.

.

Saturday, November 12, 2011

മുത്തങ്ങയില്‍ ട്രക്കിങ് തുടങ്ങി; മനംകുളിര്‍ന്ന് സഞ്ചാരികള്‍

 സുല്‍ത്താന്‍ബത്തേരി: വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥകള്‍കൊണ്ട് സന്ദര്‍ശകരുടെ മനം കവരുന്ന വയനാട് വന്യജീവിസങ്കേതത്തിലെ മുത്തങ്ങയില്‍ ട്രക്കിങ് തുടങ്ങി. വനപാതയില്‍ ആദ്യ ട്രക്കിങ്ങിനെത്തിയത് രണ്ടു വിദേശസന്ദര്‍ശകരും. തിരിച്ചെത്തുമ്പോള്‍ അവരുടെ മനസ്സ് നിറയെ സന്തോഷം. ഏറെ വന്യജീവികളെ കണ്ടു. വയനാടന്‍ വനത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കുകയും ചെയ്തു.

മുത്തങ്ങയില്‍ ട്രക്കിങ് നിര്‍ത്തിവെച്ചിരുന്നതിനാല്‍ സാഹസിക വിനോദസഞ്ചാരികള്‍ക്ക് മറ്റ് വന്യജീവി സങ്കേതങ്ങളായിരുന്നു ആശ്രയം. എന്നാല്‍, ജീപ്പ് സവാരി തുടര്‍ന്നിരുന്നു. ഇതിനും അടുത്തകാലത്തായി നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 40 ജീപ്പുകള്‍ക്കും വൈകുന്നേരം 20 ജീപ്പുകള്‍ക്കുമായി യാത്ര പരിമിതപ്പെടുത്തി.

ആറുമണിക്കൂര്‍ വനപാതയില്‍ക്കൂടി നടന്ന് തിരിച്ചെത്തിയ വിദേശികള്‍ അടുത്തുതന്നെ തിരിച്ചുവരുമെന്നു പറഞ്ഞാണ് മുത്തങ്ങ വിട്ടതെന്ന് വനപാലകര്‍ പറഞ്ഞു. ഈ വര്‍ഷം കാലവര്‍ഷവും തുലാവര്‍ഷവും ഏറെ അനുഗ്രഹിച്ചതിനാല്‍ വയനാടന്‍ കാടുകളിലെ പച്ചപ്പും വെള്ളവും വന്യജീവികളുടെ വരവിന് ആക്കംകൂട്ടി. വയനാട് വന്യജീവി സങ്കേതത്തോടു ചേര്‍ന്നുകിടക്കുന്ന മുതുമലയില്‍നിന്നും ബന്ദിപ്പൂരില്‍നിന്നും വന്യജീവികളുടെ വരവും തുടങ്ങി. മുത്തങ്ങയില്‍ എത്തുന്ന ജീപ്പ് സവാരിക്കാര്‍ മിക്ക ദിവസവും കടുവകള്‍ അടക്കമുള്ള വന്യജീവികളെ കാണുന്നുണ്ടെന്ന് ഒപ്പംപോകുന്ന ആദിവാസികള്‍ പറയുന്നു. സാധാരണകടുവകളെ കാണുക അപൂര്‍വമാണ്.

കാലാവസ്ഥയില്‍ മാറ്റം വന്നുതുടങ്ങിയതോടെ സഞ്ചാരികളുടെ വരവുംകൂടി. കടുവ സങ്കേതങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ തീരുമാനവും വയനാട് വന്യജീവിസങ്കേതത്തിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കിന് ആക്കം കൂട്ടും. എന്നാല്‍, പരിസ്ഥിതിക്കും വന്യജീവികളുടെ സഞ്ചാരത്തിനും തടസ്സം വരുന്ന രീതിയിലുള്ള സന്ദര്‍ശനത്തെ നിയന്ത്രിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. സന്ദര്‍ശകരുടെ വരവുകൂടുകയും തിരക്ക് വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ട്രക്കിങ്ങിനും ജീപ്പ് സവാരിക്കും മുന്‍കൂര്‍ പണമടച്ച് ബുക്ക് ചെയ്യാനുള്ള സൗകര്യവും മുത്തങ്ങയില്‍ ഏര്‍പ്പെടുത്തി. ഒരു വര്‍ഷത്തിനുള്ളില്‍ ഏതുദിവസവും ബുക്ക് ചെയ്യാം.

Posted on: 12 Nov 2011 Mathrubhumi wayanad news 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക