.

.

Wednesday, November 16, 2011

രക്ഷയില്ല മീനുകള്‍ക്കും

മല്‍സ്യങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നുണ്ട്. ഇന്റര്‍നാഷനല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (IUCN) സെപ്റ്റംബര്‍ 2011 നു പുറത്തുവിട്ട രേഖ പ്രകാരം പശ്ചിമഘട്ടത്തിലെ 97 ഇനം വംശനാശ ഭീഷണി നേരിടുന്നവയാണ്. ഇതില്‍ 38 ഇനം കേരളത്തിലും കാണപ്പെടുന്നു.എട്ട് എണ്ണംവംശനാശത്തിന്റെ വക്കിലാണ്.
ഈ സ്ഥിതിക്കു കാരണം നമ്മുടെ വിവേകമില്ലാത്ത പ്രവൃത്തികളാണ്. വംശനാശ ഭീഷണിക്കു കാരണങ്ങള്‍ പലതാണ്.
മലിനീകരണം: വ്യവസായശാലകളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നുമുള്ള രാസികവും അല്ലാത്തതുമായ എല്ലാ മാലിന്യങ്ങളുടെയും കുപ്പത്തൊട്ടിയാണ് നദികള്‍ ഇന്ന്. കൃഷിയിടങ്ങളില്‍ തളിക്കുന്ന വിഷങ്ങളോരോന്നും ഉൌര്‍ന്നിറങ്ങുന്നത് തണ്ണീര്‍ തടത്തിലേക്കോ നദിയിലേക്കോ ആണ്. ഹരിത വിപ്ലവകാലത്ത് ഉല്‍പാദനം കൂടുവാന്‍വേണ്ടി തളിച്ച മരുന്നുകള്‍ മല്‍സ്യങ്ങളെ നെല്‍പാടങ്ങളില്‍ കൊന്നൊടുക്കി. നെല്‍ക്കണ്ടങ്ങളില്‍നിന്നു മീന്‍പിടിച്ച ഒരു തലമുറ ഇന്നുമുണ്ട്. 1980 വരെ വ്യാപകമായ വിഷപ്രയോഗംമൂലം പാടങ്ങളിലും തോടുകളിലും മല്‍സ്യങ്ങള്‍ ചത്തുപൊങ്ങുന്നതു പതിവു കാഴ്ചയായിരുന്നു.

മണല്‍ വാരല്‍: മണല്‍വാരല്‍ മൂലം പുഴയുടെ ആഴം വര്‍ധിക്കുകയും ഉപ്പുവെള്ളം കയറുകയും ചെയ്യുന്നു. ശുദ്ധജലമല്‍സ്യങ്ങള്‍ക്ക് ഉപ്പുജലത്തിന്റെ അംശമോ പരിധിവിട്ടുള്ള വര്‍ധനയോ താങ്ങാവുന്നതല്ല. ഇതുമൂലം ഇടനാട്ടില്‍ വരെ ശുദ്ധജല മല്‍സ്യങ്ങളുടെ കുറവു രേഖപ്പെടുത്തിയിട്ടുണ്ട്. പെരിയാറിലും പമ്പയിലും മണലൂറ്റലിന്റെ ആധിക്യംമൂലം പല മല്‍സ്യങ്ങളും അപ്രത്യക്ഷമായെന്ന് സമീപവാസികള്‍ പറയുന്നു. മണലൂറ്റുമൂലം പുഴയുടെ സ്വാഭാവവും ഒഴുക്കും മാറുന്നതുകൊണ്ട് പല മല്‍സ്യങ്ങള്‍ക്കും ആ ആവാസവ്യവസ്ഥ അനുയോജ്യമല്ലാതെ വരുന്നു.

കൈ നനയാതെ മീന്‍ പിടിച്ചാല്‍...

സന്തുലിത വിഭവ വിനിയോഗത്തിന് (Sustainable utilizatio) ഉത്തമ ഉദാഹരണമാണ് മുന്‍കാലങ്ങളിലെ മല്‍സ്യബന്ധനവും അതിന്റെ രീതികളും. ആവശ്യത്തിനു മാത്രമെടുത്ത് നാളേയ്ക്ക് വേണ്ടി നിലനിര്‍ത്തുന്ന വിഭവവിനിയോഗ രീതി എന്നേ അന്യം നിന്നിരിക്കുന്നു. ഏകഇഴ വലകള്‍, വൈദ്യുതി, തോട്ട മുതലായവ ഉപയോഗിച്ചുള്ള മല്‍സ്യബന്ധനം, വിഷം കലക്കിയുള്ള മല്‍സ്യബന്ധനം എന്നിവ മല്‍സ്യങ്ങളെ മാത്രമല്ല, ആവാസ വ്യവസ്ഥയിലെ ജൈവ വൈവിധ്യത്തെ ആകെ തുടച്ചുനീക്കുന്നു. മല്‍സ്യക്കുഞ്ഞുങ്ങള്‍ നശിപ്പിക്കപ്പെടുന്നു.

ഡോ.സി.പി. ഷാജി Manoramaonline Environment Life

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക