.

.

Tuesday, November 22, 2011

പ്ളാസ്റ്റിക് ബാഗില്‍ മാലിന്യം തള്ളിയാല്‍ ശിക്ഷ

കൊച്ചി: വഴിവക്കിലും പൊതുസ്ഥലത്തും പ്ളാസ്റ്റിക് ക്യാരിബാഗിലും ജീര്‍ണിക്കാത്ത കവറുകളിലും മാലിന്യം തള്ളുന്നതു ഹൈക്കോടതി നിരോധിച്ചു. ആരെങ്കിലും ഇങ്ങനെ ചെയ്യുന്നതുകണ്ടാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും മുനിസിപ്പാലിറ്റി നിയമത്തിലെയും വ്യവസ്ഥകള്‍ അനുസരിച്ചു പ്രോസിക്യൂഷന്‍ നടപടിയെടുക്കണം. കുറ്റക്കാരെ കണ്ടെത്താന്‍ നഗരപ്രദേശങ്ങളില്‍ പട്രോളിങ് ഏര്‍പ്പെടുത്താന്‍ ഡിജിപി പൊലീസിനു നിര്‍ദേശം നല്‍കണം.

വീടുകളിലും ആശുപത്രികളിലും ഹോട്ടലുകളിലും നിന്നു മാലിന്യങ്ങള്‍ അഴുകാത്ത കവറുകളില്‍ വലിച്ചെറിയുന്നതു തടയുക മാത്രമാണു ജനത്തിനു രക്ഷയെന്നു കോടതി പറഞ്ഞു. നഗരസഭയും മുനിസിപ്പാലിറ്റിയും മാലിന്യം നിക്ഷേപിക്കാന്‍ മാലിന്യതൊട്ടികള്‍ സ്ഥാപിക്കുകയോ പ്ലാസ്റ്റിക് കവറിലല്ലാതെ മാലിന്യം ശേഖരിക്കാന്‍ സൌകര്യമൊരുക്കുകയോ ചെയ്യുകയും, ഇതു യഥാസമയം നീക്കംചെയ്തു സംസ്കരിക്കുകയും വേണം.

പ്ലാസ്റ്റിക് ബാഗിലും മറ്റും നിറച്ച മാലിന്യങ്ങള്‍ ശേഖരിക്കരുതെന്നു മുനിസിപ്പല്‍ അധികാരികള്‍ക്കും ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. മുനിസിപ്പാലിറ്റി നല്‍കുന്ന ബക്കറ്റിലേ ശേഖരിക്കാവൂ. പ്ലാസ്റ്റിക് ഉള്‍പ്പെടെ ജീര്‍ണിക്കാത്ത മാലിന്യങ്ങള്‍ പുനരുപയോഗത്തിനും ശാസ്ത്രീയ സംസ്കരണത്തിനുമായി വേര്‍തിരിച്ചു ശേഖരിക്കണം. രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു കോടതി നിര്‍ദേശിച്ചു.

വീട്ടുമാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും നിര്‍ദേശം

നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള ഫെഡറേഷന്‍ ഓഫ് വിമന്‍ ലോയേഴ്സ് സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് പി.എസ്. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. റോഡരികിലും മറ്റു പൊതുസ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്നതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ തടയണമെന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

പ്ളാസ്റ്റിക് ബാഗില്‍ കെട്ടി വഴിവക്കിലേക്കും പൊതുസ്ഥലത്തേക്കും വീട്ടുമാലിന്യങ്ങള്‍ വലിച്ചെറിയുകയാണെന്നതില്‍ തര്‍ക്കമില്ലെന്നു കോടതി പറഞ്ഞു. പച്ചക്കറി, മീന്‍, ഇറച്ചിവില്‍പനക്കാര്‍ ഉപയോഗിക്കുന്ന തരംതാണ ക്യാരി ബാഗുകളിലാണ് അടുക്കള മാലിന്യം റോഡില്‍ തള്ളുന്നത്. ഈ മാലിന്യം അന്തരീക്ഷവും ഭൂഗര്‍ഭജലവും മലിനമാക്കുകയാണ്. മലിനജലം കുടിച്ച് കുടലിനും കരളിനും രോഗങ്ങള്‍ ഉണ്ടാകുന്നതു ദിവസേനയെന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് ബാഗില്‍ മാലിന്യം വലിച്ചെറിയുന്നതിനെക്കുറിച്ചു വിവരം കിട്ടുന്ന ആര്‍ക്കും പൊലീസില്‍ പരാതി നല്‍കാം. പരാതി കിട്ടിയാല്‍ പൊലീസ് നടപടിയെടുക്കണം.

ഫ്ലാറ്റുകളില്‍ ഉള്‍പ്പെടെ മാലിന്യസംസ്കരണ സംവിധാനമൊരുക്കാന്‍ ഖരമാലിന്യ കൈകാര്യചട്ടങ്ങളില്‍ വ്യവസ്ഥയുണ്ടെന്നു കോര്‍പറേഷന്റെയും സര്‍ക്കാരിന്റെയും അഭിഭാഷകര്‍ അറിയിച്ചു. സ്ഥലപരിമിതിയും താല്‍പര്യമില്ലായ്മയും മൂലം ജനം മാലിന്യം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു വഴിയിലെറിയുകയാണ്. ഇതു മൂലമുള്ള മലിനീകരണമോ ആരോഗ്യപ്രശ്നമോ ആരും കണക്കിലെടുക്കുന്നില്ല.

ചില സ്ഥലങ്ങളില്‍ മാലിന്യശേഖരണത്തിനും പൊതുയാര്‍ഡില്‍ നിക്ഷേപത്തിനും മുനിസിപ്പാലിറ്റിയുടെ സംവിധാനമുണ്ട്. എന്നാല്‍ ഇവിടെയും പ്ലാസ്റ്റിക് ബാഗില്‍ തന്നെയാണു മാലിന്യം സമാഹരിക്കുന്നത്. ഇതു വന്‍തോതില്‍ മലിനീകരണത്തിനു കാരണമാകുകയാണ്- കോടതി അഭിപ്രായപ്പെട്ടു. ഈ പ്രശ്നത്തില്‍ സമഗ്ര നിയമനിര്‍മാണം പരിഗണനയിലാണെന്നു സര്‍ക്കാര്‍ അറിയിച്ചു. കോടതിവിധി മുന്‍നിര്‍ത്തി നിയമനിര്‍മാണം നടത്താവുന്നതാണെന്നും മാലിന്യശേഖരണത്തിനു ഫണ്ട് കണ്ടെത്താന്‍ ഫീസ് ചുമത്തുന്ന കാര്യം പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

പൊലീസിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഉടന്‍ നടപടിക്കായി കോടതിവിധിയുടെ പകര്‍പ്പ് സര്‍ക്കാരിനും ഡിജിപിക്കും അയച്ചു നല്‍കണമെന്നും പ്രത്യേക നിര്‍ദേശമുണ്ട്. പ്ളാസ്റ്റിക് ക്യാരിബാഗിന്റെ നിരോധനം ഭയന്ന് പ്ളാസ്റ്റിക് നിര്‍മാതാക്കളും വിതരണക്കാരും കേസില്‍ കക്ഷിചേരാനെത്തിയിരുന്നു. ക്യാരിബാഗില്‍ പായ്ക്കിങ്ങും വില്‍പനയും നിരോധിക്കുന്ന കാര്യം അന്തിമവാദം കേട്ട ശേഷമേ പരിഗണിക്കൂ എന്നു കോടതി വ്യക്തമാക്കി.

പക്ഷികളിലെ വന്ധ്യതയ്ക്ക് പിന്നില്‍ മാലിന്യമോ?
കൊച്ചി: ചീഞ്ഞഴുകിയ മാലിന്യവും മറ്റും അകത്താക്കുന്നതുമൂലം കേരളത്തില്‍ പക്ഷികളുടെ എണ്ണത്തില്‍ കുറവുണ്ടോ, പക്ഷികളില്‍ വന്ധ്യതയ്ക്കു കാരണമാകുന്നുണ്ടോ എന്നു പഠനം നടത്തേണ്ടതാണെന്നു ഹൈക്കോടതി. ചീഞ്ഞഴുകിയ മാലിന്യങ്ങള്‍ തിന്നുന്ന പക്ഷികളും മൃഗങ്ങളും ചത്തൊടുങ്ങുകയോ രോഗബാധിതമാകുകയോ ചെയ്യുന്നുണ്ട്. വിഷമയമായ സാധനങ്ങള്‍ തിന്നു മുംബൈയില്‍ കഴുകന്മാര്‍ ചത്തൊടുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.

പ്ലാസ്റ്റിക് കവറില്‍ പൊതിയാതെ മാലിന്യം വെറുതെ ചൊരിഞ്ഞാല്‍പോലും ചീഞ്ഞഴുകുംമുന്‍പു മൃഗങ്ങളും കാക്കകളും അതു തിന്നു പരിസരം വൃത്തിയാക്കുമെന്നെങ്കിലും പ്രതീക്ഷിക്കാം. എന്നാല്‍ പ്ലാസ്റ്റിക്കിലും അഴുകാത്ത മറ്റു കവറുകളിലും പൊതിഞ്ഞ് മാലിന്യം വലിച്ചെറിയുന്നതു മനുഷ്യനെന്നപോലെ മറ്റു ജീവജാലങ്ങള്‍ക്കും അപകടകരമാണ്. ഈ വിപത്തു പൂര്‍ണമായി തടയണം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുകവലി നിരോധനം നടപ്പാക്കിയപോലെ പൊലീസും സര്‍ക്കാരും ഇൌ വിധി നടപ്പാക്കണമെന്നു കോടതി പറഞ്ഞു.

22.11.2011 Manoramaonline Eranamkulam News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക