.

.

Tuesday, November 15, 2011

ടൂറിസ്റ്റുകള്‍ മറക്കാത്ത ഇടക്കല്‍പാറ

അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രമായ കോവളം തീരത്തെ ഇടക്കല്‍ പാറ സമ്പന്നമായ കടല്‍വിഭവങ്ങളാല്‍ സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. മൂന്ന് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ പാറയില്‍ ചിപ്പി, ശംഖ്, കടല്‍ച്ചേന, ഞണ്ട് തുടങ്ങിയവ ധാരാളമായി കാണുന്നതിനാല്‍ ഇവിടേക്കുള്ള സ്വദേശ, വിദേശ സഞ്ചാരികളുടെ തിരക്കും വര്‍ധിക്കുകയാണ്. മത്സ്യമാര്‍ക്കറ്റില്‍ ഏറെ വിലമതിക്കുന്ന വിഭവങ്ങള്‍ പാറക്കെട്ടില്‍ സമൃദ്ധമായി കാണുന്നു. വര്‍ഷങ്ങളായി ഇത്തരം വിഭവങ്ങളുടെ സാന്നിധ്യം ഇടക്കല്‍ പാറയുടെ ഒരു പ്രത്യേകതയായി ഇവിടത്തെ നാട്ടുകാര്‍ പറയുന്നു.

ബീച്ചിന്റെ രണ്ടുവശങ്ങളും ഭംഗിയായി കാണാന്‍ കഴിയുന്നതിനാല്‍ കോവളത്തെ ലൈഫ് ഗാര്‍ഡ് സ്റ്റേഷനും ഈ പാറക്കെട്ടിലാണ് നിര്‍മിച്ചിരിക്കുന്നത്. കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള കേന്ദ്രീകൃത സ്ഥാനവും ഇതേ പാറക്കെട്ടാണ്. കൈതച്ചെടിയും കള്ളിമുള്‍ച്ചെടികളും വിവിധ കടല്‍സസ്യങ്ങളും നിറഞ്ഞ പാറക്കെട്ടിലിരുന്ന് സൂര്യാസ്തമനം ആസ്വദിക്കാന്‍ വൈകുന്നേരങ്ങളില്‍ സഞ്ചാരികളുടെ നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.

വര്‍ധിച്ചുവരുന്ന സഞ്ചാരികളുടെ തിരക്ക് പരിഗണിച്ച് പാറയില്‍ നവീകരണനിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ടൂറിസം വകപ്പും സര്‍ക്കാരും തീരുമാനിച്ചിരിക്കുകയാണ്. ഇടക്കല്‍ പാറയിലെത്തുന്ന സഞ്ചാരികള്‍ക്ക് പാറക്കെട്ടിലിരുന്ന് സൂര്യസ്‌നാനം ചെയ്യുന്നതിനായി ഇരിപ്പിടങ്ങള്‍ നിര്‍മിക്കാനും അപകടങ്ങളൊഴിവാക്കാന്‍ പാറയ്ക്ക് ചുറ്റും സുരക്ഷാവേലി നിര്‍മിക്കുന്നതിനും ചെടികള്‍ വെച്ച് പിടിപ്പിച്ച് ഇവിടം കൂടുതല്‍ മനോഹരമാക്കാനും ടൂറിസം വകുപ്പ് പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. കോവളം പ്ലാസ്റ്റിക് വിമുക്തമേഖലയാക്കാനുള്ള തീരുമാനം ഉള്‍പ്പെടെയുള്ള കോവളം വികസനപദ്ധതിയുടെ ഉദ്ഘാടനം ഉടനടി നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.

Posted on: 15 Nov 2011 Mathrubhumi Thiruvananthapuram News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക