പുറകില്‍ കുളം കുഴിക്കലാണ് ആദ്യം നടന്നത്. മുക്കാല്‍ ഏക്കറോളം വരുന്ന സ്ഥലത്ത് 50 അടിയോളം താഴ്ചയിലാണു കുളം കുഴിച്ചത്.

പിന്നീടു സംഭരിക്കുന്ന

വെള്ളം സംരക്ഷിക്കാന്‍ കോണ്‍ക്രീറ്റ് ടൈല്‍സ് ഉപയോഗിച്ചു കുളത്തിനടിയിലും ഓരങ്ങളിലും ബെല്‍റ്റ് സ്ഥാപിക്കുന്ന പ്രവര്‍ത്തനമാണ് അരങ്ങേറിയത്. മഴ പെയ്തു കുളത്തില്‍ വെള്ളം പൊന്തിയതോടെ ബെല്‍റ്റ് പൊട്ടി ടൈലുകള്‍ വെള്ളത്തില്‍ നീന്തിക്കളിക്കാന്‍ തുടങ്ങി. പണി പാളിയതോടെ ചെലവഴിച്ച ലക്ഷങ്ങളത്രയും വെള്ളത്തിലുമായി. കുളം കുത്തിക്കളിച്ചു ലക്ഷങ്ങള്‍ മുടിച്ച വിദഗ്ധരെ പിന്നീട് ഈ വഴിക്കു കണ്ടിട്ടില്ല. നിര്‍മാണ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിച്ചാല്‍ ആര്‍ക്കും ഒന്നും പറയാനുമില്ല.

പാതിവഴിയില്‍ ഉപേക്ഷിച്ച കുളം ഏഴു വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുകയാണ്. പാഴാക്കിയ ലക്ഷങ്ങളുടെ നാലിലൊന്നുണ്ടായാല്‍ വിദഗ്ധര്‍ കളിപ്പാട്ടമാക്കിയ ഈ കുളം പ്രകൃതിദത്ത ജലസ്രോതസാക്കി മാറ്റാം. അത്തരം ഒരിക്കലും വറ്റാത്ത കിണര്‍ ഈ കുളത്തിനു തൊട്ടു സമീപം തന്നെയുണ്ട്. സര്‍ക്കാര്‍ മുറയില്‍ അകപ്പെട്ട് അന്യാധീനപ്പെടുന്ന ഈ ജലസ്രോതസ് ഒരു രക്ഷകനെ തേടുകയാണിപ്പോള്‍. കോടികള്‍ മുടക്കിയുള്ള വികസനവും വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവകാശ തര്‍ക്കങ്ങളും അരങ്ങു തകര്‍ക്കുമ്പോള്‍ ഈ വലിയ ജലസ്രോതസ് വികസിപ്പിക്കാനും ഉപയോഗപ്പെടുത്താനും ആരും തയാറാകുന്നില്ല.

ശുദ്ധജലക്ഷാമ പരിഹാരത്തിനായി ചര്‍ച്ചകളും തീരുമാനങ്ങളും പ്രഖ്യാപനങ്ങളും എല്ലാ വര്‍ഷവും തനിയാവര്‍ത്തനങ്ങള്‍ മാത്രമാകുമ്പോള്‍ മെഡിക്കല്‍ കോളജിന്റെ മടിത്തട്ടില്‍തന്നെയുള്ള ഈ ജലസ്രോതസ് കാണാതെ പോകുകയാണു ബന്ധപ്പെട്ടവര്‍.

17.11.2011 Manoramaonline Thrissur News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക